Tuesday, February 21, 2012

ഇപ്പോഴെങ്കിലും


ഈ മുഷിഞ്ഞ തുണിയില്‍
നീണ്ടു വളര്‍ന്ന താടിയില്‍
ജഡ പിടിച്ച മുടിയില്‍

നോക്കുമ്പോള്‍ മനം പിരട്ടലുണ്ടാകുന്നെന്നോ?

നിന്റെ ഓര്‍മ്മകളില്‍
എന്നെ തിരിച്ചറിയാനാണ്‌
നിനക്കിഷ്ടപ്പെട്ട ഈ തുണിയിലെ
ഇഷ്ടപ്പെടാത്ത മണവും പേറി
ഭ്രാന്തനെന്ന പേരു കേട്ട്
ധൃതിപ്പെട്ട് ഞാന്‍ നടക്കുന്നത്

ഇപ്പോഴെങ്കിലും
നീയെന്നെ തിരിച്ചറിയുന്നുണ്ടോ...??

13 comments:

  1. വെളിച്ചത്തോടല്ല
    കണ്ണടച്ചാല്‍
    തെളിഞ്ഞു കത്തുന്ന ഇരുട്ടിനോട്‌,
    നിന്നോടല്ല പ്രണയം
    നീ അകലുമ്പോള്‍
    പെയ്തു നീറ്റുന്ന
    ഓര്‍മകളോട് ...

    ReplyDelete
    Replies
    1. ആ ഓര്‍മ്മകളെ പ്രണയിച്ച് നീ തനിച്ചായിപ്പോകുമല്ലോന്നോര്‍ക്കുമ്പോഴാണ്‌, എനിക്കു നിന്നെ വിട്ടു കളയാന്‍ പറ്റാത്തത്.
      നീയതറിയുന്നില്ലേ...???

      Delete
  2. This comment has been removed by the author.

    ReplyDelete
  3. ഊതി നോക്കി ,
    തണുത്ത വെള്ളം ഒഴിച്ചു,
    കണ്ണടച്ചിരുന്നു,
    ഓര്‍ക്കില്ല എന്ന് ഉറപ്പിച്ചു....

    എന്നിട്ടൊന്നും പോകുന്നില്ല
    നിന്നെ കുറിച്ചുള്ള വിചാരം.

    ReplyDelete
    Replies
    1. ഇരുട്ടിലിരിക്കുമ്പോഴും ഞാന്‍ നിന്റെ കൂടെയുണ്ട്.
      എനിക്കു കഴിയുന്നില്ല, നിന്നെ വിട്ടു പോകാന്‍ .
      ഒരു മണ്ണെണ്ണ വിളക്കിന്റെയോ, മിന്നാമിനുങ്ങിന്റെയോ സാന്നിദ്ധ്യം ഞാനാഗ്രഹിക്കുന്നത്, നീയെന്നെയൊന്നു കാണട്ടെയെന്നു കരുതിയാണ്‌.
      നിന്നോടൊപ്പമല്ലാതെ വിട്ടു കളഞ്ഞു പോകാന്‍ കഴിയില്ലല്ലോ....
      നിന്റെ നിഴലല്ലേ ഞാന്‍ ...!!!

      Delete
    2. നീ എന്‍റെ നിഴലാണ് ...

      പകല്‍ക്കിനാക്കളില്‍ ഒപ്പം തോള്‍ ഉരുമ്മി,
      ഇരുള്‍ക്കയങ്ങളില്‍ ദൂരെ മാറി
      നിലാവില്‍, 'കൂടെയുണ്ടെ'ന്ന വ്യര്‍ഥ സ്പന്ദം !

      അതെ നീയെന്നും...നീയെന്റെ വെറും നിഴല്‍ മാത്രമാണ് !!!

      Delete
  4. ഇരുട്ടിലായിരിക്കുമ്പോള്‍ മാത്രമല്ലേ നീയെന്നെ കാണാതിരുന്നിട്ടുള്ളൂ...
    ഞാന്‍ കൂടെയില്ലെന്നുറപ്പു വരുത്താന്‍ ഇരുളിലേക്ക് മാറിനിന്ന്‌ എന്തിന്‌ സ്വയം ചെറുതാകണം നീ?
    നിനക്കു കഴിയുമെകില്‍ നിന്നില്‍ നിന്നും പറിച്ചു കളഞ്ഞേക്കൂ...
    അതാണ്‌, ഞാനര്‍ഹിക്കുന്നത്....

    ReplyDelete
    Replies
    1. ഓരോ നിലാവിലും ഞാന്‍ കൂടുതല്‍ ഒറ്റപ്പെടവേ,
      ഓരോ കാലിടര്‍ച്ചയിലും നിന്‍റെ കൈക്കായി പരതവേ,
      ഓരോശ്വാസത്തിലും നിന്നെ നഷ്ട്ടപ്പെടവേ,
      ഞാനെന്‍റെ പരാജയം സമ്മതിക്കുന്നു.
      എനിക്ക് കഴിയില്ല ഒരു നിമിഷത്തേക്ക് പോലും നിന്നെ എന്നില്‍നിന്നും പറിച്ചെറിയാന്‍!!!

      Delete
  5. കഴിയണം .
    അല്ലെങ്കില്‍ ഇനിയെങ്കിലും നീ പറയണം , ഈ ജന്മത്തിന്റെ സഞ്ചാര പഥങ്ങളില്‍ എവിടെയാണ്‌ നാം കണ്ടു മുട്ടിയതെന്ന്‌...
    അടുത്ത ജന്‍മത്തില്‍ എവിടെയാണ്‌ നാം കണ്ടു മുട്ടുകയെന്ന്‌....
    ഇത്രമേല്‍ ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകവേ, നാമെങ്ങനെയാണ്‌ ഒറ്റപ്പെടുന്നതെന്ന്‌.....

    ReplyDelete
  6. നിന്‍റെ വീടാണെന്നു കരുതിയാണ്
    ചില വാതിലുകളില്‍ പുലരുവോളം
    കാത്തിരുന്നത്,
    അവിടെയ്ക്ക് വരാനാണ്
    വീട് വിട്ടിറിങ്ങിയത്,
    വഴി തെറ്റിയത്,
    അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
    മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
    കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
    വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
    മോഹിപ്പിച്ചു കൊണ്ടിരുന്നു,
    ഒരു വെള്ളച്ചാട്ടത്തിന്റെ
    അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
    കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
    ജന്മത്തിനും മുന്നേയോ
    സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
    എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
    എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
    നീ ഇല്ലാത്തതെങ്കിലും
    നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
    മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
    ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
    എന്നെ അടക്കണമെന്നെങ്കിലും
    നിന്‍റെ ഉടമയോടൊന്നു പറയൂ.

    ReplyDelete
    Replies
    1. പക്ഷേ, ഞാനുമൊരു വാടകക്കാരന്‍ മാത്രമാണല്ലോ....!!!
      നീ കേട്ട ആ ഇരമ്പം ഏതെങ്കിലും വെള്ളച്ചാട്ടത്തിനടുത്തെത്തിയതിന്റെയല്ല. കാറ്റിലെയും ഇലയനക്കങ്ങളിലെയും ജലപ്പെരുക്കവുമല്ല.

      എന്റെ തലച്ചോറില്‍ ഒരഗ്നി പര്‍വ്വതം ക്ഷോഭിച്ചു നില്‍ക്കുന്നുണ്ട്.
      അവിടെനിന്നും ഒക്കെ നശിക്കാനുള്ള ഒരിരമ്പല്‍ ഞാന്‍ കേള്‍ക്കുന്നു.
      വെണ്ണീറു പോലും അവശേഷിപ്പിക്കാതെ,
      ശേഷിപ്പില്ലാത്തൊരു മടക്കം ....
      ആ മടക്കത്തില്‍ വേണമെങ്കില്‍ നിനക്കെന്റെ കൂടെക്കൂടാം ....!!

      Delete
    2. നീ ഭയക്കുന്ന മരണം നമ്മെ-
      വേര്‍പിരിക്കാതിരിക്കാന്‍..
      ക്ഷോഭിച്ചു നില്‍ക്കുന്നതെങ്കിലും
      ഒരു തലച്ചോറ് നിനക്കുണ്ടല്ലോ
      എനിക്കതുമതി ,

      ക്ഷുഭിത യൌവ്വനം പടിയിറങ്ങിയ നശിച്ച കാലത്ത്
      അനന്ത പുരിയിലെ കാലിച്ചന്തക്ക് മുന്നില്‍
      കറുത്ത താടി തടവി
      ആര്‍ത്തു കരയുന്ന യൌവ്വനം
      കൊടിപിടിക്കുന്ന ദുഷിച്ച ലോകത്ത് ......

      അഗ്നിപര്‍വതം പോലെ പുകഞ്ഞിരംബുന്ന തലച്ചോറ്
      ഒരലങ്കാരം തന്നെയെന്നഭിമാനിക്കൂ
      ഇനി


      ഒരേ തോണിയിലെ യാത്രികരായി നമ്മള്‍ക്ക്-
      തുഴഞ്ഞു തുഴഞ്ഞു പോകണം..
      എപ്പോഴും, എവിടെയും നിന്‍റെ കൂടെയില്ലേ ഞാന്‍..?
      അക്ഷരങ്ങളുടെ കുട പിടിച്ചുകൊണ്ടു
      നിന്‍റെ നിഴലായി...
      നിന്‍റെ ജീവശ്വാസമായി...
      പിന്നെന്തിന് മരണം എന്ന കടംകഥ പറഞ്ഞു-
      നീ എന്നെ പിന്തിരിപ്പിക്കുന്നു,,,?

      Delete
    3. ഇപ്പോഴും നിനക്കതൊരു കടങ്കഥയായി തോന്നുന്നുവെങ്കില്‍ 
      എനിക്കാണ്‌ തെറ്റുപറ്റിയത്..
      ഞാന്‍ നിന്റെ കൂടെയല്ല,
      നീയെന്റെ കൂടെയാണെന്ന തെറ്റ്....

      Delete