Wednesday, September 14, 2011

ചന്ദന മണമുള്ള ഒരോര്‍‌മ്മ


ജീവിതം അതിന്റെ ആകസ്മികതകള്‍ കൊണ്ട് വല്ലാതെ കളിയാക്കിയ ഒരു മനുഷ്യനുണ്ടായിരുന്നു, എന്റെ വീടിന്റെ തൊട്ടടുത്ത് ചായക്കട നടത്തിക്കൊണ്ടിരുന്ന പ്രഭാകരേട്ടന്‍ . ഓര്‍‌മ്മയുള്ള കാലത്ത്, നാട്ടിലെ ഒരു ബ്ലേഡുകാരന്‍ എന്ന നിലയിലായിരുന്നു പ്രഭാകരേട്ടനെ ഞാന്‍ അറിഞ്ഞിരുന്നത്. സാധാരണക്കാര്‍‌ക്കിടയില്‍, പണം പലിശയ്ക്ക് കൊടുക്കുകയും, അതിന്റെ പിരിവിനായി സൈക്കിളില്‍ പോവുകയുമൊക്കെ ചെയ്തിരുന്ന പ്രഭാകരേട്ടന്‍ എന്റെ ഓര്‍‌മ്മയില്‍ ഇപ്പോഴും  മങ്ങാതെ നില്‍ക്കുന്നു. "മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റിയ' അതേ ഭഗവാന്‍ തന്നെ പ്രഭാകരേട്ടനെ ബ്ലേഡ് പ്രഭാകരന്‍ എന്ന നിലയില്‍ നിന്നും ചായക്കടക്കാരന്‍ പ്രഭാകരന്‍ ആക്കി മാറ്റി.
കടയിലെ ചായയ്ക്കേ രുചിയുള്ളൂ എന്നു വിശ്വസിക്കുന്ന എന്റെ ബാപ്പയുടെ നല്ലൊരു സുഹൃത്തായി, പ്രഭാകരേട്ടന്‍ .
  അനിവാര്യമായ വിധി തന്റെ ജീവിതത്തെ മാറ്റിമറിക്കുകയും, കിടപ്പാടം പോലും വില്‍ക്കേണ്ടി വരികയും ചെയ്തു വര്‍‌ഷങ്ങള്‍ക്കു ശേഷം ഒരു മകന്‌ പട്ടാളത്തിലും, എന്റൊപ്പം പഠിച്ചിരുന്ന ഇളയ മകന്‌ ഗള്‍ഫിലും ജോലി കിട്ടി, അദ്ദേഹം ആഗ്രഹിച്ചതു പോലെ. അപ്പോഴും ചായക്കട നിര്‍‌ത്താതെ ആ ജീവിതത്തെ ഇഷ്ടപ്പെട്ടു തന്നെ ജീവിച്ചു അദ്ദേഹം; ആരാന്റെ കാറില്‍ ലിഫ്റ്റ് കിട്ടിയാല്‍ അപ്പനെ മറക്കുന്നവരുടെ നാട്ടില്‍ ...!!!
അപ്രതീക്ഷിതമായി വന്ന ഒരു ഹാര്‍‌ട്ട് അറ്റാക്കില്‍ പകച്ചു പോയ എന്റെ ബാപ്പ ഹോസ്പിറ്റലിലെ ഐ.സി.യു വില്‍ വച്ച് എന്നെ ഓര്‍‌മ്മിപ്പിച്ചത് പ്രഭാകരേട്ടന്‌ കൊടുക്കാനുള്ള മുന്നൂറ്റി അന്‍പത് രൂപയെപ്പറ്റിയായിരുന്നു; പാരമ്പര്യമായി എനിക്കു സമ്മാനിച്ച ലക്ഷങ്ങളുടെ കടത്തെപ്പറ്റി മിണ്ടാതെ.... 
ഒരിക്കലും, ചായക്കടയിലെ പറ്റു പൈസ ഓര്‍‌ത്തു വച്ചില്ല പ്രഭാകരേട്ടന്‍ , പകരം സുഹൃത്ത് കൂടിയായ എന്റെ ബാപ്പയെ വിശ്വാസത്തിലെടുത്തു. ആ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നാണ്‌ ബാപ്പ ആഗ്രഹിച്ചത്. ഹോസ്പിറ്റലില്‍ നിന്നും വന്ന ദിവസം തന്നെ ആ കടം കൊടുത്തു തീര്‍‌ക്കുകയും ചെയ്തു ബാപ്പ.
-------------------------------------------
ചായക്കടയിലെ പുകയ്ക്കപ്പുറത്ത് നിന്നു പലപ്പോഴും ചിരി കൊണ്ടും, തമാശകൊണ്ടും എന്നോട് സ്നേഹം കാണിച്ചിരുന്ന പ്രഭാകരേട്ടനെ ഇക്കഴിഞ്ഞ ആഴ്ച, ഉത്രാടത്തിന്റന്ന്‌ ഞാന്‍ കണ്ടു.
ചന്ദനത്തിരിയുടെയും, രാമച്ചത്തിന്റെയും മണമുള്ള പുകയില്‍ ......
മാറി നിന്നു വിങ്ങിയ ബാപ്പയുടെ കണ്ണീരില്‍ ....
അതിനും മുമ്പ്, 
ശാസ്താംകോട്ട ഗവണ്മെന്റ് ഹോസ്പിറ്റലിലെ മോര്‍‌ച്ചറിയിലെ തണുത്ത ഇരുമ്പു കട്ടിലില്‍ .....
മദ്യം മണക്കുന്ന കുറേപ്പേര്‍‌ക്കിടയില്‍ ഒരു തുള്ളി മദ്യത്തിന്റെ പിന്‍ബലമില്ലാതെ അങ്ങനെ നിന്നപ്പോഴാണ്‌ ജീവിതത്തിലാദ്യമായി നിര്‍‌വികാരത എന്താണെന്നു ഞാന്‍ അറിഞ്ഞത്...!!! 

No comments:

Post a Comment