* സ്വാതന്ത്ര്യത്തിന്റെ പര്യായപദങ്ങൾ *
“സ്വാതന്ത്ര്യത്തിന് രണ്ടു പര്യായങ്ങൾ പറയമ്മേ”
ഹോംവർക്കിനിടയിലെ രണ്ടാം തരക്കാരിയുടെ ആവശ്യമാണ്.
അടുപ്പിൽ തിളയ്ക്കുന്ന സാമ്പാറിലേക്കും
ഒക്കത്തെ മോൾടെ കണ്ണിലെ നനവിലേക്കും
സുനാമിയായി വിഴുങ്ങാൻ
വിജ്രുംഭിച്ചു നിൽക്കുന്ന ഇരുട്ടിലേക്കും നോക്കി.
ഒരു പതർച്ച.
സ്വാതന്ത്ര്യത്തിന്റ്റെ പൊരുൾ തേടി
ഈ രാത്രി എവിടേയ്ക്കു പോകാനാണ്?
വായിച്ചു മറന്ന കവിതകളിൽ
കേട്ടു മരവിച്ച ക്ലീഷേകളിൽ
വിഷപ്പുക വിഴുങ്ങി മരിച്ചവരുടെ സ്വപ്നങ്ങളിൽ
ചരിത്രത്തിന്റെ കുഴിമാടങ്ങളിൽ
പഴയ നോട്ടുപുസ്തകങ്ങളിൽ കുറിച്ചിട്ട മഹദ്വചനങ്ങളിൽ
വരികൾക്കിടയിൽ ഫോസിലുകളാക്കപ്പെട്ട നാനാർഥങ്ങളിൽ
എവിടെയാണ് ചികയേണ്ടത്?
ഉഷ്ണജീവിതത്തോട് കലഹിച്ച്
കുടുംബം വെടിഞ്ഞ ഗൗതമന്റെ പുഞ്ചിരിയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ മുഖഛായയാണ് എന്ന് തോന്നാറുണ്ട്.
"അതിന് അമ്മ കണ്ടിട്ടുണ്ടോ ഈ ഗൗതമനെ?
അല്ലെങ്കിൽ മുത്തശ്ശനെങ്കിലും ...."
എന്ന ചോദ്യത്തിന് എന്താണ്‍ ഉത്തരം?
വേണ്ട.
കവിയെപ്പോലെ
വിശക്കുന്നവന് അപ്പവും
തണുത്തു വിറയ്ക്കുന്നവന്
പുതപ്പും സ്വാതന്ത്ര്യത്തിന്റെ
പര്യായങ്ങളാണ് എന്നൊക്കെ പറഞ്ഞാലോ!
അതവൾക്കു മനസിലാവുമോ!
വിരൽവേരുകൾ വളർന്നിറങ്ങി
ഭിത്തി വിണ്ടു കീറിയ മൂത്രപ്പുരയിൽ നിന്നും
ചങ്ക് കീറി കുതറി പൊങ്ങുന്ന
ഒരു നിലവിളിയാണ് സ്വാതന്ത്ര്യം എന്നായാലോ?!
വേണ്ട - വെറും കുഞ്ഞാണവൾ.
ചോരയും വിയർപ്പും വെറുപ്പും കയ്പ്പുനീരും കലരാത്ത
പര്യായങ്ങളൊന്നും ഇല്ലെന്നാണോ?
മുത്തശ്ശി കഥകളുടെ നൈർമല്യമുള്ള ഒരെണ്ണം.
മരുന്നിന്?
“അമ്മേ! പര്യായം!!”
മനസിനു മുകളിൽ
പുഞ്ചിരിപ്പുതപ്പിട്ടു.
അവള്‍ കാണണ്ട.
“ഇല്ല മോളേ, സ്വാതന്ത്ര്യത്തിന് പര്യായ പദങ്ങളില്ല.”