Wednesday, March 2, 2016

മിന്നാമിനുങ്ങ്

Feb: 4, 2016
.............................
ഇന്ന്,
ഉമ്മാടെ ഒരു ബന്ധുവീട്‌ വരെ പോയി.
ആ വീടിനടുത്തുള്ള വഴീൽ ഉമ്മായെ ഇറക്കി.
"ഇപ്പെന്ത്‌ ചെയ്യുന്നു...?" എന്ന ചോദ്യം വരും, അതോണ്ട്‌ ഞാൻ കേറുന്നില്ല എന്നു പറഞ്ഞു. 'മഗ്രിബ്‌ ബാങ്ക്‌ കൊടുക്കുമ്പോഴേക്കും ഞാൻ വരാം, ഇറങ്ങി നിക്കണം' എന്നു പറഞ്ഞ്‌ ഞാനൊരു ഫ്രണ്ടിനെ കാണാൻ പോയി.
അന്വേഷിച്ചു ചെന്നപ്പോ അവൻ കുറേ ദൂരെ നിൽക്കാണ്‌, ഇപ്പഴൊന്നും കാണാൻ പറ്റില്ല. ഫോൺ പണിമുടക്കിലായതുകൊണ്ട്‌ എനിക്ക്‌ ഉമ്മയെ വിളിക്കാനും പറ്റുന്നില്ല. ഒടുവിൽ, ഉമ്മാടെ ആ ബന്ധുവീട്ടിൽ ചെന്നു.
ഉമ്മയുടെ കസിനാണ്‌ ആ വീട്ടിലുള്ളത്‌. ഉമ്മയെക്കാൾ ഏഴെട്ടു വയസ്സ്‌ കൂടുതലുണ്ടാവും. ഷുഗർ കൂടി കാഴ്ച പോയി കുറേക്കാലമായി വീട്ടിൽത്തന്നെയാണ്‌.
ഞാൻ ഉമ്മയെ ഇറക്കി പോകുന്നത്‌,
ആ ഉമ്മയുടെ മകൾ കണ്ടിരുന്നു. ഉമ്മയോട്‌ ചോദിച്ചപ്പോ ഉള്ള കാര്യം ഉമ്മ അങ്ങ്‌ പറയുകേം ചെയ്തു,
"എന്ത്‌ ചെയ്യുന്നു?" എന്ന ചോദ്യം നേരിടാൻ വയ്യാത്തോണ്ട്‌ കേറാതിരുന്നതാണെന്ന്. unsure emoticon
ഞാനെന്തെങ്കിലും പറയും മുമ്പ്‌ എന്റെ ശബ്ദം കേട്ടിടത്തേക്ക്‌ നോക്കിക്കൊണ്ട്‌ ആ വീട്ടിലെ ഉമ്മ പറഞ്ഞു.
"അതൊന്നും സാരമില്ല മക്കളേ. എല്ലാം ശരിയാവും. പടച്ചോൻ എന്നും, എല്ലാവരെയും ഒരുപോലെ ഒന്നുമാക്കില്ല.... മോൻ വെഷമിക്കുകൊന്നും വേണ്ട...." smile emoticon
വീടിനുള്ളിലെ,
നിറമില്ലാത്ത ലോകത്തേക്ക്‌ ഒതുങ്ങിപ്പോയ ഒരാളുടെ വാക്കുകളാണ്‌.
പടച്ചോനോട്‌ സ്വന്തം കാര്യങ്ങൾ പറയുന്ന പണി നിർത്തീട്ട്‌ കാലം കുറച്ചായ ഒരാളിനോടാണ്‌ ആ ഉമ്മ ഇതു പറയുന്നത്‌.
ആ ഉമ്മ പറഞ്ഞ വാക്കുകൾ,
ആ സ്നേഹം,
കരുതൽ....
പ്രതീക്ഷയുടെ അവശേഷിക്കുന്ന മെഴുകുതിരിവെട്ടത്തിലേക്ക്‌ ആ വാക്കുകൾ ചേർത്തു വയ്ക്കുന്നു;
ഉരുകിത്തീരാനാണ്‌ വിധിയെങ്കിൽ അതു തന്നെ സംഭവിക്കട്ടെ എന്ന നിസ്സഹായമായ ആത്മവിശ്വാസത്തോടെ...!!!

No comments:

Post a Comment