Saturday, August 6, 2011

അന്നാണ്‌

ചെ ഗുവേരയായിരുന്നു,
ഗുരു.

വിപ്ലവം തലയ്ക്കു പിടിച്ചപ്പോള്‍,
ഗുരു ദൈവമായി.

താടിയും, മുടിയും നീട്ടിയിട്ടും
തൊപ്പി വച്ചിട്ടും
കണ്ണുകള്‍ ഉടക്കിത്തന്നെ നിന്നു;
മൂര്‍‌ച്ചയില്ലാത്ത,
ചത്ത നോട്ടവുമായി

ദൈവത്തിനു സമം,
ദൈവം മാത്രമെന്നതു കൊണ്ടാകും

അടുത്തടുത്ത കുപ്പികളിലിരുന്ന്‌
വിപ്ലവം പുഞ്ചിരിച്ചത്..
ചോവന്റെയും,
മേത്തന്റെയും,
നസ്രാണിയുടെയും
ചോരയ്ക്ക് ഒരേ നിറമെന്നു തെളിയിച്ചത്...
വായന ശാലയിലെ രക്ത ദാന ക്യാമ്പായിരുന്നു

സമത്വം
സ്വപ്നം കണ്ടുണര്‍‌ന്ന ഒരു രാവിലെയിലാണ്‌
ഇങ്ക്വിലാബിനിടയില്‍ ഒറ്റയാകുന്നതറിഞ്ഞത്
വിപ്ലവത്തെ മേലാളനു കൂട്ടിക്കൊടുത്തപ്പോള്‍
ചെ ഗുവേരയുടെ മുടിയും താടിയും
തീവ്രവാദത്തിന്റെ ഒപ്പീസു പാട്ടായി

അന്നാണ്‌,
ഇങ്ക്വിലാബിനൊപ്പം
കൈ ചുരുട്ടാന്‍ കളഞ്ഞ പഴയ തസ്ബീഹ് മാല
എലി കരണ്ട നിസ്കാരപ്പായയുടെ മൂലയില്‍ കിടന്ന്‌
കളിയാക്കിച്ചിരിച്ചത്.

No comments:

Post a Comment