Tuesday, July 5, 2016

ജീവിതയാത്രയുടെ വെയിലിടങ്ങളിൽ ഓർമ്മകളുടെ പൂക്കാലമാണ് പെരുന്നാൾ....

പടിയിറങ്ങിയവരോട്,
അവരുടെ സ്വപ്നങ്ങളോട് ചേർന്നു നിൽക്കുമ്പോൾ
സന്തോഷത്തിന്റെ നിമിഷങ്ങളിലൊക്കെ അവരൊരു പൂക്കാലമാകും.
നമ്മുടെ വെയിൽവഴികളിലേക്ക് സ്നേഹം വസന്തമായി കൊഴിഞ്ഞു വീഴും.
കൂടെ നടന്ന വഴിയോരങ്ങളിൽ...
ചേർത്തു പിടിച്ച നിസ്‌ക്കാരപ്പായയിൽ...
ചേർന്നിരുന്നുണ്ട പെരുന്നാളുച്ചകളിൽ...
കാലം ഓർമ്മകളെ കുടഞ്ഞിടും.
സന്തോഷിക്കുന്ന നിമിഷങ്ങളിലൊക്കെ അദൃശ്യമായി അവർ നമ്മോടൊപ്പം ചേരും,
ചിരിയ്ക്കും,
സന്തോഷിയ്ക്കും.
ആ സന്തോഷങ്ങളിലേക്ക്,
പടിയിറങ്ങിയ പ്രിയപ്പെട്ടവരിലേക്ക് ഈ പെരുന്നാളിനെ ഞാൻ ചേർത്തു വയ്ക്കുന്നു.... 
----------------------------------


മുപ്പതു ദിവസമില്ലാതിരുന്ന ക്ഷീണം,
അന്നാണ് വന്നു കേറുക...!! 

അടുക്കളയിൽ പാത്രങ്ങളൊക്കെ ഒച്ച കൂട്ടുന്നുണ്ടാവും...
കടുക് വറക്കുന്ന മണം കിടന്നു കറങ്ങുന്നുണ്ടാവും....


ഏഴുമണിയ്‌ക്കെന്നു പറഞ്ഞാൽ,
കൃത്യം ഏഴുമണിയ്ക്ക് നിസ്കാരം തുടങ്ങും.
അതോണ്ട് വിസ്തരിച്ച് കുളിക്കാനൊന്നും കഴിയാറില്ല

തലേന്ന് രാത്രിയിലാണ് വാങ്ങുക. 
ബഹളത്തിനിടയ്ക്ക് ഏതെങ്കിലും ഒന്നെടുത്ത് കാശും കൊടുത്തിറങ്ങും.

നടന്ന് പോകാനുള്ള ദൂരമായതുകൊണ്ടല്ല.
ബൈക്ക് മറ്റാരെങ്കിലും കൊണ്ട് പോയിട്ടുണ്ടാവും

എത്ര തക്ബീര് ചൊല്ലി എന്ന് പടച്ചോന് മാത്രം അറിയാം.... 

മനസ്സപ്പോൾ വീട്ടിലെത്തുന്ന വിരുന്നുകാരിലോ, 
അടുക്കളയിലെ ബിരിയാണിപ്പാത്രത്തിലോ ആയിരിക്കും.

പെരുന്നാളോർമ്മകളിൽ ഏറ്റവും ഹൃദ്യമായത്...

അഞ്ചുനേരം കൃത്യമായി എല്ലാ ദിവസവും പോകുന്നവര് പോലും,
അന്നൊരു ദിവസം അങ്ങനാണ്....

അവരൊക്കെയെവിടെയാണെന്ന്....
എന്ത് ചെയ്യുകയാണെന്ന്......
ഇനിയെന്നാണെന്ന്..... 

കയ്യിലപ്പോൾ,
എന്നോ പറ്റിയ നനഞ്ഞ മണ്ണ് മണക്കും...

'എന്തു പറ്റി...?' എന്ന് ചോദിക്കും...

'ഒന്നുമില്ല' എന്ന് കള്ളം പറയും....

ചോപ്പും,
മഞ്ഞയും,
വെള്ളയും,
നീലയും വിരിഞ്ഞ് വിടർന്നു നിൽക്കും......

മൈലാഞ്ചിച്ചെടികളും,
ചന്ദനവും ഓർമ്മകളെ കുടഞ്ഞിടും......

"അങ്ങനങ്ങ് പോകാൻ പറ്റുവോ,
ഞാൻ കൂടെയില്ലേ എപ്പോഴും...??" എന്ന് ചോദിക്കും.

കൂടെ നിന്നവർക്കൊന്നും,
അങ്ങനെയങ്ങ് പോകാൻ കഴിയില്ലെന്ന്
കാറ്റും,
കടലും,
കരയും,

മഴയും,
മഞ്ഞും,
ആകാശോം,
നക്ഷത്രങ്ങളും പറയും. 

അങ്ങനെ,
കൂടെയുണ്ടായിരുന്നവരുടെ കൂടെ നിന്ന് 
ലോകത്തോടൊപ്പം നമ്മളുറക്കെ പറയും...

ഈദ് മുബാറക്ക്.....
--------------------------
നന്ദി,
സ്നേഹം....
നീ വരയ്ക്കുമ്പോഴാണ് ഞാനേറ്റവും സന്തോഷിക്കുന്നത് എന്ന വാക്കിന്....
ഖബറുകൾക്കരികിൽ പൂന്തോട്ടമൊരുക്കേണ്ടേ എന്നു പറഞ്ഞ സൗഹൃദത്തിന്....
ജീവിതത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ഇറങ്ങിപ്പോയിട്ടും,
ഓർമ്മകളിൽ വസന്തമാകുന്നവർക്ക്....
പിന്നെ,
പ്രിയപ്പെട്ട എല്ലാവർക്കും....
ഈദ് മുബാറക്ക്....

നമ്മളെത്തും മുന്നേ...


നമ്മളെത്തും മുന്നേ
ഒരു കാറ്റു വരും...
തണലുകളെ കൊഴിച്ചിടും...

തിരികെപ്പോരാനൊരുങ്ങുമ്പോ 
ഒരു കാറ്റു വീശും...
കൂടെയൊരു കുഞ്ഞാകാശം
പറന്നു വരും...
നമ്മളതിനെ
'കോട'യെന്നോ, മഞ്ഞെന്നോ വിളിക്കും...

അപ്പോഴുണ്ട്,
ആകാശത്തിനിടയ്ക്ക് കൂടി
ഒരു കുഞ്ഞു വെട്ടം വരും...
ജീവിതമാണെന്ന്,
ഒരിക്കലേയുള്ളെന്ന്,
ഒരു ശ്വാസത്തിനപ്പുറം തീർന്നു പോവുംന്ന്
ഓർമ്മപ്പെടുത്തും...

നമ്മുടെ പിണക്കങ്ങളെ,
സങ്കടങ്ങളെ,
മിണ്ടാതിരിക്കലുകളെ,
ഒച്ച കൂടലുകളെ...
പ്രണയമെന്നു തിരുത്തും....

നോക്കി നിൽക്കെ,
ലോകം ചുരുങ്ങിച്ചുരുങ്ങി
രണ്ടു പേരിലേക്കൊതുങ്ങും...!!!

Saturday, July 2, 2016

അന്ന്...


ഇതുവരെ പോയിട്ടില്ലാത്തിടത്ത്,
ദൂരെയെവിടെയോ ഒരു മൊട്ടക്കുന്നുണ്ട്.
ആരും പോകാനില്ലാതെ,
അത്രമേൽ അനാഥമായത്...
ജീവിതത്തീന്ന്
ഇറങ്ങിയോടാൻ തോന്നുമ്പോഴൊക്കെ
അവിടൊരു മഴ പെയ്യും.
വെന്ത മണ്ണിനെ നനയ്ക്കും,
പച്ചകൊണ്ട് പുതയ്ക്കും,
വെള്ളയും,
ചോപ്പും,
മഞ്ഞയും
പൂക്കൾ നിറയ്ക്കും,
ഒരു വാൻഗോഗ് പെയിന്റിംഗ് പോലെ
ആ കുന്നവിടെ എന്നെക്കാത്തു കിടക്കും...

എനിക്കൊരു ദിവസം വരും...
അന്ന്,
ഞാനെന്നെ
അവിടെക്കൊണ്ടു മറന്നു വയ്ക്കും...!!! 

Friday, July 1, 2016

വര..... വീഡിയോ.......


സ്വന്തം ഫോണിലാണ് വീഡിയോ പിടിച്ചത്.
ചാർജ്ജിലിട്ടുകൊണ്ട് മാത്രമേ അത് വർക്ക് ചെയ്യൂ എന്നതിന്റെ ചില പരിമിതികളുണ്ട്. 

വീഡിയോ പിടിച്ചതും, 

എഡിറ്റിംഗുമെല്ലാം സ്വന്തമാണ്. 

അഥവാ,
ആസ്വദിച്ചു,
പരീക്ഷിച്ച്,
മെനക്കെട്ടതിന്റെ ബാക്കിയാണിത്.

-------------------------------
ജാമ്യം: ഇടയ്ക്കിടെ പല പൊസിഷനുകളിൽ ക്യാമറ വയ്ക്കാൻ എണീറ്റോണ്ട് ചില കുഞ്ഞു പ്രശ്നങ്ങൾ വന്നിട്ടുണ്ട്.  

വര..... വീഡിയോ.....

വര.....
വീഡിയോ.....
എഡിററിംഗ്....
സംഗതി രസാണ്...... :) 

ഇങ്ങനെയൊക്കെയാണ്...


അങ്ങനെയിരിക്കെ,
അവിചാരിതമായി ഒരു വസന്തം വരും....

വഴക്കും,
നിശ്ശബ്ദതയും
പറയാതെ പടിയിറങ്ങും....

ഇലകൊഴിഞ്ഞുണങ്ങിപ്പോയ
ഒരൊറ്റമരം
നിശ്ശബ്ദമായ് പൂവിടും....

സ്നേഹത്താൽ,
സന്തോഷത്താൽ
ലോകം മുഴുവൻ ചുവന്നു തുടുക്കും...

ഞാനെന്നെ,
നിന്നെ ഉറക്കെയുറക്കെ
ചേർത്തുപിടിക്കും.....


അങ്ങനെയൊക്കെയാണ്,
വസന്തങ്ങൾ നമുക്ക് മാത്രമുള്ളതാകുന്നത്...!!!

Monday, June 27, 2016

മെസ്സി


ഫുട്‍ബോള് കളിക്കാറില്ല.
പ്രത്യേകിച്ച് താത്പര്യമെടുത്ത് കാണാറില്ല.
അർജന്റീനയോ, 
ചിലിയോ, 
അതിന്റെ കളിക്കാരോ ആരെന്നോ, എന്തെന്നോ അറിയില്ല.

പക്ഷേ,
തോറ്റു പോകുമ്പോ കരയുന്നവന്റെ ആത്മാർത്ഥതയെ അറിയാൻ ഇതൊന്നും ഒരു കാരണമേയല്ല.

അതുകൊണ്ട്,
മെസ്സിയ്ക്കൊപ്പമാണ് ഞാൻ.
തോറ്റു പോകുന്നവന്റെ സങ്കടങ്ങൾക്കൊപ്പമാണ്.
റീട്ടേക്കില്ലാത്ത ജീവിതത്തിലെ ചെറിയ ചെറിയ പിഴവുകൾക്കും,
കാലങ്ങളോളം അത് നൽകുന്ന ഒറ്റപ്പെടലുകൾക്കുമൊപ്പമാണ്.....

Coz,
തോറ്റു പോയവരുടേതു കൂടിയാണ് ഈ ലോകം....