Friday, March 14, 2014

ലോക്കര്‍ ജീവിതം 

രണ്ടു വര്‍ഷം മുമ്പ്,
ആദ്യത്തെ ബിസിനസ്സ് സംരംഭം എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ ഞെട്ടലൊന്നും തോന്നിയില്ല. ഓര്‍മ്മ വച്ച കാലം തൊട്ടേ കടം , പലിശ, ബാങ്ക്, ജപ്തി എന്നൊക്കെ കേട്ടു വളര്‍ന്നതിന്റെ ഗുണം ....!!!

ബാപ്പായും ഞാനും കൂടി ആഞ്ഞു പിടിച്ച് കടത്തിന്റെ ലക്ഷക്കണക്ക് രണ്ടക്കം കടത്തിയപ്പോള്‍ , ബാപ്പായെ പറയണോ-മോനെ പറയണോ എന്നറിയാതെ, ഒട്ടും പകയ്ക്കാതെ ഉമ്മയിങ്ങനെ അടുക്കളയില്‍ കിടന്നു പുകഞ്ഞു.   

രണ്ടാഴ്ച മുമ്പ്,
വളരെ അടുപ്പമുള്ളൊരു സുഹൃത്ത് ടെന്‍ഷനടിച്ച് പ്രാന്തായി നില്‍ക്കുന്നു. കാര്യം തിരക്കി.
വെറുതേ കിടക്കുന്ന വസ്തുവിന്റെ പ്രമാണം വച്ച് ലോണെടുത്തിട്ട് രണ്ടു തവണ അടച്ചിട്ടില്ല.

വീടു നില്‍ക്കുന്ന, ആകെയുള്ള എട്ടു സെന്റ് ബാങ്കില്‍ വച്ചിട്ട് , ഒരു തവണ പോലും അടയ്ക്കാതെ നുമ്മളിവിടെ കൂളായി നില്‍ക്കുമ്പോഴാണ്‌, അവന്റെ രണ്ടു തവണ....!!!  

ബൈ ദ വേ,
ഒരു കാരണത്തിനാണെങ്കില്‍ രണ്ടു പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചയച്ചതാണ്‌ എന്നു പറയാം . സ്ത്രീധനം ഒരു ആണും പെണ്ണും കെട്ട എടപാടായതുകൊണ്ട് ആ വഴിയ്ക്ക് കടം തീര്‍ക്കാനില്ല എന്ന്‌ ഓള്‍റെഡി പറഞ്ഞിട്ടുമുണ്ട്.
അവനിങ്ങനെയൊക്കെ പറയാന്‍ , ഒരു പെങ്ങളില പോലുമില്ല.
സ്ത്രീധനവിഷയത്തിലെ നിലപാട്, നേരേ നിന്നു പറഞ്ഞിട്ടുമില്ല..!!  

ചുരുക്കത്തില്‍ ,
ജീവിതം പേടിപ്പിക്കാന്‍ നോക്കുമ്പോഴൊക്കെ "നീ ഒടുക്കത്തെ ഗ്ളാമറാടാ പന്നീ...." എന്നു പറഞ്ഞു പറ്റിച്ച് കൂടെ നിര്‍ത്തി ശീലിച്ചതു കൊണ്ട് തത്കാലം പിറകോട്ടില്ല; പതറാനുമില്ല. 

മൊബൈലിന്റെ ഇന്‍ബോക്സില്‍ നിന്നും ഇറങ്ങിപ്പോകാത്തൊരു മെസ്സേജ് പോലെ, 'അവസാനം എല്ലാം ശരിയാകും . ശരിയായില്ലെങ്കില്‍ ഇതല്ല അവസാനം ' എന്നങ്ങു കരുതും .  
----------------------------------------------------------------------
Label : നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്ന എന്റെ പ്രിയപ്പെട്ട സര്‍വ്വ ഫ്രണ്ട് തെണ്ടികള്‍ക്കും വേണ്ടി , എട്ടു നിലയില്‍ പൊട്ടിയ ഒരിരുപത്താറുകാരന്റെ ജീവിതം ഉളുപ്പില്ലാതെ പകര്‍ത്തി വയ്ക്കുന്നു. 

ആത്മഹത്യയെപ്പറ്റി വളരെ കാര്യമായി ചിന്തിച്ചൊരു ദിവസം കണ്ണാടീല്‍ നോക്കി നിന്നപ്പോ, "ചാകാനാണെങ്കീ പിന്നെന്തിനാടാ കോപ്പേ ഇത്രയും നാളു ജീവിച്ചത്' എന്നു ചോദിച്ച, ജന്മനാ കള്ളത്തരം കലര്‍ന്ന സ്വന്തം മുഖത്തിനോടുള്ള ഐഖ്യദാര്‍ഡ്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നു. 

2 comments:

  1. പൊള്ളുന്ന ചിന്തകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രക്യാപിക്കുന്നു. നീ ഒടുക്കത്തെ എഴുത്താടാ...!

    ReplyDelete
  2. അതുതന്നെ.
    ഈ ദുര്‍ഘടമൊക്കെ എന്നെങ്കിലും ഒഴിയാതിരിക്കുമോ!!

    ReplyDelete