Thursday, April 16, 2015

ഉഴപ്പുജീവിതത്തിലെ ഡിസൈന്‍ കാലം- രണ്ടു ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ 

15-04-2015
--------------
ഇന്ന്,
സയൂര ബുക്സ് എന്ന പുതിയ പ്രസാധക കൂട്ടായ്മ തുടക്കം കുറിക്കുകയാണ്‌.
എന്നെ സംബന്ധിച്ച്,
ഫെയ്സ്ബുക്കിന്റെ നാലതിരുകള്‍ക്കു പുറത്തേക്ക് സൌഹൃദം പടര്‍ന്നു പന്തലിക്കുകയാണ്‌. സയൂരയുടെ ലോഗോയും , ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യപ്പെടുന്ന നാലു ബുക്കുകള്‍ ,
അജിത് കെ.സി സമാഹരണം നിര്‍വ്വഹിച്ച 'സത്യപാലന്‍ കൊല്ലപ്പെട്ടു'
നിധീഷ്.ജിയുടെ 'വെള്ളില'
ബി.കെ സുജിത്തിന്റെ 'ആല്‍വിയ്ക്ക് സ്നേഹപൂര്‍വ്വം സലോമി'
കെ.സതീഷ്കുമാറിന്റെ 'ഇരുപത്തിനാലാം നമ്പര്‍ മുറിയിലെ മഞ്ഞച്ചേര' 
ഇവയുടെ കവര്‍ ഡിസൈനും ചെയ്യാന്‍ കഴിഞ്ഞു എന്നത്,
ആ പുസ്തകങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെടുന്നു എന്നത് അങ്ങേയറ്റം സന്തോഷം നല്‍കുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ,
ജീവിച്ചിരുന്നു,
ജീവിച്ചിരിക്കുന്നു എന്നതിന്‌ തെളിവാണ്‌,
ഇന്നത്തെ സായന്തനം .

എന്റെ തോല്‍വി കാണാനാഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും ഞാന്‍ ഈ ദിവസത്തെ സമര്‍പ്പിക്കുന്നു.
 പതര്‍ച്ചയുടെ ഘട്ടങ്ങളില്‍ കൂടെ നിന്ന പ്രിയപ്പെട്ടവരോട് ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും ,
വാക്കുകള്‍ക്കപ്പുറമുള്ള സ്നേഹം അറിയിക്കുന്നു. പോസിറ്റീവായി മാത്രം ജീവിതത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ദൈവത്തിന്‌ പിന്നെയും പിന്നെയും നന്ദി.
വൈകിട്ട് 3:30ന്‌, ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തില്‍ പ്രിയപ്പെട്ട പലരെയും പ്രതീക്ഷിക്കുന്നു.

16-04-2015
----------------

ഇതാണ്‌,
ഇന്നലെ പറഞ്ഞ ആ ബുക്കുകള്‍ .
കൂട്ടുകാരുടെ കല്യാണത്തിരക്കുകള്‍ക്കിടയിലും ,
കടുത്ത വേനല്‍പ്രാന്തിനിടയിലും കവര്‍ ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായി വലിയ വലിയ സന്തോഷം തന്നെയാണ്‌. കാരണം , ഒരു എ ക്ലാസ്സ് ഉഴപ്പനാണ്‌ ഞാന്‍ എന്ന തിരിച്ചറിവ് അത്രയ്ക്കും ആഴത്തില്‍ മനസ്സിലാക്കിയിരിക്കുന്നു.smile emoticonബുക്കുകള്‍ ഇവയാണ്‌.

1. സത്യപാലന്‍ കൊല്ലപ്പെട്ടു
_ടി. പി അജയന്റെ നാടകങ്ങള്‍ , ഓര്‍മ്മ
*സമാഹരണം : അജിത് കെ.സി
നാടകത്തെ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ച ടി.പി അജയന്‍ എന്ന പ്രതിഭയുടെ നാടകങ്ങളുടെ സമാഹരണവും , അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും . സ്കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മ്മകളില്‍ ഏറ്റവും കൂടുതല്‍ കേട്ട , അതിലേറെ കണ്ട്‌ ഓര്‍മ്മയില്‍ പതിഞ്ഞ നാടകമായിരുന്നു 'സത്യപാലന്‍ കൊല്ലപ്പെട്ടു'. ടി.പി അജയന്റെ നാടകങ്ങളെക്കുറിച്ച്, അജയനെക്കുറിച്ച് ഒരു ബുക്കിറങ്ങുമ്പോള്‍ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കുന്നത് മനപ്പൂര്‍വ്വമല്ല. അത് കാലം ആവശ്യപ്പെടുന്ന ഒരു രേഖപ്പെടുത്തലാണ്. ആത്മഹത്യയുടെ നിസ്സാരത കൊണ്ട് ജീവിതത്തെ തോല്‍പ്പിച്ചവനുള്ള ഓര്‍മ്മപ്പെടുത്തല്‍ . heart emoticon

2.വെള്ളില.
_കഥാസാമാഹാരം
*നിധീഷ്.ജി
നിധീഷേട്ടന്റെ കഥകളെപ്പറ്റിയല്ല,
നിധീഷെട്ടനെന്ന മനുഷ്യനെപ്പറ്റിയാണ്‌ പറയാനുള്ളത്.
പോലീസുകാരോട് അധികം അടുപ്പം സൂക്ഷിക്കാനിഷ്ടമില്ലാത്ത ഒരാളുടെ ജീവിതത്തിലേക്ക്, പരിചയപ്പെടലിന്റെ ആദ്യനാളുകളില്‍ തന്നെ ഒരു കസേര വലിച്ചിട്ടിരുന്ന ആളാണ്‌ നിധീഷേട്ടന്‍ . പത്തില്‍ താഴെ തവണയാണ്‌ നേരില്‍ കണ്ടിട്ടുള്ളതെങ്കിലും , ഓരോ കൂടിക്കാഴ്ചയും സ്നേഹത്തിന്റെ, കരുതലിന്റെ, സന്തോഷത്തിന്റെ ചേര്‍ത്തുപിടുത്തമായിരുന്നു. 'ഭായ്' എന്ന വിളിയില്‍ , ആ രണ്ടക്ഷരത്തില്‍ ഇത്രയധികം അടുപ്പം സൂക്ഷിക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ്‌, നിധീഷേട്ടന്റെ കഥകളുടെ ജനപ്രിയതയ്ക്കുള്ള കാരണം എന്നു മനസ്സിലാക്കുന്നു. ഈ കഥാസമാഹാരത്തിലെ 'വെള്ളില' എന്ന കഥയില്‍ത്തന്നെ, ആ കരുതലിന്റെ ആഴം അനുഭവിക്കാന്‍ കഴിഞ്ഞതുമാണ്‌. ബാക്കിയൊക്കെ വായിച്ചിട്ടില്ല. സമയമെടുത്ത് വായിക്കണം . നിധീഷേട്ടനെന്ന കഥാകൃത്തിനെ, സുഹൃത്തിനെ ഹൃദയത്തോട് ചേര്‍ക്കുന്നു... smile emoticon

3. ഇരുപത്തിനാലാം നമ്പര്‍ മുറിയിലെ മഞ്ഞച്ചേര
_കഥകള്‍
*സതീഷ്കുമാര്‍. കെ
കഥകളെങ്ങനെയാണ്‌ ഇത്ര സങ്കീര്‍ണ്ണമായി പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നത് എന്നാണ്, കവര്‍ ഡിസൈന്‍ ചെയ്യാന്‍ വേണ്ടി title story കിട്ടുമ്പോള്‍ ഓര്‍ത്തു പോയത്. പ്രണയത്തെ, വിഹ്വലതകളെ .... പിന്നെ ആ മഞ്ഞച്ചേരയെ ഇഷ്ടപ്പെട്ടു പോകുന്നൊരു വേദനയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് എഴുത്തുകാരന്റെ കയ്യൊതുക്കത്തിന്റെ കൃത്യതയെ ഓര്‍മ്മപ്പെടുത്തുന്നു. കഥ വായിച്ചു കഴിയുമ്പോഴും ഓര്‍മ്മകളിലെവിടെയോ നിസ്സഹായമായ, ചതഞ്ഞു പോയ ഒരു ചേരയിഴച്ചിലിന്റെ അസ്വസ്ഥത അനുഭവിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നുമുണ്ട്.
വായിക്കാനിനിയുമുണ്ട്. ചെയ്തു തീര്‍ക്കേണ്ട ചില വര്‍ക്കുകളുടെ കാര്യമായ തിരക്കുകളിലാണ്‌. ബാക്കിയൊക്കെ അതുകൊണ്ടു തന്നെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സതീഷേട്ടനോടും സ്നേഹം . smile emoticon

4. ആല്‍വിയ്ക്ക് സ്നേഹപൂര്‍വ്വം സലോമി
_നോവല്‍
*ബി.കെ സുജിത്ത്
ആ തലക്കെട്ട് അത്ര പോരാ എന്ന്‌ ഇന്നലെ പലരും പറയുമ്പോഴും ,
എനിക്കേറ്റം ഇഷ്ടപ്പെട്ട തലക്കെട്ട് ഇതു തന്നെയാണ്‌. നോവല്‍ മുഴുവന്‍ ഒറ്റയിരുപ്പില്‍ വായിച്ചു തീരുമ്പോള്‍ , ആല്‍വി വല്ലാത്തൊരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. അക്ഷരങ്ങളെ അത്രമേല്‍ സ്നേഹിച്ചൊരു കാലം എനിക്കുമുണ്ടായിരുന്നു എന്ന ഓര്‍മ്മയിലാണ്‌ illustration ചെയ്യാന്‍ പേനയെടുത്തത്. അടുക്കിവച്ച പുസ്തകങ്ങള്‍ക്കു മേല്‍ കസേരയെടുത്തു വച്ച്, മുകളിലെ ഫാനില്‍ തൂങ്ങുന്ന കയര്‍ കുരുക്കില്‍ ആല്‍വിയെ മറന്നു വയ്ക്കുമ്പോള്‍ വര എവിടെയോ കൈവിട്ടു പോകുന്നു എന്ന തീവ്രമായ വിഷമത്തിനപ്പുറം , ആല്‍വിയുടെ നിസ്സഹായമായ ചിരിയായിരുന്നു മനസ്സില്. ഒരു സുഹൃത്തിനോട് വാട്സാപ്പിലെ വോയിസ് മെസ്സേജിന്റെ രണ്ടു മിനിട്ട് ദൂരം കൊണ്ട് കഥ പറഞ്ഞു കൊടുക്കുമ്പോള്‍ 'ഞാനിത് വാങ്ങും ' എന്നായിരുന്നു അവളുടെ മറുപടി. അത്ര ഭംഗിയായി, മനോഹരമായി ആല്‍വിയെ സലോമി കുറിച്ചു വയ്ക്കുന്നു. ബി.കെ സുജിത്ത് എന്ന എഴുത്തുകാരന്‍ അവര്‍ക്കു രണ്ടാള്‍ക്കും പുറത്താകുന്നു. heart emoticon
---------------------------------------------------------
Label: കവറുകളെക്കുറിച്ച് നല്ല വാക്കു പറഞ്ഞവരോട് സ്നേഹം ;
വിമര്‍ശിച്ചവരോട് അതിലേറെ ഇഷ്ടം . heart emoticon heart emoticon
'കേളികൊട്ട് കൂട്ടായ്മ'യില്‍ നിന്നും 'സയൂര ബുക്സി'ലേക്കുള്ള ദൂരത്തെ ഇത്ര ചെറുതാക്കിയവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ . like emoticon

അജിത്തേട്ടാ, നിധീഷ് ഭായ്, ഗോപേട്ടാ...
നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നു.
നിങ്ങളുടെ ആത്മാര്‍ഥതയ്ക്കു മുമ്പില്‍ ഒരു ഫസ്റ്റ് ക്ലാസ്സ് ഉഴപ്പന്റെ അസൂയ കലര്‍ന്ന സ്നേഹം ഇതാ, ഇവിടെ പകര്‍ത്തി വയ്ക്കുന്നു. grin emoticon heart emoticon

4 comments: