Thursday, October 6, 2011

ഒരു കയ്യൊപ്പു കൂടി...

"എവിടെയായിരുന്നു ഇത്രയും നാള്‍ ?" എന്ന ചോദ്യത്തിനുള്ള മറുപടി അര്‍‌ഥഗര്‍‌ഭമായ ഒരു ചിരിയായിരുന്നു. ഇവിടെ ചോദിച്ചത് ജെ.പി യും ചിരിച്ചത് മേനോന്‍ സാറും.
ശത്രുവും, മിത്രവും മനസ്സു നിറഞ്ഞ് കയ്യടിച്ചു, ആ ചോദ്യത്തിനു മുമ്പില്‍ .
ജെ.പി - ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത് സിനിമയിലെ പൃഥ്വിരാജ് കഥാപാത്രം
മേനോന്‍ സാറ് - ഇതേ സിനിമയിലെ തിലകന്‍ കഥാപാത്രം.
-------------------------------------------------------------
മലയാളത്തിലെ കച്ചവട സിനിമയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്നതിനിടയിലാണ്‌, പെട്ടെന്നൊരു ദിവസം "താനിനി ഇങ്ങനെ തുടരുന്നില്ല" എന്ന പ്രഖ്യാപനം രഞ്ജിത് നടത്തുന്നത്. അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച്, അതൊക്കെ പ്രേക്ഷകര്‍‌ വിശ്വാസത്തിലെടുക്കുന്ന ഒരവസ്ഥയുണ്ടാക്കിയിട്ട് എങ്ങോട്ടാണ്‌ രഞ്ജിത് എന്ന ചോദ്യത്തിനുള്ള മറുപടി പലരും ശ്രദ്ധിക്കാതെ ശ്രദ്ധിച്ച സിനിമകളായിരുന്നു.
നന്ദനവും, തിരക്കഥയും, കയ്യൊപ്പും , പ്രാഞ്ചിയേട്ടനും
രഞ്ജിത്തിനെന്തു പറ്റി... എന്ന ചോദ്യത്തിനുള്ള മറുപടികളായി.

-----------------------------------
ഇനി കാര്യത്തിലേക്ക്....
...............................
തിലകന്റെ തിരിച്ചു വരവ് എന്നു പറഞ്ഞപ്പോള്‍ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. എറിയുന്നവന്റെ കയ്യില്‍ തന്നെയാണല്ലോ വടി കിട്ടിയത്. അപ്പോപ്പിന്നെ മോശമാകാന്‍ തരമില്ല. അതെ, അതു തന്നെയാണ്‌ സത്യം. വളരെ മനോഹരമായി, സാമൂഹ്യ പ്രതിബദ്ധതയോടു കൂടിത്തന്നെ സിനിമയെ എഴുതിയിരിക്കുന്നു രഞ്ജിത്.
കൊട്ടിഘോഷിക്കപ്പെട്ട ഷഹബാസ് അമന്‍ പാട്ടുകള്‍ ഒരെണ്ണമൊഴികെ മറ്റെല്ലാം നിരാശപ്പെടുത്തി.
ഒരു മോഡല്‍ എന്നതിനപ്പുറത്തേക്ക് തനിക്ക് വലിയ സാദ്ധ്യതകളൊന്നുമില്ലെന്നു ഒരിക്കല്‍കൂടി തോന്നിപ്പിച്ചു, റിമ കല്ലിംഗല്‍ .
ഒട്ടും ബോറടിപ്പിക്കാതെ, തമാശയെ ഗൗരവമായി രേഖപ്പെടുത്തി, ജഗതി ശ്രീകുമാര്‍‌
ഒരു പാട്ടില്‍ കുറെ പ്രണയം കുത്തിത്തിരുകിയത് എന്തിനാണെന്നു മാത്രം ഇനിയും മനസ്സിലായില്ല. പൃഥ്വിരാജിനു കിട്ടുമെന്നുറപ്പുള്ള കൂവല്‍ മുഴുവനും അവിടെ കിട്ടിക്കോട്ടെ എന്നു കരുതിയിട്ടാണെങ്കില്‍ സംവിധായകന്റെ ഉദ്ദേശ്യശുദ്ധി നൂറു വട്ടം ശരിയായി. നല്ല ഒന്നാം ക്ലാസ് കൂവല്‍ ആ പാട്ടുസീനിനു മാത്രം കിട്ടി...!!!

മലയാള സിനിമയുടെ ഭാവിയിലേക്ക് ആരൊക്കെ? എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു അവസാന ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ആസിഫ് അലിയ്ക്കും, ഫഹദ് ഫാസിലിനും കിട്ടിയ കയ്യടി. ഒപ്പം 'അഹങ്കാരി' എന്ന വിളിയില്‍ അഹങ്കരിക്കുന്ന പൃഥ്വിരാജിന്റെ ഈ സിനിമയിലെ പ്രകടനവും.

***അവസാന വാക്ക്: പടം പോയിക്കാണൂ. എന്തായാലും കാശും, സമയവും നഷ്ടമാകില്ല.

No comments:

Post a Comment