Thursday, November 3, 2011

കടപ്പാടുകള്‍ ബാക്കി വച്ചു കൊണ്ട്.....


ഏതു നശിച്ച നേരത്താണോ ഇങ്ങോട്ട് വരാന്‍ തോന്നിയതെന്നോര്‍‌ക്കുകയായിരുന്നു. അത്രയ്ക്കൊന്നുമില്ലെങ്കിലും, തമിഴ്നാടിന്റെ വൃത്തികെട്ട മണം വീണ്ടും, വീണ്ടും ഈ മണ്ണിനോട് വെറുപ്പുണ്ടാക്കുന്നു. കേരളാ-തമിഴ്നാട് ബോര്‍‌ഡര്‍‌ ചെക്ക്പോസ്റ്റിന്‌ അടുത്തുള്ള ഒരു ലോഡ്ജിലാണ്‌ കഴിഞ്ഞ ഒരാഴ്ചയായി താമസം. ലോഡ്ജിന്റെ മുമ്പില്‍ നിന്നും എണ്ണി പത്തു ചുവട് വച്ചാല്‍ കേരളമായി.

ലോഡ്ജിലെ ഏഴാം നമ്പര്‍‌ റൂമില്‍ നിന്നും പുറത്തിറങ്ങിയാല്‍ മധുരയിലെ ഏതോ രാവിലെകളെ ഓര്‍‌മ്മിപ്പിക്കുന്ന ചന്ദനത്തിരിയുടെ മണം. തൊട്ടടുത്തുള്ള ഏതോ റൂമില്‍ നിന്നും പ്ലാസ്റ്റിക് പാത്രത്തില്‍ വെള്ളം കമിഴ്ത്തുന്നതു പോലെ ഏതോ തമിഴന്റെ അലര്‍‌ച്ചയും, കാറലും. മൂന്നാം നിലയുടെ ബാല്‍ക്കണിയില്‍ ഷെഫീക്കുമൊന്നിച്ചിരുന്ന്‌ പ്ലസ്റ്റുകാല ഓര്‍‌മ്മകളുടെ നൊമ്പരം ചിരികളിലൊളിപ്പിക്കുമ്പോഴാണ്‌ അടുത്ത റൂമില്‍ താമസിക്കുന്ന തമിഴന്‍ സിഗററ്റുമായി കാറ്റുകൊള്ളാന്‍ വന്നത്.കഴിഞ്ഞ കുറേ നാളുകളായി, സിഗററ്റിന്റെ പുകയാണ്‌  ജീവിതത്തിലും, മനസ്സിലും വല്ലാതെ അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.ഒരറ്റാക്ക് കഴിഞ്ഞ ബാപ്പ പിന്നെയും സിഗററ്റ് കൊണ്ട് ജീവിതത്തോട് വാശി തീര്‍‌ക്കുന്നത് നിര്‍‌വികാരമായേ കണ്ടു നില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഞാനും, ഷെഫീക്കും, ഓര്‍‌മ്മകളും രണ്ടു കസേരകളുമായി നാലാം നിലയുടെ ബാല്‍ക്കണിയിലേക്ക് ചേക്കേറി.തൊട്ടരികില്‍ , മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്കു വട്ടം കാക്കകള്‍ സന്ധ്യയായെന്നോര്‍‌മ്മിപ്പിച്ചുകൊണ്ടേയിരുന്നു. അവയുടെ ഫോട്ടൊയെടുക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും, എന്റെ ഫോണിന്‌ ആ മൊബൈല്‍ ടവറുകളോടും, പിറകില്‍ മാഞ്ഞു കൊണ്ടിരിക്കുന്ന പകലിനോടും മാത്രമാണ്‌ താല്പര്യം.വിശാഖം നക്ഷത്രക്കാരനായ അസുരഗണത്തില്‍ പെട്ടവന്റെ പക്ഷി കാക്കയാണെന്നാണ്‌ ശാസ്ത്രം. അതുകൊണ്ടാകാം...

അഞ്ചുവര്‍‌ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ച ഒരു സൗഹൃദം കഴിഞ്ഞയാഴ്ച വീണ്ടും കൂട്ടിച്ചേര്‍‌ത്തു. വരുന്ന ജനുവരിയില്‍ ഇരുപത്തിനാല്‌ വയസ്സ് പൂര്‍‌ത്തിയാകുന്നു. ജീവിതത്തിന്‌ ഇനിയെങ്കിലും പാകത കൈവരണം എന്ന ചിന്തയില്‍ പിണക്കങ്ങളും, വാശികളും തീര്‍‌ക്കാന്‍ മനസ്സ് പറഞ്ഞു. ഇന്നേ വരെ സര്‍‌വ്വ വാശികള്‍ക്കും കൂട്ടു നിന്ന മനസ്സിനെ എതിര്‍‌ക്കാന്‍ തോന്നിയില്ല. ഫൈന്‍ ആര്‍‌ട്സ് കോളേജ് സമ്മാനിച്ച ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെ അങ്ങോട്ടു വിളിച്ചു. എന്റെ പേരൊരുപാടു തവണ വിളിച്ച് അവള്‍ അഞ്ചു വര്‍‌ഷത്തെ അകല്‍ച്ച പലതവണ ഓര്‍‌മ്മിപ്പിച്ചു. അവള്‍ക്കു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ പത്തുമിനിട്ടത്തെ ഫോണ്‍ വിളി പറഞ്ഞു തന്നു. ജീവിതത്തിലെ സന്തോഷമുള്ള ഒരു സായന്തനം കൂടി അവസാനിക്കുകയാണ്‌. ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ ഈ മണ്ണ്‌ വിട്ടു പോവുകയാണ്‌. ഇനിയൊരിക്കലും ഇങ്ങോട്ടില്ലെന്ന തീരുമാനത്തോടെ.....
കാലം ബാക്കിയാക്കിയ സൗഹൃദങ്ങളെ തിരികെക്കിട്ടിയപ്പോള്‍ കൂട്ടുനിന്ന ഈ തമിഴന്‍ മണ്ണിനോട് കടപ്പാടുകള്‍ ബാക്കി വച്ചു കൊണ്ട്.....


(എഴുത്തിലെ പോരായ്മ മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. ചില ഓര്‍‌മ്മകളില്‍ എഴുതാനുണ്ടാവുക കഥയും, കവിതയുമാവില്ല; ഓര്‍‌മ്മകള്‍ തന്നെയാകും...)

No comments:

Post a Comment