Monday, June 13, 2011

ബാക്കിയായത്‌

വെള്ളിയാഴ്ചക്കാരന്‍ അണ്ണാച്ചിയോടും,
ബുധനാഴ്ചക്കാരന്‍ മാര്‍വാഡിയോടും,
 ഓട്ടോക്കാരന്‍ കറുമ്പനോടും
പണത്തിന്‌ കൈനീട്ടി
വെറുപ്പിച്ചത്‌ അച്ഛന്‍ തന്നെയായിരുന്നു

കാല്‍പണത്തിന്‌ കമിഴ്ന്നു വീഴുന്നതും,
കുടിശ്ശിക ചായക്കടയില്‍ മറച്ചതും
ചോദിച്ചപ്പോള്‍ കണ്ണു നിറച്ചതും
നിങ്ങളെണ്റ്റെ സ്വത്തെന്നു പറഞ്ഞതും,
 വെറും വാക്കെന്ന്‌ തെളിയിച്ചതും...
വെറുപ്പിച്ചത്‌ അച്ഛന്‍ തന്നെയായിരുന്നു.

ആധാരം ബാങ്കിലായതിനാല്‍
വീട്‌ വില്‍ക്കാനാവില്ലെന്ന്‌ കണ്ട്‌
വൃക്കയ്ക്ക്‌ ആളുമായി വന്നപ്പോഴാണ്‌
ആദ്യമായി അച്ഛനെ പറ്റിച്ചത്‌
എഗ്രിമണ്റ്റ്‌ പേപ്പറ്‌ കാണിച്ചു;
 വൃക്കയ്ക്ക്‌ അഡ്വാന്‍സ്‌ വാങ്ങിയതിണ്റ്റെ

അടുത്തത്‌ വരുമെന്നറിഞ്ഞ്‌,
കണ്ണ്‍`
 ചാനലിലെ പാട്ടുകാരന്‌ ഓഫര്‍ ചെയ്തു
(ഒന്നെടുത്താല്‍ ഒന്നു ഫ്രീ, അങ്ങിനേം അച്ഛനെ പറ്റിച്ചു)

പിന്നെയച്ഛന്‍ ചോദിച്ചത്‌ ഹൃദയമായിരുന്നു,
ഇത്തവണ പറ്റിച്ചില്ല
നെഞ്ചു കീറി കൊടുത്തു

പന്ത്രണ്ട്‌ കിലോ വരുന്ന ഒരു ചുവന്ന കരിങ്കല്ല്‌

No comments:

Post a Comment