Wednesday, December 14, 2011

പ്രണയകാലം


ഇരുപത്തിനാലു മണിക്കൂറു പോരാ എന്ന നിലയിലാണ്‌ ദിവസങ്ങള്‍ കടന്നു പോകുന്നത്. അതുകൊണ്ട്, മേടിച്ചു നാളു കുറേയായിട്ടും ഇന്നലെയാണ്‌ 'മാദ്ധ്യമം വാര്‍ഷികപ്പതിപ്പ്' നല്ലതുപോലെയൊന്നു തുറന്നു നോക്കിയത്. അതിലെ പ്രണയകാലം എന്ന ഭാഗത്ത് കവി കെ.കെ ഹിരണ്യന്റെ അനുഭവക്കുറിപ്പ് (page: 68) പേജിന്റെ പുതുമകണ്ട് വായിച്ചു നോക്കി.
'72-'80 കാലഘട്ടത്തില്‍ കേരളത്തിലെ കോളേജുകളില്‍ ലേഖകന്‍ പഠിച്ചതും ആ കാലഘട്ടത്തില്‍ എഴുത്തു വഴി കണ്ടെത്തിയ ഒരു പ്രണയവും പിന്നീട് അവളെ ജീവിതസഖിയാക്കിയതുമാണ്‌ എഴുത്തിന്റെ ഉള്ള്‍. (ഇന്നത്തെ സ്ഥിതി വച്ച് ഫെയ്സ് ബുക്കിലെ പേഴ്സണല്‍ മെസ്സേജുകള്‍ക്കാകണം സൌഹൃദത്തിന്റെയും പ്രണയത്തിന്റെയുമിടയിലെ എഴുത്തവകാശം...!! )
പ്രണയിച്ചു വിവാഹിതരായ അവരുടെ ജീവിതത്തെ, പ്രണയത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ മനോഹരമായി എഴുതിയിരിക്കുന്നത് വായിച്ച് ഒടുവിലത്തെ പാരഗ്രാഫിലേക്കടുക്കുമ്പോള്‍ പെട്ടെന്നൊരു വേദനിപ്പിക്കലാണ്‌.

"ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സുഖവും ദുഖവും പകരുന്ന,  ആ പ്രണയകാലത്തിന്റെയും പ്രണയ സാഫല്യത്തിന്റെയും ദിനങ്ങളെ കുറിച്ചുള ഓര്‍മ്മകള്‍ ഇവിടെ അവസാനിപ്പിക്കട്ടെ.എന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ രണ്ടു പേരാണ്‌ ടി.കെ രാമചന്ദ്രനും ഗീതയും . രണ്ടുപേരും ഇന്നില്ല.രണ്ടുപേരെക്കുറിച്ചും ഹൃദയം നിറയെ നല്ല ഓര്‍മ്മകള്‍ മാത്രം .ആ രണ്ടു വ്യക്തികളെയും എന്റെ ജീവിതത്തിലേക്കു തന്ന കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസ്സിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്, നന്ദിയുണ്ട്, എനിക്കെന്നും ." (page: 80)
----------------------------


ആദ്യമായി 'സുഖമോ ദേവി' കണ്ടപ്പോള്‍
"സണ്ണി മരിച്ചു, ബൈക്ക് ആക്സിഡന്റില്‍ " എന്നു പറയുന്ന സീന്‍ അവശേഷിപ്പിച്ച ശൂന്യത ഇവിടെ അനുഭവിക്കുകയാണ്‌. എഴുത്തുകള്‍ ഹൃദയത്തില്‍ നിന്നുണ്ടാകുന്നത് ഇങ്ങനെയെന്തെങ്കിലുമൊക്കെ അവശേഷിപ്പിക്കാനാകും .....

No comments:

Post a Comment