Wednesday, April 2, 2014

ആ ഓര്‍മ്മയില്‍...

ഞായറാഴ്ച.
FB_യില്‍ 3 ചാറ്റു വിന്‍ഡോയും തുറന്നു വച്ച്, ഒരെണ്ണത്തില്‍ കവിത, ഒരെണ്ണത്തില്‍ വിപ്ലവം , പിന്നൊന്നില്‍ യുദ്ധം ...
ഇങ്ങനെയിരിക്കുമ്പോള്‍ അളിയന്റെ കോള്‍ വന്നു.
"ഡാ, അറിഞ്ഞോ? ........ആള്‍ മരിച്ചു പോയി...."
ആ കോള്‍ കട്ടാകുന്നതിനു മുമ്പേ അടുത്ത കോള്‍.... പിന്നെ അടുത്തത്..... "അറിഞ്ഞോ..." എന്ന ചോദ്യം .
ചാറ്റ് വിന്‍ഡോയില്‍ c u ltr എന്നു മാത്രം പറഞ്ഞ്, log out ചെയ്ത് വീട്ടിലേക്കു പോയി.
വീടിനു കുറച്ചപ്പുറമുള്ള , വളരെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ ബപ്പയാണ്‌ മരിച്ചത്. വല്ലപ്പോഴും കാണുമ്പോള്‍ എന്തെങ്കിലുമൊന്നു മിണ്ടാറുണ്ടായിരുന്ന ഒരു സാധു മനുഷ്യന്‍.
മരണവീട്ടില്‍ ചെന്നു.
പതിവുപോലെ, മയ്യത്ത് കണ്ടില്ല.
രാഷ്ട്രീയ -സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്‌ സുഹൃത്ത്. അതിന്റെ തിരക്കുകള്‍ കാണാനുമുണ്ട്. വന്നവരില്‍ പലരും പരിചയക്കാര്‍.
മരണവീടിനു മുമ്പില്‍ നിന്ന്‌, പരിചയക്കാരോട് ചിരിച്ചു സംസാരിക്കുന്നതിലെ ഔചിത്യബോധം ബോദ്ധ്യപ്പെട്ടപ്പോള്‍ അവിടെ നിന്നിറങ്ങി. പള്ളിയിലേക്ക് ചെന്നു. അവിടെ, ഖബറൊരുങ്ങിക്കൊണ്ടിരിക്കുന്നു.
കുറേ നേരം കഴിഞ്ഞു. സുഹൃത്ത് അവിടേക്കു വന്നു.
"മുജീബേ...ബൈക്കുണ്ടോ?"
"ഉണ്ട്..."
"എങ്കില്‍ വാ... ഒരിടം വരെ പോകണം ..."
എന്റെ ബൈക്കില്‍ പിറകില്‍ ആളുകയറാന്‍ ഒരല്പം ബുദ്ധിമുട്ടായതു കൊണ്ട് അവിടെയുണ്ടായിരുന്ന സുഹൃത്തിന്റെ വണ്ടി എടുത്തു.
ഒരു പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞ വീട്ടില്‍ ചെറിയൊരു സംഭാവന കൊടുക്കാന്‍ പോയപ്പോഴാണ്‌ സുഹൃത്തിന്റെ ബാപ്പ മരിച്ചത്. സംഭാവന എന്നു വച്ചാല്‍, തിരിച്ചു പ്രതീക്ഷിച്ചുള്ള കൊടുപ്പല്ല. ചെറിയൊരു സഹായം . അവസാന ആഗ്രഹത്തിനു പോയതാണ്‌. കൊടുത്തോ, ഇല്ലയോ എന്നു തീര്‍ച്ചയില്ല. അതു കൊണ്ട്, കൊടുത്തില്ലെങ്കില്‍ ആ ബാദ്ധ്യത തീര്‍ക്കാന്‍ -ബാപ്പയുടെ അവസാന ആഗ്രഹം സാധിക്കാന്‍ - അതിനു വേണ്ടിയാണ്‌ എന്നെയും കൂടെ വിളിച്ചു സുഹൃത്തു പോകുന്നത്.
ആ വീട്ടില്‍ ചെന്നു.
കാര്യങ്ങള്‍ ചോദിച്ചു.
അവിടെ ചെറിയൊരു തുകയും കൊടുത്ത്, അല്‍പനേരം സംസാരിച്ചിരുന്ന്‌ ഇറങ്ങിയതാണ്‌ ബാപ്പ. മുറ്റത്തു നിന്നും ഒരല്പം മാറി തളര്‍ന്നു വീഴുകയായിരുന്നു. അവിടെ വച്ചു തന്നെ മരണം സംഭവിച്ചു എന്നുമറിഞ്ഞു.
വീണിടത്ത് ഞങ്ങള്‍ നോക്കി. രണ്ടു ചെരുപ്പുകള്‍ അവിടെ കിടക്കുന്നു. ഒരെണ്ണത്തിന്റെ വാറു പൊട്ടിയിട്ടുണ്ട്. സുഹൃത്ത് ആ ചെരുപ്പു രണ്ടും കയ്യിലെടുത്തു. ബൈക്കിനു പിറകില്‍ കയറി. എന്റെ തോളില്‍ പിടിച്ച ഒരു കയ്യില്‍ വല്ലാത്തൊരു പതര്‍ച്ച ഞാനറിഞ്ഞു.
ഉച്ചവരെ കൂടെയുണ്ടായിരുന്നയാള്‍ ,
അസര്‍ നമസ്കാരം കഴിഞ്ഞ് ഖബറടക്കം കഴിയുമ്പോള്‍ ഓര്‍മ്മ മാത്രമാവുകയാണ്‌ .
ആ ഓര്‍മ്മയില്‍ ,
വാറു പൊട്ടിയ ഈ ചെരുപ്പ് പുകയുന്നൊരു നെരിപ്പോടാവുകയാണ്‌....!!!
നമ്മള്‍ കരുതുന്നതിലുമൊക്കെ
ഒരുപാടൊരുപാട് നിസ്സാരമായിട്ടാണ്‌,
ജീവിതം വരിമുറിച്ച് കവിതയെഴുതുന്നത്...!!!
-----------------------------------------------
മരണമേ...
ജീവിതത്തിന്റെ മഴക്കാടുകളെ
പുകഞ്ഞു തീരുന്ന ചന്ദനത്തിരിയുടെ
നനഞ്ഞ മണം കൊണ്ട്,
എത്ര പെട്ടെന്നാണ്'
നീയൊരു മരുഭൂമിയാക്കി മാറ്റുന്നത്...!!!

2 comments: