Saturday, June 2, 2012

മരിച്ചവരെ ഭയക്കുമ്പോള്‍


Title : സഖാവ് ടി.പിയുടെ മകന്‍ അച്ഛന്റെ കൊലയാളിയെ കാണാന്‍ കോടതിവളപ്പില്‍ പോയ ചിത്രം പ്രസിദ്ധീകരിച്ച സിണ്ടിക്കേറ്റ് പത്രങ്ങള്‍
------------------------------------
എന്തിനാണ്‌ സഖാവേ,
തലയിങ്ങനെ കുനിച്ചു പിടിച്ചിരിക്കുന്നത്?
അച്ഛനെന്നെ പഠിപ്പിച്ച പ്രത്യയശാസ്ത്രം
മുഖവും , നട്ടെല്ലും
നിവര്‍ത്തിപ്പിടിച്ചതായിരുന്നല്ലോ

എപ്പോഴാണ്‌ സഖാവേ,
വാളു കൊണ്ട് ആശയത്തെ നശിപ്പിക്കാമെന്ന്‌
പ്രത്യയശാസ്ത്രം നിന്നെ പഠിപ്പിച്ചത്?

പട്ടടയില്‍ കത്തിയെരിഞ്ഞ
ആ ചെങ്കൊടിയുണ്ടല്ലോ
ആഞ്ഞു വെട്ടുമ്പോള്‍
നിന്റെ മുഖത്ത് ചീറിത്തെറിച്ച
ആ ചോരയുണ്ടല്ലോ
അതൊക്കെ ഒന്നുമായിരുന്നില്ല,
ചിതയിലെ കനലിങ്ങനെയെരിഞ്ഞപ്പോള്‍

അമ്പത്തൊന്നു കഷണമാകാതെ
ചേര്‍ന്നു നിന്ന ആ മുഖത്തു ഞാന്‍ കണ്ടിരുന്നു;
നീ തള്ളിക്കളഞ്ഞ പ്രത്യയശാസ്ത്രം
ഒരിക്കല്‍ വിജയിക്കുമെന്ന ഉറപ്പ്
അതുകൊണ്ടാണ്‌
ഒറ്റുപണം ഏറ്റു വാങ്ങിയ കൈകള്‍
ഇപ്പോള്‍ വിറയ്ക്കുന്നതും ,
യൂദാസിന്റെ സുവിശേഷം
കണ്ണീരാല്‍ നനയുന്നതും

ഇപ്പോള്‍ ഞാനും കാണുന്നുണ്ട്,
ഒന്നുറക്കെ കുരയ്ക്കാന്‍ പോലും മറന്ന്‌
ഓരിയിടുന്ന വേട്ട നായ്ക്കളെ...
ഒരു കുലം കുത്തിയെ കൊന്നു തള്ളിയപ്പോള്‍
നിങ്ങള്‍ കുരയ്ക്കാന്‍ പോലും മറന്നു പോയെന്നോ?

അവരേതോ ആത്മാവിനെ കാണുന്നുണ്ടാകും
കണ്ടു വല്ലാതെ ഭയന്നിട്ടുണ്ടാകും
മരിച്ചവരെ ഭയക്കുമ്പോള്‍
ഓരിയിടാനാണ്‌ നായ്ക്കളുടെ വിധി...!!!
---------------------------------------------------------------

(ഒരു രക്തസാക്ഷിയുടെ മകന്റെ perspective-ല്‍ ഒരെഴുത്തിന്റെ സാദ്ധ്യതകളെ ചോദിച്ച കൂട്ടുകാരിയ്ക്ക്)

No comments:

Post a Comment