Saturday, December 10, 2011

വ്യക്തിപരം .


ഫെയ്സ്ബുക്കിലെ പറഞ്ഞു വയ്ക്കലുകള്‍ വെറും നേരമ്പോക്കുകളായപ്പോള്‍ പല സൌഹൃദങ്ങളോടും ചിലത് പറയാന്‍ തോന്നി. പല തരക്കാര്‍ പലേടത്തു നിന്നും രണ്ടു കമ്പ്യൂട്ടറുകളുടെ അകലത്തില്‍ എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കരുതല്ലോ. ഈ ചിന്തകളൊക്കെ ഇങ്ങനെ കിടന്നു പുകയുമ്പോഴാണ്‌ നഷ്ടമായിപ്പോയ ഒരു പ്രണയം സ്വപ്നങ്ങളില്‍ വന്നെന്നെ അസ്വസ്ഥതപ്പെടുത്തുന്നത്. ഓരോ പാട്ടുകള്‍ കേള്‍ക്കുമ്പോഴും എന്തെങ്കിലുമൊക്കെ വായിക്കാനെടുക്കുമ്പോഴും ആ അസ്വസ്ഥത ഒരു നീറ്റലായി പടരുന്നു. പാട്ടുകളും വായനയും വല്ലാതെ വേദനിപ്പിക്കുന്നു. ചിലപ്പോഴതും പാതി വഴിയില്‍ അവസാനിപ്പിക്കുന്നു. മുമ്പൊക്കെ മനസ്സില്‍ എന്തു തോന്നിയാലും അത് മുഖപുസ്തകത്തിന്റെ എന്റെ wall-ല്‍ കുറിച്ചിടുമായിരുന്നു; അങ്ങനെ ഇടാമായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. പലപ്പോഴും ഒരു കുഗ്രാമത്തിന്റെ കുശുമ്പുകള്‍ ഇവിടെ അനുഭവപ്പെടുന്നു. രണ്ടു ഫ്ളാറ്റുകളില്‍ ഒരിക്കല്‍ പോലും മിണ്ടാതെ, എന്നല്‍ മിക്കപ്പോഴും കണ്ടു കഴിയുന്നവര്‍ കുറ്റം പറയാന്‍ മാത്രമായി പടി കയറി വരുന്നതു പോലെ..... ഏതൊക്കെ നാടുകളില്‍ നിന്ന്‌.....ഏതൊക്കെ തരക്കാര്‍ .....
അറിയില്ല. എന്താണീ ആളുകളൊക്കെ ഇങ്ങനെയെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മണലു വാരിക്കൂട്ടി ഒരു കൊച്ചു വീടു പണിയുമ്പോള്‍ തട്ടിത്തെറിപ്പിച്ചു കളയുന്നവര്‍ . കൌതുകത്തിനു പിടിക്കുന്ന തുമ്പിയെ പറത്തി വിടാനനനുവദിക്കാതെ കല്ലെടുപ്പിക്കുന്നവര്‍ .


പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടങ്ങളെക്കുറിച്ചും സ്റ്റാറ്റസിടുമ്പോള്‍ പലര്‍ക്കുമത് തമാശയാണ്‌. വായിച്ചിട്ട് ചിരിച്ചു കളയാന്‍ പോലുമുള്ള മനസ്സ് പലര്‍ക്കുമില്ല. താമാശകള്‍ മാത്രമേ ഫെയ്സ്ബുക്കില്കൂടി പങ്കു വയ്ക്കപ്പെടാവൂ എന്ന ധാരണയും പിന്നെ ആരാന്റമ്മയുടെ ഭ്രാന്ത് കാണുമ്പോഴുള്ള ആ ഒരിതും . അത്രയൊക്കെയേ ഉള്ളൂ.... പ്രണയവും വിരഹവുമൊക്കെ ജീവിതത്തിന്റെ ഏതെങ്കിലും കോണുകളില്‍ അഭിമുഖീകരിച്ചിട്ടില്ലാത്തവര്‍ എത്ര പേരുണ്ടാകും ഈ മുഖപുസ്തകത്തില്‍ ...??? പുറമേ മറ്റുള്ളവരുടെ പ്രണയത്തെ, വിരഹത്തെ, അത്തരം ചിന്തകളെ പരിഹസിക്കുമ്പോഴും ഉള്ളില്‍ ഒരല്പം നീറ്റല്‍ ബാക്കിയാകുന്നത് അറിഞ്ഞിട്ടും അറിയാത്തതു പോലെ അഭിനയിക്കുന്നവര്‍ .....
ഇട്ടെറിഞ്ഞിട്ടു പോയ ഒരു പ്രണയിനിയുടെ ഓര്‍മ്മയില്‍ ബാക്കിയുള്ളവരുടെ നൊമ്പരം കാണാതിരിക്കുന്നവര്‍ .....
സത്യം പറയട്ടെ, വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയ നഷ്ടം എനിക്കുണ്ട്; അവളെക്കുറിച്ചുള്ള ഓര്‍മ്മകളെ 'നിരാശാ കാമുകന്‍ ' എന്ന ഒരൊറ്റ വാക്കില്‍ വിലകുറച്ചു കാണുന്നവരോര്‍ക്കണം .... 

പാതിവഴിയില്‍ തീര്‍ന്നു പോയ ഒരു സ്വപ്നമാണവളെനിക്ക്.....
.........................................
photo courtesy: pranav

No comments:

Post a Comment