Saturday, September 24, 2011

മനസ്സാക്ഷിയില്ലാത്തൊരു നേര്‍‌രേഖയില്‍

"ഞങ്ങള്‍ മൂന്നാലാളുകള്‍ ചുറ്റും നിന്ന്‌ കിതച്ചിട്ടും ഹൃദയം മനസ്സാക്ഷിയില്ലാത്തൊരു നേര്‍‌രേഖ വരച്ച് തുടിപ്പറ്റു. അവളൊരു പഴന്തുണിക്കെട്ടു പോലെ കിടന്നു. ഒന്നും സംഭവിപ്പിക്കാനാകാതെ പോയതില്‍ കടുത്ത നിരാശ തോന്നി. അവളുടെ കണ്ണുകള്‍ എന്തിലോ മിഴിച്ച് നിശ്ചലമായി. അവളുടെ വീര്‍‌ത്ത വിരലുകള്‍ക്കപ്പോള്‍ കൊടും തണുപ്പായിരുന്നു. മരണത്തിന്റെ തണുപ്പ്. അവളുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ എനിക്കെന്നെ കാണാനായി.അവള്‍ക്ക് കൊടുക്കാതെ വച്ച വെള്ളം അടുത്ത് കുപ്പിയില്‍ മരവിച്ചു നിന്നു."
--------------------------------------
സെപ്തംബര്‍‌ ലക്കം 'പച്ചക്കുതിര' യില്‍ 'സിദ്ദിഹ'യുടെ നഴ്സിംഗ് അനുഭവം വായിക്കുകയായിരുന്നു. മരണപ്പെട്ടു പോയ മുഖങ്ങള്‍ ഓരോന്നായി ഓര്‍‌ത്തെടുത്തു കൊണ്ട്..... മനസ്സാക്ഷിയില്ലാത്തൊരു നേര്‍‌രേഖയിലാണ്‌ ഓരോ ജന്മവും അവസാനിക്കുന്നത് എന്നോര്‍‌ത്തു കൊണ്ട്.... ചെമ്മാനും, ചെരുപ്പുകുത്തിയും, തെണ്ടിയും, ഭ്രാന്തനും, കവിയും, കലാകാരനും, കാമുകിയും......അങ്ങനെയെല്ലാവരും ഓര്‍‌മ്മയായി മാറുമെന്നോര്‍‌ത്തു കൊണ്ട്....
ഒരു service എന്ന നിലയില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന പ്രൊഫഷനെക്കുറിച്ചുള്ള ഒരു ലേഖനം എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു, 'നഴ്സിംഗ് അനുഭവം' വായിക്കാനെടുക്കുമ്പോള്‍.
പിന്നീടെപ്പോഴോ തിരിച്ചറിയുകയായിരുന്നു, പുലിയായും പൂച്ചയായും പുഞ്ചിരിയായും കണ്ണീരായും മുമ്പില്‍ നിറഞ്ഞവരെല്ലാം മനസ്സാക്ഷിയില്ലാത്തൊരു നേര്‍‌രേഖയില്‍ നിസ്സഹായരായിപ്പോകുമെന്ന്‌......

No comments:

Post a Comment