Saturday, July 28, 2012

ഓര്‍മ്മ മരത്തിനൊരാണ്ടു ബലി


ഓര്‍മ്മ മരത്തിന്റെ ദുരിതക്കമ്പുകള്‍ 
ചുവന്ന പട്ടു പൊതിഞ്ഞ്
ഇന്നലെ വറ്റിയ ആറിന്റെ
വിശപ്പകറ്റാന്‍ വലിച്ചെറിഞ്ഞിരുന്നു.

തിരിഞ്ഞു നടക്കുമ്പോള്‍
തൂശനിലയില്‍
കണ്ണീരുപ്പു ചേര്‍ന്ന
ഉരുളച്ചോറുകള്‍
ഉറുമ്പരിച്ച്
വികൃതമായിരുന്നു

പറന്നു പോകുമെന്നറിഞ്ഞിരുന്നില്ല,
ശൂന്യമായ ഉത്തരങ്ങളെ കാത്ത്
ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു

നീ ബാക്കി വച്ച ഓര്‍മ്മകളെ
കഴുത്തു ഞെരിച്ച് കൊല്ലാതിരുന്നതെന്തിന്‌?
നിമിഷാര്‍ദ്ധത്തില്‍ അവസാനിക്കാവുന്ന നീറ്റല്‍ എന്തിന്‌,
ഉള്ളിലിരുന്ന്‌ അവറ്റകള്‍
ശ്വാസം മുട്ടി മരിക്കുന്നതു വരെ നീട്ടിത്തന്നു?
കാത്തിരിപ്പ് നീളുമെന്നോര്‍ത്തോ?

നീ മറന്നുവോ?
നമ്മളില്‍ അക്ഷരങ്ങളാണ്‌ പ്രണയിച്ചത്
പിന്നീട്
ചിതല്‍ കയറിയ ചില അക്ഷരത്തെറ്റുകള്‍

കഴിഞ്ഞ മഴക്കാലത്തിന്‌
മൃതിയുടെ ഗന്ധമായിരുന്നു
എന്റെ നഷ്ടങ്ങള്‍ക്കു കനം വയ്ക്കുമ്പോള്‍
അവയ്ക്ക് കാലത്തിന്റെ കറുത്ത നിറമായിരുന്നു


ഇന്നു നിഴല്‍ വീണ ഈ വഴിയിലാണ്‌
മഴയുടെ ഹൃദയം പൊട്ടിയൊലിക്കുന്നത്

ഇതു പോലെ കാലം തെറ്റിയ മഴയിലാണ്‌
നിന്റെ ചിത്രങ്ങളില്‍ നര വീണത്...
............................................
_ദര്‍ശന.എസ്
-------------------------------

കൂട്ടുകാരിയുടെ എഴുത്ത്.
അവളുടെ സമ്മതത്തോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു...

1 comment: