Tuesday, November 15, 2011

ആര്‍‌ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ...


അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 
ഹയര്‍ സെക്കണ്ടറിക്കാലം നല്‍കിയ തീക്ഷ്ണമായ ഓര്‍മ്മകളും മനസ്സില്‍ വച്ചു കൊണ്ട്‌ മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്ട്സിന്റെ മുറ്റത്തേക്ക്‌ കടന്നു ചെല്ലുമ്പോള്‍ ഭയമായിരുന്നു ഉള്ളു നിറയെ. ഫൈന്‍ ആര്ട്സ്‌ കോളേജിനെപ്പറ്റി കേട്ട പേടിപ്പെടുത്തുന്ന റാഗിംഗ്‌ വാര്‍ത്തകളും മുടിനീട്ടി വളര്‍ത്തി, കണ്ണുകൊണ്ടുഴിഞ്ഞ്‌ അകത്തേക്കുള്ള പതര്‍ച്ചകളെ കൃത്രിമമായിട്ടൊരു ഗൌരവത്തില്‍ വീക്ഷിക്കുന്ന സീനിയേഴ്സും ചേര്‍ന്ന്‌ ആ ഭയം കൂട്ടി.പക്ഷേ പിന്നീടുള്ള ഓര്‍മ്മകളില്‍ 
ചുറ്റുമതിലിടിഞ്ഞ കുളക്കരയില്‍ പേടിച്ചു വരച്ച മരങ്ങളും , 
ആലിന്റെ മൂട്ടില്‍ പ്രതിഷ്ഠിച്ചിരുന്ന പേരറിയാത്ത ഏതോ ദൈവവും , 
പെയ്ന്റിങ്  ഡിപ്പാര്ട്ട്മെന്റിലെ ഇരുട്ടു നിറഞ്ഞ ഫിലിം ഷോകളും 
പങ്കു വച്ച പൊതിച്ചോറും  
ലൈബ്ബ്രറിയിലെ ഉറക്കം തൂങ്ങിയ ഉച്ചകളും 
രണ്ടു പെഗ്ഗില്‍ കവിതകളുടെ സൌന്ദര്യം ഓര്‍മ്മിപ്പിച്ച സൌഹൃദങ്ങളും 
ഗേള്‍സ്‌ സ്കൂളിനു മുമ്പിലെ ഉലാത്തലും 
സാമിക്കടയിലെ ചായ കുടിയും 
ഫില്‍റ്ററെരിയും വരെ പങ്കു വച്ച സിസ്സേഴ്സ്‌ ഗോള്‍ഡും .......
കാലങ്ങള്‍ക്കിപ്പുറം അതൊക്കെ ഇങ്ങനെ ഓര്‍ക്കുമ്പോഴാണ്‌ ഒന്നു കൂടി അവിടെ പോകാന്‍ തോന്നുന്നത്‌.  
ഒരിക്കല്‍ക്കൂടി ഫസ്റ്റിയറില്‍ അഡ്മിഷന്‍ വാങ്ങാന്‍ തോന്നുന്നത്. പലരും പറഞ്ഞിട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും നല്ല കാലം വിദ്യാഭ്യാസ കാലമാണെന്ന്‌. അന്നൊക്കെ പരിഹാസത്തോടെ കേട്ട ആ വാക്കുകള്‍ ഇന്നെന്നെ പരിഹസിക്കുകയാണ്‌. 'നിനക്കതൊക്കെ നഷ്ടമായിരിക്കുന്നു' എന്നോര്‍‌മ്മിപ്പിക്കുകയാണ്‌.


ഫസ്റ്റിയറിലെ ആദ്യ ദിവസങ്ങളിലെപ്പോഴോ ക്ലാസ്സിലെ രണ്ടു പെണ്‍ കുട്ടികളുമായി ഒരു നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തു. അതിലൊരാള്‍ക്ക് തുടര്‍‌ച്ചയായി പ്രണയാഭ്യര്‍‌ഥനകള്‍ വന്നു തുടങ്ങുകയും, അതൊക്കെ ഒരു തമാശയുടെ പരിധികള്‍ക്കപ്പുറത്തേക്ക് കടന്നു പോകുന്നു എന്നു തോന്നുകയും ചെയ്ത ഏതോ ഒരു ദിവസം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ സൗഹൃദത്തിനപ്പുറത്തുള്ള ഏതൊക്കെയോ അവ്സ്ഥാഭിനയങ്ങളിലേക്ക് കടന്നു ചെന്നു. 
പിന്നീട് അതിന്റെ പേരില്‍ സീനിയേഴ്സിന്റെ ചോദ്യം ചെയ്യലുകള്‍ ...!! കൂട്ടുകാരുടെ കളിയാക്കലുകള്‍ ...!!!


ജീവിതത്തിലന്നു വരെ സംഭവിച്ചിട്ടുള്ളതു പോലെ തന്നെ സെക്കന്റിയറിലെ ആദ്യമാസത്തില്‍ ഞങ്ങള്‍ അന്യരായി...!!! നിസ്സാരമല്ലെന്ന്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്ന ഒരു കാരണത്തിന്‍ മേല്‍ ഞങ്ങള്‍ പരസ്പരം എപ്പോഴും കാണുക മാത്രം ചെയ്യുന്ന ക്ലാസ്സ്മേറ്റ്സായി....!!!


'തീക്ഷ്ണമായ ഒരു സൗഹൃദം, അത്രയ്ക്കു തീക്ഷ്ണതയൊന്നുമില്ലാത്ത ഒരു പ്രണയത്തിലേക്ക് വഴിമാറുമ്പോള്‍ സ്വാഭാവികമായും ആ സൗഹൃദം കൂടി ഇല്ലാതാകും.' അതുതന്നെയായിരുന്നു ഒരു പരിധി വരെ ഇവിടെയും സംഭവിച്ചത്.
അതിനുമപ്പുറം അവളോടുള്ള സൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് കഴിയാതെ പോയി. "എനിക്കു നിന്നോട് പ്രണയമുണ്ടായിരുന്നു. പക്ഷേ അതിനേക്കാളേറെ ഞാന്‍ നിന്റെ ഒരു സുഹൃത്തായി തുടരാനാണ്‌ ആഗ്രഹിക്കുന്നത്; ഇപ്പോഴത്തെ നമ്മളെ പോലെ" എന്ന പറച്ചില്‍ ഒരു ചെറിയ ചിരി കൊണ്ട് പ്രതികരിച്ചവള്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഒരുപാട് അകന്നു പോയി. അഞ്ചു വര്‍‌ഷങ്ങള്‍ക്കു മുമ്പ് അത് പ്രായത്തിന്റെ ചാപല്യമായിരുന്നുവെങ്കില്‍ ഇന്ന്‌, ഈ ഇരുപത്തിനാലാം വയസ്സിലും അവളെ എനിക്കു മനസ്സിലാകുന്നില്ല... 
മറച്ചു വയ്ക്കാമായിരുന്നിട്ടും ഒരു സുഹൃത്തെന്ന സ്വാതന്ത്ര്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഒരുപാട് ചെറുതാകാന്‍ അവള്‍ക്ക് കഴിഞ്ഞതെങ്ങനെ എന്ന്‌....
ഇന്നും മനസ്സിലാകുന്നില്ല...!!!


ഇപ്പോള്‍ ഇവിടെ പുറത്തെ ഉച്ച വെയിലും, മാങ്കൊമ്പിലെ കുരുവികളുടെ സൗഹൃദവും (അതോ പ്രണയമോ...) എനിക്കു കൂട്ടു നില്‍ക്കുമ്പോള്‍ ....
ഹോം തിയേറ്ററില്‍ കക്കാടിന്റെ പ്രിയപ്പെട്ട ആ വരികള്‍ ജി. വേണുഗോപാലിന്റെ ശബ്ദത്തില്‍ ഓര്‍‌മ്മകളെ അഞ്ചു വര്‍‌ഷങ്ങള്‍ക്കു മുമ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു....
"ആര്‍‌ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ....."

 ---------------------------------------
പക്ഷേ, പ്രിയപ്പെട്ട കൂട്ടുകാരീ....
നിനക്കു തരാനുള്ള വരികള്‍ ഇതാ, ഇവിടെയാണ്‌


"കാലമിനിയുമുരുളും,
വിഷു വരും വര്‍‌ഷം വരും തിരുവോണം വരും
പിന്നെ ഓരോ തളിരിലും പൂ വരും, കായ് വരും....
അപ്പോളാരെന്നു-
മെന്തെന്നുമാര്‍‌ക്കറിയാം......"

2 comments:

 1. ഇനി ആരെന്ന്നും എന്തെന്നും ആര്‍ക്കറിയാം ?
  ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു പോക്ക് അല്ലലെ....
  നന്നായി ആശംസകള്‍......

  ReplyDelete
 2. പല തവണ കുറിക്കാന്‍ തുടങ്ങിയിട്ട് വേണ്ടെന്നു വച്ചതാണ്‌. അന്നത്തെ ആ കൂട്ടുകാരിയുടെ തന്നെ നിര്‍ബന്ധമാണ്‌ ഈ ഓര്‍മ്മക്കുറിപ്പ്.
  വായനയ്ക്കും , അഭിപ്രായത്തിനും നന്ദി....

  ReplyDelete