Thursday, March 20, 2014

ഇറങ്ങിപ്പോകുന്നതിനു ക്ഷണക്കത്തിന്റെ ആവശ്യമില്ലല്ലോ...!!!

ഒരു മണി കഴിഞ്ഞു ഇന്നലെ രാത്രിയില്‍ കിടന്നപ്പോള്‍ .
വളരെ അടുപ്പമുള്ള ഒരു സുഹൃത്തുണ്ട്. ഒരു കല്യാണത്തലേന്ന് തിരക്കുകള്‍ക്കിടയില്‍ കളഞ്ഞു കിട്ടിയതാണ്‌. 
ഇപ്പോള്‍, കുറേ ദൂരെയാണവള്‍ .
അവളെ ഒട്ടും മനസ്സിലാക്കിയിട്ടില്ലാത്ത, അവളുടെ ഒരു സുഹൃത്തിന്റെ ജന്മദിനത്തിനു കൊടുക്കാന്‍ ഒരു Gift_നെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു, രാത്രി മുഴുവന്‍ .
എന്തും പറയാനുള്ള സര്‍വ്വ സ്വാതന്ത്ര്യത്തിനൊടുവില്‍ കിടിലം ഒരു പ്ലാന്‍ സമര്‍പ്പിച്ചു. അതിനു വേണ്ട ഒരുക്കങ്ങളും ചെയ്തു.
പതിവില്ലാതെ, ക്ലാസ്സിനു പോകേണ്ട ടൈമില്‍ ഇന്നവള്‍ വിളിക്ചു.
"ഡാ, ആ ഗിഫ്റ്റിന്റെ കാര്യം വിട്ടേക്ക്. അവളുമായുള്ള സൌഹൃദം ഞാനവസാനിപ്പിച്ചു..." 
ഒരുപാട് സൌഹൃദങ്ങള്‍ വലിയ ഫീലിങ്ങൊന്നും കാണിക്കാതെ അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും , മറ്റൊരാള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ പെട്ടെന്നെന്തോ പോലെ....
ഒരുപക്ഷേ, അവരു തമ്മിലുള്ള സൌഹൃദത്തിന്റെ / അല്ലെങ്കില്‍ എന്റെ സുഹൃത്തിന്‌ അവളുടെ സുഹൃത്തിനോടുള്ള ഇഷ്ടത്തിന്റെ ആഴം ഇന്നലെ രാത്രിയില്‍ എനിക്കു മനസ്സിലായതു കൊണ്ടുമാകാം .  
അവസാനിപ്പിക്കാനുള്ള കാരണം അവള്‍ പറഞ്ഞു. ന്യായം നൂറു ശതമാനവും അവള്‍ക്കടുത്തു തന്നെ. എങ്കിലും അവസാനിപ്പിക്കാതിരുന്നു കൂടേ എന്നു ചോദിച്ചു. ഒരുപാട് സഹിച്ചും ക്ഷമിച്ചും ഇനി വയ്യ എന്നവള്‍ . 
.
.
.
ഇനി കാര്യത്തിലേക്ക്.
പിന്നീടാലോചിക്കുമ്പോള്‍ ജീവിതത്തിലെ ഒരുപാട് നല്ല നിമിഷങ്ങളാണ്‌ ഇല്ലാതാക്കിയത് എന്നു തോന്നില്ലെങ്കില്‍ ...
സൌഹൃദത്തെ സ്നേഹത്തിനപ്പുറമുള്ള മറ്റെന്തെകിലുമൊക്കെ വച്ചാണ്‌ അളക്കുന്നത് എന്നു ബോദ്ധ്യപ്പെടുന്നെങ്കില്‍ ...
മുഖം കൊണ്ട് ചിരിച്ച്, മനസ്സു കൊണ്ട് കാര്യമായി ചിന്തിക്കുകയാണ്‌ എന്ന്‌ ഒന്നില്‍ക്കൂടുതല്‍ തവണ തോന്നിപ്പിക്കുന്നുവെങ്കില്‍ ...
ഏറ്റവും അവസാനമായി,
ചങ്കു പൊളിച്ചു കാണിക്കുമ്പോ 'അതൊരു ചെമ്പരത്തിപ്പൂവല്ലേ...!!" എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയുന്നില്ലയെങ്കില്‍ ...
ആ ബന്ധം അവിടെ വച്ച് അവസാനിപ്പിച്ചേക്കണം .
കാരണം ,
Agreement Paper വച്ച് ഡീലുറപ്പിക്കാന്‍ ജീവിതം അങ്ങാടീല്‍ കച്ചവടത്തിനു വച്ചിരിക്കുന്ന ചാക്കുകെട്ടല്ല. 

---------------------------------------------------------------
പിന്‍കുറി: 
നീ ധൈര്യമായിട്ട് പിണങ്ങെടീ.
ഏതു ഫ്രണ്ട്, ഏതു വഴിയ്ക്കു പോയാലും ഞാനുണ്ട് കൂടെ.
ഞാനും പോയാല്‍ പിന്നെ നീയുണ്ട് നിനക്ക്.
  

Label: ഒന്നര വര്‍ഷത്തെ പിണക്കത്തിനുശേഷം , ഒരു ദിവസം വിളിച്ചപ്പോള്‍ "പോയിക്കഴിഞ്ഞപ്പോഴാണ്‌ എനിക്കു നീ ആരായിരുന്നു എന്നു മനസ്സിലായത്" എന്നു പറഞ്ഞൊരു സുഹൃത്തുണ്ടെനിക്ക്.
സൊ, എനിക്കെന്തും പറയാം .
 
ഒന്നു കൂടി.
"നിന്റെ ഫ്രണ്ട്സില്‍ ആമ്പിള്ളേരൊന്നും ഇല്ലേടേ?" എന്ന മല്ലു ചോദ്യം വേണ്ട. ആമ്പിള്ളേരു തമ്മിലുള്ള പിണക്കം 'അളിയാ.....' എന്നൊരൊറ്റ വിളിയില്‍ തീരും . 

3 comments: