Sunday, March 24, 2019

കടലിറങ്ങിയ കടലാസ് വഞ്ചി

കടുത്ത ചൂടിൽ നെട്ടൂര് മുതൽ ഏലൂര് വരെയും,
കളമശേരി മുതൽ മറൈൻ ഡ്രൈവ് വരെയും തേരാ പാരാ ബൈക്ക് ഓടിച്ച്, ക്ഷീണിച്ച് തളർന്ന ഒരു ദിവസം കൂടി.
(ഇപ്പോൾ Uber Eats ൽ ആണ് പണി)

കറുത്ത ടി ഷർട്ട്,
അത് ഹാഫ് സ്ലീവായത് കൊണ്ട് 36-37℃ ലേക്ക് കേറുന്ന ചൂടിനോട് തോൽക്കാതിരിക്കാൻ അകത്ത് ഫുൾ സ്‌ളീവിലുള്ള മറ്റൊരു ടി ഷർട്ട്, തോളത്ത് മാരക വലിപ്പമുള്ള ഒരു ബാഗ്,
ബൈക്കിന്റെ ഫ്രണ്ടിൽ കൊളുത്തി വച്ച മൊബൈൽ,
(ചൂട് കൊണ്ടും, പൊടി കേറിയും അതിന്റെ ഡിസ്പ്ലെയിൽ അങ്ങിങ്ങായി പൊട്ടു വീണു തുടങ്ങി),
മൊബൈലിൽ കണക്റ്റ് ചെയ്ത ഇയർഫോണ്,
(ചെവിയിലിരിക്കുന്ന സ്പീക്കറിന്റെ ഒരു തുമ്പ് ബൈക്കിൽ കൊളുത്തി വച്ച ഫോണിലാണ് എന്നോർക്കാതെ ചാടിയിറങ്ങിയതിന്റെ ഫലമായി അതും പണിമുടക്കിതുടങ്ങി),
Spare parts കിട്ടാനില്ലാത്തൊണ്ട് ബജാജിന്റെ സെക്കന്റ് ഹാന്റ് കാർബേറ്റർ ആക്രിക്കടയിൽ നിന്നു വാങ്ങി ഒപ്പിച്ചു വച്ച 9 വർഷം പഴക്കമുള്ള ഹോണ്ട ബൈക്ക് (ബൈപ്പാസ് സർജറി കഴിഞ്ഞ അവസ്ഥയാണ്. എപ്പോൾ നിന്നു പോകും എന്നൊരുറപ്പുമില്ല...!!)..........

കൊച്ചി ലൈഫിന്റെ ഗ്രാഫിന്റെ ഒരു വശം ഇങ്ങനെയാണ്.

■■■■■■■■■■

'അഹങ്കാരമാണ്' എന്ന മുൻ^വിധികളിലല്ലാതെ വേണം ഇനിയുള്ളത് വായിക്കാൻ. 😬

അത്യാവശ്യം വരയ്ക്കാൻ,
എഴുതാൻ,
ഡിസൈൻ ചെയ്യാൻ,
വാചകമടിക്കാൻ,
പാചകം ചെയ്യാൻ,
വണ്ടിയോടിക്കാൻ ഒക്കെ അറിയുന്ന ഒരു ചെറുപ്പക്കാരനാണ്.
വരയും,
ഡിസൈനും,
വാചകമടിയും ഒക്കെ പയറ്റി നോക്കി.
Productivelyയിൽ, റിസൾട്ടിൽ ഒക്കെ കട്ട തോൽവി ആയിപ്പോയി.
ഏറ്റവും അടുപ്പമുള്ളവർ സമർഥമായി ഉപയോഗിച്ചു. 'ആ പൊട്ടന് മനസ്സിലായില്ല' എന്നു നോക്കി ചിരിച്ചു.
ഒന്നോ, രണ്ടോ അല്ല.
പല തവണ.
'ഒരു വിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് ഒന്നിലേറെ തവണ പാമ്പ് കടിക്കുകയില്ല' എന്നു പ്രവാചകൻ പറഞ്ഞിട്ടുണ്ടത്രേ.
ആ കണക്ക് വച്ചു നോക്കിയാൽ വിശ്വാസിയല്ല.
അത്രയധികം തവണ കടിയേറ്റിരിക്കുന്നു.
ഉള്ളിൽ ഉണങ്ങാത്ത മുറിവുകളുണ്ടായിരിക്കുന്നു.

ഓട്ടങ്ങളെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്.
ഓട്ടങ്ങൾ....
അസഹനീയമായ ഫ്രസ്ട്രേഷനുകളിൽ കൂടിയുള്ള പുറപ്പെട്ടു പോവലുകൾ....

ഫ്രസ്ട്രേഷന്റെ അങ്ങേയറ്റമെത്തുന്ന നേരങ്ങളിൽ വീടിനെ ഓർക്കും.
ഉമ്മ,
ബാപ്പ,
പെങ്ങന്മാർ....
അവരുടെ പ്രശ്നങ്ങൾ....
പിന്നെപ്പിന്നെ,
"എന്തൊരു പാഴാണ് ഞാൻ...??!!" എന്നിടത്ത് ചിന്തകൾ വന്നു നിൽക്കും. 😅

തുച്ഛമായ ശമ്പളത്തിന് വേണ്ടി മരടിലും, വൈറ്റിലയിലുമൊക്കെ മെട്രോയുടെയും, ഫ്‌ളൈ ഓവറിന്റെയും പണി നടക്കുന്നിടത്തെ പൊടി വലിച്ചു കയറ്റി കണ്ണും, മുഖവും നീറും.
എവിടെയെങ്കിലും തണല് കണ്ടെത്തി വണ്ടി നിർത്തും. കുറെ തുമ്മും. ചിലപ്പോൾ മൂക്കിൽ ന്ന് ബ്ലഡ് വരും. ഒരു വർഷം മുമ്പ് ഡോക്ടർ നിർദ്ദേശിച്ച സർജറി ചെയ്യാത്ത ഇടതുകാലിൽ വേദന അരിച്ചു കയറും. വല്ലാതെ നോവുമ്പോൾ കാലൊന്നു കുടയും. കുറച്ചു നേരത്തേക്ക് ആശ്വാസം കിട്ടും.
പിന്നെയും ബൈക്ക് ഓടിക്കും. മൊബൈലിൽ ഇപ്പോൾ ശബ്ദം കേൾക്കുമെന്നും, അടുത്ത ഓർഡറിന്റെ നോട്ടിഫിക്കേഷൻ ആയിരിക്കുമെന്നും സ്വയം പറയും. കുറെ നേരമായിട്ടും ഒന്നും വരാതിരിക്കുമ്പോ പിന്നേം "എന്തൊരു പാഴാണ് ഞാൻ"ന്നോർക്കും.
മാരകമായ സ്പീഡിൽ ഏതെങ്കിലും വണ്ടി തൊട്ടടുത്തു കൂടി കടന്നു പോകും.
ഏതൊക്കെ ഓർമ്മകളിൽ,
എത്ര ശ്രദ്ധയില്ലാതെ പോയാലും ഒന്നും സംഭവിക്കില്ല എന്നും,
ജീവിതത്തിൽ ഇനിയുമേറെ അനുഭവിക്കാനുണ്ട് എന്നും ഓർക്കും. നിസ്സഹായമായ ഒരു ചിരി മുഖത്ത് വരും.
ഇടയ്ക്ക് കോളുകൾ വരും.
നാട്ടിൽന്നാണ്....
കാശ് കൊടുക്കാനുള്ളവരാണ്....
(അവർക്കറിയില്ല, അവരെയൊക്കെ ഒളിച്ചാണ് ഇവിടിങ്ങനെ വന്നു ദുരിതപ്പെടുന്നത് എന്ന്...!)

ഉമ്മയെക്കുറിച്ച് ഓർക്കുമ്പോഴാണ് കൂടുതൽ സങ്കടം.
കൂട്ടുകുടുംബത്തിലെ ആൾ ബഹളങ്ങളുടെ ദുരിതങ്ങൾക്കിടയിൽ, അബോർഷൻ എന്ന സാധ്യത മുന്നിൽ വന്നപ്പോ സമ്മതിക്കാതെ നിന്ന ആളാണ്. അതിന്റെ പേരിൽ വഴക്കിട്ടു സ്വന്തം വീട്ടിൽ പോയ ആളാണ്.
എന്നിട്ട് ഉണ്ടായതോ....??!!

പിന്നെയും "എന്തൊരു പാഴാണ്...!!!" എന്നൊരു ആത്മനിന്ദ വന്നു നിറയും.
ഉമ്മയ്ക്ക് ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടാർന്നോ എന്ന് ഞാനെന്നോട് എത്ര തവണ ചോദിച്ചിരിക്കുന്നു എന്നറിയുമോ....??!! :)

പറഞ്ഞു തുടങ്ങിയിടത്തേക്ക്‌ തന്നെ വരാം.

അങ്ങനെ,
നെട്ടൂര് - ഏലൂര് - കളമശേരി - തേവര - മറൈൻ ഡ്രൈവ്  എന്ന് പ്രൈവറ്റ് ബസിലെ ബോർഡിൽ പോലുമില്ലാത്ത നിലയ്ക്കുള്ള ഓട്ടങ്ങൾ കഴിഞ്ഞുള്ള ഒരു ദിവസത്തിന്റെ ക്ഷീണത്തിൽ,
രാത്രി മൂന്നിനും, നാലിനുമിടയ്ക്കാണ് ഇതെഴുതുന്നത്.
എന്തിനാണ് എന്ന് സ്വയം പോലും ബോധ്യപ്പെടാൻ കഴിയാത്ത ജീവിതത്തെ,
ചിന്തകളെ,
ശരീരത്തെ,
മനസ്സിനെ നിർദാക്ഷിണ്യം വേദനിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.
ഇതൊക്കെ എന്തിനാണ് പറയുന്നത് എന്നു ചോദിച്ചാൽ,
ആർക്കെങ്കിലും മനസ്സിലാകുന്നെങ്കിൽ ആകട്ടെ എന്നു തോന്നി.
അത്രേയുള്ളൂ.
ആർക്കും ആയിട്ടില്ലെങ്കിലും സങ്കടം ഒന്നുമില്ല.

"ജീവിതമേ,
തോല്പിച്ചവരുടെ കൂട്ടത്തിൽ നീയുമുണ്ടെങ്കിൽ
നിന്നെയും കൊണ്ടേ ഞാനിവിടം വിടൂ...!" എന്നെഴുതിയത് കുറേക്കാലം മുമ്പാണ്.
ഇപ്പോഴായിരുന്നു എഴുതേണ്ടിയിരുന്നത്.

ഉം....
ഇപ്പോഴായിരുന്നു.........


7 comments:

  1. Doi..... hugs.. ! വേറൊന്നും പറയുന്നില്ല..

    ReplyDelete
  2. നന്നായി എന്ന് പറയാൻ കഴിയില്ലല്ലോ..! ❤️

    ReplyDelete
  3. ഒരു കാലാകാരൻ സ്വന്തം ജീവിതാനുഭവങ്ങൾ വരികളാക്കുമ്പോൾ ആ വാക്കുകളിൽ ഒരു വിളക്ക് കത്തുന്നത് കാണാം എന്നു പറഞ്ഞത് കമലാ സുരയ്യയാണ്. ഇവിടെ പൊള്ളുന്ന ജീവിതത്തിന്റെ ചൂരും നേരുമാണ് നിന്ന് കത്തുന്നത്. കുറച്ചു കാലം കഴിയുമ്പോൾ "ഞാനെന്നുമൊരു പാഴായിപ്പോയവനാണെന്നു വിശ്വസിച്ചിരുന്ന മുജീബ് എന്തൊരു പൊട്ടൻ ആയിരുന്ന്" എന്നു തോന്നുന്ന ഒരു നല്ല കാലം ഉണ്ടാകും. ഉണ്ടാകട്ടെ.
    فَإِنَّ مَعَ الْعُسْرِ يُسْرًا എന്നാണല്ലോ ഖുർആനിൽ പറഞ്ഞത്..
    നന്മകൾ നേരുന്നു.. ��

    എന്ന് ബ്ലോഗും എഴുത്തുമൊക്കെ 6 വർഷമായി പൂട്ടിക്കെട്ടി ജീവിതത്തിന്റെ തിരക്കിൽ പെട്ട് ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ഡിസൈനർ ��

    ReplyDelete
    Replies
    1. ശരിയാകും എന്നൊരു പ്രതീക്ഷ 'ഇല്ല...ഇല്ല...' എന്ന ഉൾവിളിക്കുമപ്പുറം ഇപ്പോഴും എവിടെയോ ഉണ്ട്. ഒരു മെഴുകുതിരി പോലെ....
      ഒരു കാറ്റ് വീശുമെന്നും,
      തീ കെട്ടു പോകുമെന്നുമുള്ള പ്രതീക്ഷയിലാണ്.....

      ഒക്കേം ശരിയാവട്ടെ.
      ബ്ലോഗും,
      എഴുത്തുമായി പിന്നേം സജീവമാകാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെ.
      ദുആ..... ❤❤❤

      Delete