Wednesday, August 22, 2012

ഉറക്കം ഞെട്ടുമ്പോള്‍ 



കിഴക്കേ ഭിത്തിയില്‍ ചാരി വച്ചിട്ടുണ്ട്,
പൊടി കയറിയ ഒരു ക്യാന്‍വാസ്

അതിലുണ്ട്,
മണ്ടയില്ലാത്ത മരങ്ങളും
എവിടെ നിന്നോ തൂങ്ങിക്കിടക്കുന്ന
ഒരു കിളിക്കൂടും

അങ്ങോട്ട് നോക്കുമ്പോഴൊക്കെ
മരിച്ചു പോയ
മരങ്ങളുടെ ആത്മാവ് വന്നു പറയും ,
ആ ജനലെങ്കിലും ഒന്നു തുറന്നിടാന്‍

പിന്നീടെപ്പൊഴോ
ഉറക്കത്തിലേക്ക് ഞാന്‍ പറന്നു പോകും
സ്വപ്നത്തില്‍
വെറുതേ ആരൊക്കെയോ ഓടിക്കും
കാലു നീട്ടിവച്ചിട്ടും
മുന്നോട്ടു നീങ്ങാനാകാതെ
ഞാന്‍ നിന്നു വിയര്‍ക്കും

കണ്ണു തുറക്കുമ്പോള്‍ ,
കിഴക്കേ ഭിത്തിയില്‍ ചാരിയിരിക്കുന്ന
പൊടി കയറിയ ക്യാന്‍വാസ് ,
അതിലെ മരങ്ങള്‍ ,
ശൂന്യമായ ആകാശം ,
കിളിക്കൂട്

അതു വഴി പറന്നു പോകുന്നുണ്ടാകും ,
ഒറ്റയ്ക്കൊരു കുഞ്ഞു കിളി ..!!
ജനലാരാണ്‌ തുറന്നതെന്നും
ഞാനപ്പോള്‍ മറന്നിട്ടുണ്ടാകും ....!!!

No comments:

Post a Comment