Sunday, August 7, 2011

ഓര്‍‌മ്മകള്‍ ക്ലാവു പിടിക്കുന്നില്ലല്ലോ...!!!


വിടെ നിന്നൊക്കെയോ കിട്ടിയ ചില  ഓര്‍‌മ്മകളുമായി വീണ്ടുമൊരു സൗഹൃദ ദിനം കൂടി കടന്നു വന്നപ്പോള്‍, ആര്‍‌ക്കൊക്കെ, എന്തൊക്കെ ആശംസകളാണ്‌ അയ്ക്കേണ്ടതെന്ന്‌ ആലോചിക്കുകയായിരുന്നു. മെസ്സേജ്സ്, ഇ മെയില്‍, ഫെയ്സ് ബുക്ക്.....അങ്ങനെയങ്ങനെ......
മെസ്സേജുകള്‍ അയക്കുമ്പോള്‍, ഫോട്ടോ ടാഗ് ചെയ്യുമ്പോള്‍.... ഒരുപാട് പേരെ മറന്നു പോകുന്നു. ഒരുപാട് പേര്‍‌ എന്നെയും...!!!
പക്ഷേ, ഇതിനൊക്കെയപ്പുറം സൗഹൃദങ്ങളെ മറക്കാന്‍ കഴിയാറില്ല, എനിക്കും. എപ്പോഴും ഓര്‍‌ക്കാറുമില്ല എന്നതും സത്യം. പക്ഷേ, പറയാറുണ്ട്, ചില സുഹൃത്തുക്കളെപ്പറ്റി.
കൂടെനിന്നവരും, കൂട്ടുവന്നവരും, കൂടാതെ നിന്നവരുമായ ഒരുപാട് സുഹൃത്തുക്കളെപ്പറ്റി ഓര്‍‌ക്കാറുണ്ട്. അതിന്‌ ഏതെങ്കിലും ഒരു ദിവസം വേണമെന്ന വിശ്വാസമൊന്നും എനിക്കില്ല. നാടോടുമ്പോള്‍ നടുവേ ഓടാനും, ചേരയെ തിന്നുന്ന നാട്ടില്‍ നടുത്തുണ്ടം കിട്ടണമെന്നു വെറുതെ വാശി പിടിക്കാനും കഴിയുമെന്നതുകൊണ്ടോ, കഴിയണമെന്നതു കൊണ്ടോ ആഘോഷിക്കപ്പെടേണ്ട ദിവസങ്ങളില്‍ അതിന്‌ ശ്രമിക്കുന്നു എന്നു മാത്രം.

ഇനി ചില ഓര്‍‌മ്മകളിലേക്ക്...

മിടുക്കരായ ഒരുപാട് പേരെ ഓവര്‍‌ടേക്ക് ചെയ്ത്  ഒരു കാര്‍‌ട്ടൂണിസ്റ്റ് (!!!) എന്ന ലേബലില്‍ വല്യ മിടുക്കന്‍ ചമഞ്ഞ്, അതിലേറെ ജാഡയുമായി ശൂരനാട് ഗവണ്മെന്റ് ഹയര്‍‌ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്ണിന്റെ സയന്‍സ് ബാച്ചില്‍ അഡ്മിഷനെടുക്കുമ്പോള്‍ , "മുജീബ് വരയ്ക്കുമോ?" എന്ന്‌ ആദ്യം ചോദിച്ച ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പലരും ജാഡയെന്നു തെറ്റിദ്ധരിച്ച അപകര്‍‌ഷതാ ബോധത്തിന്റെ നിഴലില്‍ നിന്നുകൊണ്ട് "ഉം, എന്തു വേണം" എന്ന എന്റെ മറുപടി അവസാനിച്ചത് ഒരു കൊച്ചു വാക്കു തര്‍‌ക്കത്തിലായിരുന്നു. പിറ്റേന്ന്‌, എന്റെയൊരു സുഹൃത്തിനെ പതിവില്ലാതെ സ്കൂളില്‍ കണ്ടപ്പോള്‍ "എന്താ അളിയാ?" എന്നു ഞാന്‍ ചോദിക്കുന്നു.
"ഡാ, ഇന്നലെ ഒരുത്തന്‍ പെ ങ്ങളോട് എന്തോ ഡയലോഗ് വിട്ടു, അവനെയൊന്നു കാണാന്‍ വന്നതാണെന്ന്‌ " ആ സുഹൃത്തിന്റെ മറുപടി.

രണ്ടാമത്തെ രംഗത്തില്‍ ആ പെണ്‍കുട്ടി എന്നോട് ചോദിക്കുന്നു, "ചേട്ടനെ മുജീബ് എങ്ങനെ അറിയും..??"
ജീവിതത്തില്‍ നിറഞ്ഞ മനസ്സോടെ എന്നും ഞാനോര്‍‌ക്കുന്ന ഒരു സൗഹൃദം അവിടെ ആരംഭിക്കുകയായിരുന്നു.
ഒരുപാട് ഉച്ചകളില്‍ സ്കൂളിന്റെ തെക്കേപ്പറമ്പിലെ "തറവാട്" എന്നറിയപ്പെടുന്ന മുത്തശ്ശിപ്ലാവിന്റെ ചോട്ടിലെ സൗഹൃദക്കൂട്ടായ്മയ്ക്കിടയില്‍ നിന്നും അവളെ കാണാന്‍ മാത്രമായി സ്കൂളിലേക്ക് ഞാന്‍ വന്നു.  ആകാശത്തിനും, ഭൂമിക്കുമിടയിലെ സര്‍‌വ്വ കാര്യങ്ങളും സംസാരിച്ചു കൊണ്ട് ഒരുപാട് ഉച്ചകളില്‍ സ്കൂളിന്റെ വരാന്തയില്‍ ബാക്കിയുള്ളവരുടെ കണ്ണുകളില്‍ പ്രണയമെന്നു തോന്നിപ്പിച്ചു കൊണ്ട് ഞങ്ങള്‍ നിന്നു. പേപ്പറു വാങ്ങാന്‍  സ്കൂള്‍ ഗ്രൗണ്ടില്‍ കൂടി ഒന്നിച്ചു നടന്നു. വരാന്തയിലെ റെക്കോഡെഴുത്തുകളില്‍, വെയിലു കൊള്ളാതിരിക്കാന്‍ പലപ്പോഴും അവളുടെ ചുരിദാറിന്റെ ഷോ ളിന്റെ ഒരറ്റം എന്റെ നെറുകയില്‍ കിടന്നു. അധ്യാപകരെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു പഠിപ്പിച്ച ഒരുപാട് നാളുകളില്‍ ക്ലാസില്‍ നിന്നിറക്കി വിടുമ്പോള്‍, എനിക്കു വേണ്ടി നോട്സ് എഴുതി അവള്‍ കാത്തിരുന്നു. ക്ലാസ്സില്‍ മറന്നു വയ്ക്കുന്ന ബുക്കിലെ ലോകം കാണാത്ത സാഹിത്യത്തില്‍ അവള്‍ നിരൂപണം നടത്തി. ചിലപ്പോഴൊക്കെ നിശിതമായി വിമര്‍‌ശിച്ചു.

അവളുടെ വിവാഹത്തിന്‌ ആദ്യം ക്ഷണിച്ചത് എന്നെയായിരുന്നു. തലേന്നാള്‍ വീട്ടില്‍ പോയി. ഒരു പെണ്ണ്‌ ഏറ്റവും സുന്ദരിയാകുന്നത് അവളുടെ വിവാഹ നാളിലല്ല, അതിന്റെ തലേന്നാളാണെന്ന സത്യം മനസ്സിലാക്കി. അതെന്താ, വിവാഹത്തിനു സുന്ദരി ആയിരുന്നില്ലേന്നു ചോദിച്ചാല്‍....
അറിയില്ല. കാരണം. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹത്തിനു ഞാന്‍ പോയില്ല.


ഒറ്റയാക്കാന്‍....


അവള്‍ ചോദിച്ചു;

ആത്മാര്‍ഥ സുഹൃത്തായിരുന്നിട്ടും

ആദ്യം എന്നെ ക്ഷണിച്ചിട്ടും

അവളുടെ വിവാഹവേദിയില്‍

എന്താണു ഞാന്‍ പോകാതിരുന്നതെന്ന്‌...


"വന്നിരുന്നെങ്കില്‍

അവിടെയും നീ

എന്നെ ഒറ്റയാക്കുമായിരുന്നില്ലേ... ?


അവളുടെ വിവാഹത്തിനു രണ്ടു വര്‍‌ഷങ്ങള്‍ക്കിപ്പുറം ഞാനെഴുതിയ ഒരു കവിതയാണിത്.
അവളെയും എന്നെയും ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധവും അറിയാവുന്ന പല സുഹൃത്തുക്കളും പ്രത്യക്ഷമായിട്ടും, പരോക്ഷമായിട്ടും അവളെ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നു ചോദിച്ചു.
പക്ഷേ, അവരറിയുന്നില്ലല്ലോ സൗഹൃദത്തിന്‌ പ്രണയത്തേക്കാള്‍ സുഖമുണ്ടെന്ന്‌. അവളുടെ സൗഹൃദത്തേക്കാള്‍ എന്നെ മനസ്സിലാക്കാന്‍ ഒരു പ്രണയത്തിനും ഇന്നോളം കഴിഞ്ഞിട്ടില്ലെന്ന്‌...!!!

അവളുടെ വിവാഹത്തിനു ശേഷം അവളെന്നെ വിളിച്ചില്ല. പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നു വന്ന കോളുകളിലെല്ലാം ഞാനവളെ പ്രതീക്ഷിച്ചു. അങ്ങനെയൊരിക്കല്‍, എന്നെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട (ഇപ്പോഴെന്റെ ശത്രുവായിരിക്കുന്ന) ഒരു സുഹൃത്തിനോടൊപ്പം കരുനാഗപ്പള്ളിയിലേക്കുള്ള യാത്രയില്‍ ഡ്രൈവിംഗിനിടയില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ആ സുഹൃത്തിനെപ്പറ്റി ഞാന്‍ പറഞ്ഞു. ഇനിയൊരിക്കലും അവളുടെ ഒരു വിളി ഞാന്‍ പ്രതീക്ഷിക്കുന്നില്ല എന്നു പറഞ്ഞ് അവളെപ്പറ്റിയുള്ള സംഭാഷണം അവിടെ അവസാനിപ്പിച്ചു. കൃത്യം പത്തു മിനിട്ടിനകം, കരുനാഗപ്പള്ളിയിലെത്തി വണ്ടി നിര്‍‌ത്തുമ്പോള്‍ പരിചയമില്ലാത്ത നമ്പരില്‍ നിന്നൊരു കോള്‍. "മുജീബേ, മനസ്സിലായോ?" എന്നൊരു ചോദ്യം. "ഡീ, ദേ നിന്നെപ്പറ്റി ഞാന്‍ പത്തു മിനിട്ടു മുമ്പ് പറഞ്ഞതേയുള്ളൂ" എന്ന്‌ ഞാന്‍. എന്താണ്‌ പറഞ്ഞതെന്ന അവളുടെ ചോദ്യത്തിന്‌ "ഇനിയൊരിക്കലും നിന്റെയൊരു ഫോണ്‍കോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല" എന്നാണ്‌ പറഞ്ഞതെന്ന്‌ ചിരിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കി.

ആ സൗഹൃദം തുടങ്ങിയിട്ട് വര്‍‌ഷം എട്ട്‌ കഴിഞ്ഞിരിക്കുന്നു. എന്റെ സന്തോഷങ്ങളുടെ, ദുഖങ്ങളുടെ ഒരു എന്‍സൈക്ലോ പീഡിയയാണ്‌ ഇന്നവള്‍. ഒരുഫോണ്‍ കോളിനപ്പുറം "പോകുവാന്‍ നിനക്ക്‌ ഏറെ ദൂരമുണ്ടെന്ന്‌" ഓര്‍‌മ്മിപ്പിക്കുവാന്‍ അവളുണ്ട്. വല്ലാതെ ടെന്‍ഷനാകുമ്പോള്‍, എന്റെ മൊബൈലില്‍ ഇനിയും സേവ് ചെയ്തിട്ടില്ലാത്ത ഒരു നമ്പരില്‍ പ്രണയത്തിനു തോല്പ്പിക്കാന്‍ കഴിയാതെ ഒരു സൗഹൃദമെന്നെ തളരാതിരിക്കാന്‍ സഹായിക്കുന്നു.
"ആത്മഹത്യ ചെയ്യാന്‍ തോന്നുന്നെടീ" എന്നു പറയുമ്പോള്‍
"നീ ചത്താല്‍ ആര്‍‌ക്കാണ്‌ നഷ്ടം? പോയി ചാകെടാ പട്ടീ" എന്നു പറഞ്ഞ്  ഭീരുവാകരുതെന്ന്‌ എന്നെ ഓര്‍‌മ്മിപ്പിക്കുന്നു.
ഇന്നീ സൗഹൃദ ദിനത്തില്‍, മൂലയിലിരിക്കുന്ന പെട്ടിയുടെ മുകളില്‍ വലയൊരുക്കുന്ന എട്ടുകാലിയുടെ അസൂയ ഞാന്‍ മനസ്സിലാക്കുന്നു. ആ പെട്ടിക്കുള്ളിലാണ്‌, അവളെനിക്കു സമ്മാനിച്ച ഗ്രീറ്റിംഗ് കാര്‍‌ഡുകള്‍ ഞാന്‍ സൂക്ഷിച്ചിരിക്കുന്നത്...!!!

എന്റെ ഓര്‍‌മ്മകള്‍ ക്ലാവു പിടിക്കുന്നില്ലല്ലോ എന്നു പറയുന്ന എന്റെ മനസ്സിന്‌ ഈ സൗഹൃദ ദിനം ഞാന്‍ സമര്‍‌പ്പിക്കുന്നു; ഞാനൊരു സുഹൃത്താണെന്ന അഹങ്കാരത്തോടെ.

No comments:

Post a Comment