Thursday, August 4, 2011

ബസ്മേറ്റ്സ്‌


Sooranad
July 27, 2011

ന്ന്‌, വളരെ വേണ്ടപ്പെട്ട ഒരാളെ കാണാന്‍ പോയി വരുന്ന വഴി, പോലീസ്‌ ചെക്കിംഗ്‌. പുതിയ സര്‍ക്കാര്‍ വന്നതു കൊണ്ടാകണം, ബ്രത്ത്‌ അനലൈസര്‍ വച്ചാണ്‌ പരിപാടി. പറഞ്ഞതു പോലെ ഹോസ്‌ വായില്‍ വച്ച്‌ ഊതി. എന്തായാലും സംഗതി ക്ളീന്‍, അടിച്ചിട്ടില്ല, ഒറപ്പിച്ചു. പിന്നീടാണ്‌ ആലോചിച്ചത്‌, കണ്ട കള്ളു കുടിയമ്മാരെല്ലാം വായില്‍ വച്ച അതേ പൈപ്പില്‍ തന്നെയാണല്ലോ, തികച്ചും മാന്യനായ ഞാനും...
ച്ഛെ....മോശം....
ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ നിന്നും , കൊല്ലം ജില്ലയുടെ സ്റ്റാര്‍ട്ടിംഗ്‌ പോയിണ്റ്റ്‌ വരെ തുപ്പി തൊണ്ടേലെ വെള്ളം വറ്റി (ആനയടിക്കും, ശൂരനാടിനുമിടയില്‍ ബാറില്ലാത്തതു കാര്യമായി എന്ന്‌ ശത്രുക്കള്‍ പറഞ്ഞു നടന്നതും ഞാന്‍ കാര്യമാക്കുന്നില്ല). എന്തായാലും മുഖമൊന്നു കഴുകണമെന്നു തോന്നി. ഒരു സോഡ വാങ്ങി, കുളിയും മുഖം കഴുകലും കഴിഞ്ഞു. ബാലന്‍സ്‌ വാങ്ങാന്‍ നിന്നപ്പോള്‍ കടക്കാരണ്റ്റെ ചോദ്യം, "സിഗററ്റ്‌ വല്ലതും വേണോ" '....യെന്ന്..!!! എണ്റ്റെ മുഖത്തു നോക്കി പുള്ളിക്കാരനിത്‌ എങ്ങനെ ചോദിക്കാന്‍ തോന്നി എന്ന ഭാവത്തില്‍ ഞാന്‍.
അയാളുടെ പിറകിലെ കര്‍ട്ടണ്റ്റെ വിടവില്‍ ഓടി മറഞ്ഞ രണ്ടു കണ്ണുകള്‍ ഞാന്‍ കാണൂന്നത്‌ അപ്പോഴാണ്‌.
----------------------------------------------
എണ്റ്റെ വീടിനു മുമ്പില്‍ കൂടി രണ്ടു വര്‍ഷം നടന്നു പോയിരുന്ന, കണ്ണുകള്‍ കൊണ്ട്‌ രണ്ടു വര്‍ഷം നിശ്ശബ്ദമായി ഞാന്‍ പ്രണയിച്ചിരുന്ന ഒരു പെണ്‍കുട്ടി. ആ രണ്ടു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അവളെന്നെ മൈണ്റ്റ്‌ ചെയ്തിട്ടുള്ളതായി ഓര്‍ക്കുന്നില്ല. അതുകൊണ്ടാകണം, എണ്റ്റെ അനിയത്തിയോട്‌ അവളെപ്പറ്റി "കണ്ടു പഠിക്ക്‌" എന്നു ഞാന്‍ പറഞ്ഞത്‌.
"ഉം, ശരിയാ, മിണ്ടാപ്പൂച്ചയാ കലമുടയ്ക്കുന്നത്‌" എന്ന്‌ അനിയത്തി പറഞ്ഞത്‌ പെണ്ണിണ്റ്റെ സ്വതസിദ്ധമായ അസൂയയായേ ഞാന്‍ കാണുന്നുള്ളൂ എന്നത്‌ വേറേ കാര്യം. :)
ശൂരനാട്‌ സ്കൂളിലെ രണ്ടു വര്‍ഷത്തിനു ശേഷം മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജിണ്റ്റെ മുമ്പില്‍ നിന്നും പിന്നീട്‌ പലതവണ ഞങ്ങള്‍ ഒരേ ബസ്സിലെ യാത്രക്കാരായി. (നമുക്കിടയിലെ പരിചയം 'ബസ്മേറ്റ്സ്‌' എന്നതായിരിക്കും, അല്ലേ?) ക്യാമ്പസ്‌ ലൈഫ്‌ കഴിഞ്ഞ്‌ ഞാനിറങ്ങി.പിന്നീട്‌ പലപ്പോഴും ബിഷപ്‌ മൂര്‍ കോളേജിണ്റ്റെ മുമ്പിലെ ആള്‍ക്കൂട്ടത്തില്‍ ഞാനറിയാതെ എണ്റ്റെ കണ്ണുകള്‍ അവളെ തിരക്കിയത്‌ ഞാനറിഞ്ഞു. ഒരിക്കല്‍പ്പോലും അവളെ കണ്ടില്ല.ആ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ കാണാതിരിക്കുമായിരുന്നില്ല. കാരണം, കണ്ണുകള്‍ കൊണ്ട്‌ മാത്രമാണ്‌ ഞാനവളെ പ്രണയിച്ചത്‌. അതുകൊണ്ടാകാം ഇന്നലത്തെ സന്ധ്യയില്‍ ഒളിച്ചിരുന്ന രണ്ടു കണ്ണുകളെ യാദൃശ്ചികമായി കണ്ടുമുട്ടിയത്‌.

(പരിശുദ്ധമായ ഒരു പ്രണയത്തിണ്റ്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന ഒരു രാത്രി സമ്മാനിച്ചതിന്‌, ബ്രത്ത്‌ അനലൈസറുമായി വഴിതടഞ്ഞ പോലീസുകാരന്‌ ഹൃദയപൂര്‍വ്വം നന്ദി... )

No comments:

Post a Comment