Sunday, February 26, 2012

ഫ്രെണ്ട്സ്





പ്പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലം . ഒഴിവുസമയങ്ങളില്‍ KL 02H 9264 നമ്പര്‍ ഓട്ടോറിക്ഷയുമായി ശൂരനാട് ഹൈസ്ക്കൂള്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിലുണ്ടാകുമായിരുന്നു ഞാന്‍ . ഓട്ടോ സ്റ്റാന്റിലെ ജീവിതം , അതു മറ്റൊരനുഭവമാണ്‌. പത്തോ ഇരുപതോ വണ്ടികളുള്ളപ്പോള്‍ വരുന്നവര്‍ പിറകിലായി ഒതുക്കും . ഓരോ ബസ്സ് വരുമ്പോഴും , അധികം ബസ്സുകളില്ലാത്ത റൂട്ടുകളിലേക്ക് ഓട്ടം പോകാനുള്ള ഊഴം അപ്പോള്‍ മുമ്പില്‍ കിടക്കുന്നവര്‍ക്കാണ്‌. ഒന്നാം കുറ്റി എന്ന്‌ ഞങ്ങള്‍ ഓട്ടോക്കാര്‍ അതിനെ പറയും .ഓരോ വണ്ടി ഓട്ടം പോകുമ്പോഴും ഇരുപത് വണ്ടികളുടെ പിറകില്‍ നിന്നും തള്ളും . അങ്ങനെ ഒന്നാമത് എത്തിയിട്ട് പത്തോ പന്ത്രണ്ടോ ഇരുപതോ രൂപയുടെ ഒരോട്ടം . തിരികെ വന്ന്‌ വീണ്ടും പിറകില്‍ കിടക്കും . വൈകിട്ട് അഞ്ഞൂറോ, അറുന്നൂറോ രൂപ ഓടിയെടുക്കും .
ചെയ്യുന്ന ജോലിയ്ക്ക് കൂലിയായി ആയിരങ്ങള്‍ പിന്നീട് കയ്യില്‍ വന്നപ്പോഴും അന്ന്‌, ഒരോട്ടോക്കാരനായിരുന്ന്‌, വണ്ടി തള്ളിയുണ്ടാക്കിയ പത്തു രൂപ നല്‍കിയ സന്തോഷം ഉണ്ടായിട്ടില്ല എന്നു പറയുന്നത് അതിശയോക്തിയല്ല...!!

ഓണക്കാലത്തിന്റെ ഒരോട്ടോ ഓര്‍മ്മയുണ്ട്. 

എല്ലാവരും സ്റ്റാന്റില്‍ വരാത്ത ആ ദിവസങ്ങള്‍ സ്റ്റാന്റില്‍ പോകുന്ന എന്നെപ്പോലുള്ള ചെറിയ ഓട്ടോക്കാര്‍ക്ക് ചാകരയായിരിക്കും . അവിട്ടം -ചതയം ദിവസങ്ങളിലൊക്കെ ആക്സിലെറേറ്റര്‍ പിടിച്ച് കൈ പൊട്ടിയിട്ടുണ്ട്.
ഒരിക്കല്‍ , ഒരു തിരുവോണ ദിവസം ഓട്ടം പോയി തിരികെ വരികയായിരുന്നു. ഹോട്ടലുകളൊക്കെ അവധി. വിശന്നാണെങ്കില്‍ കണ്ണു കറങ്ങിപ്പോയി. വീട്ടില്‍ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നുണ്ടാകും .ഓണം നമുക്കെല്ലാര്‍ക്കും ആഘോഷിക്കാനും ഒത്തുകൂടാനുമൊക്കെയുള്ളതാണെന്ന്‌ അന്നുമിന്നും ഞാന്‍ കരുതുന്നു. വീട്ടില്‍ വന്ന്‌ വണ്ടി നിര്‍ത്തി, കഴിക്കാനിറങ്ങുമ്പോള്‍ ഒരമ്മ വന്ന്‌ ഓട്ടം വിളിച്ചു. അഞ്ച് കിലോമീറ്റര്‍ ദൂരെ മകളുടെ വീടുണ്ട്. അവിടെ കൊണ്ടു ചെന്നാക്കണം . ആ അമ്മയുടെ മുഖത്ത്‌ ഞാന്‍ കണ്ടു; എന്റെ വിശപ്പിനെയും കാത്തിരിക്കുന്ന വീട്ടുകാരെയും മറച്ചു കളയുന്ന ഒരു സന്തോഷം . ഈ നട്ടുച്ചയില്‍ കൊച്ചു മക്കള്ക്ക് കൊടുക്കാനുള്ള കുറച്ചുപ്പേരി കയ്യിലെ ആ പൊതിയില്‍ ആ അമ്മ കരുതിയിട്ടുണ്ടാകണം . ആ അമ്മയെ, കാത്തു നിന്നിരുന്ന കൊച്ചു മക്കളുടെ അടുത്താക്കി തിരികെ വരുമ്പോള്‍ എന്റെ വിശപ്പ് മാറിയിരുന്നു.
അന്ന്‌ ഞാനുണ്ടത് മനസ്സു കൊണ്ടാണ്‌.

ഇന്നിപ്പോള്‍ ഇതു പറഞ്ഞത് , പുറത്തെ വെയിലിന്‌ ഒരോണത്തിന്റെ ചൂരുണ്ടെന്നു തോന്നിയതുകൊണ്ട് മാത്രമാണ്‌. പിന്നെ, യാദൃശ്ചികമായി കണ്ട എന്റെ 'ഫ്രെണ്ട്സ്' എന്ന ഓട്ടോറിക്ഷയുടെ പടവും .
ആ വണ്ടിയിപ്പോ എവിടെയുണ്ടാകും ...???
ആ, ആര്‍ക്കറിയാം ...!!!

ജീവിതം നമ്മെ ഏതു വഴിയൊക്കെ നടത്തിക്കുന്നു, എവിടെയൊക്കെ എത്തിക്കുന്നു, എന്തൊക്കെ നഷ്ടപ്പെടുത്തുന്നു......!!!

No comments:

Post a Comment