Thursday, February 3, 2011

ഉള്ളു പൊള്ളിയൊലിച്ചിറങ്ങുമ്പോള്‍

പനിച്ചു കിടന്നപ്പോള്‍,
108 ഡിഗ്രിയില്‍ തിളച്ചപ്പോള്‍
ചൂടാറ്റിയകറ്റിയത്‌
 അമ്മയായിരുന്നു

ജോസഫിണ്റ്റെ കയ്യില്‍,
കോമ്പസ്‌ വെച്ച്‌ കുത്തിയതിന്‌
അച്ഛന്‍ തല്ലിയത്‌
വല്ലാതെ നൊന്തു;
വേദന കൂട്ടിയത്‌
അമ്മയുടെ കണ്ണു നിറഞ്ഞത്‌

ജോസഫിന്നും 
ആത്മാര്‍ഥ സുഹൃത്താണ്‌...
ത്രിസന്ധ്യക്കു തുളസിത്തറയില്‍
വിളക്കിന്‌ തിരിയിടാന്‍
എണ്ണ പകരുമ്പോഴാണ്‌
സിനിമയ്ക്കു പോകാന്‍
കാശ്‌ ചോദിച്ചത്‌
നോട്ടം കൊണ്ട്‌ ദഹിപ്പിച്ചല്ലമ്മ;
മിണ്ടാതെ, പറഞ്ഞു:
ഇതൊന്നു കഴിഞ്ഞോട്ടെ...

പൂച്ചയെ കൊല്ലാന്‍
വിഷം വെച്ച നാള്‍,
അതിനെ കാത്തൊരു
കുഞ്ഞുണ്ടാവുമെന്നും,
വീട്‌ നാറ്റിയ
പ്രാവിന്‍ കൂട്ടില്‍
രണ്ടു ജീവന്‍
കാത്തിരിപ്പുണ്ടെന്നും,
തുമ്പിയെക്കൊണ്ട്‌
കല്ലെടുപ്പിച്ചാല്‍
കാലം കാത്തുവയ്ക്കുമെന്നും...
ഒക്കെ പഠിപ്പിച്ചത്‌ 
അമ്മയായിരുന്നു

ഇനിയും നീ ചോദിക്കരുത്‌;
"ഉള്ളു പൊള്ളി-
യൊലിച്ചിറങ്ങുമ്പോള്‍
എന്തിനാണ്‌ ഞാനീ
അസ്ഥിത്തറയുടെ
അരികിലെന്ന്‌... "

No comments:

Post a Comment