Wednesday, February 4, 2015

നീയും ഞാനുമില്ല

ഓര്‍ത്തു നോക്കിയിട്ടുണ്ടോ...??
ആരെങ്കിലുമൊക്കെ നമുക്കു വേണ്ടി ഒരു പടം വരച്ചു തരുമ്പോ,
ഒരു പാട്ട് മൂളുമ്പോ,
ഒരക്ഷരമെങ്കിലും എഴുതുമ്പോ....
അവരുടെ ജീവിതത്തിലെ വിലപ്പെട്ട ചില നിമിഷങ്ങള്‍ അവര്‍ നമുക്കായി പകുത്തു വയ്ക്കുകയാണ്.

ആലോചിച്ചു നോക്കിയിട്ടുണ്ടോ...??
വരയ്ക്കാനും , എഴുതാനും , പാടാനുമൊക്കെയുള്ള മാനസ്സികാവസ്ഥ അവര്‍ക്കില്ലാത്തപ്പോഴാവും നമ്മളവരോട് അത്തരമൊരാവശ്യം പറഞ്ഞിട്ടുണ്ടാവുക. അപ്പോഴവര്‍ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍...
പിന്നീടവരത് കാര്യമായിട്ടെടുത്തു എന്നു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍...
മറ്റൊന്നു കൊണ്ടും ആ സൌഹൃദങ്ങള്‍ക്ക് വിലയിടരുത്.
അവരുടെ ജീവിതം തന്നെയായ ചില നിമിഷങ്ങള്‍ നമുക്കായി പങ്കു വച്ചു തന്നവരാണവര്‍. നമ്മുടെ ഇഷ്ടങ്ങള്‍ക്ക് ചിലപ്പോഴൊക്കെ അവരുടെ അസ്വസ്ഥതകളേക്കാള്‍ വില നല്‍കിയവരാണ്.

ഓര്‍മ്മകളുടെ മരണത്തിനും ,
മറവിയുടെ ജനനത്തിനുമപ്പുറം ആ നിമിഷങ്ങള്‍ നമുക്കൊപ്പമുണ്ട്.

അവര്‍ മൂളിത്തന്ന വരികള്‍ പിന്നീടെപ്പോഴെങ്കിലും കേള്‍ക്കുമ്പോള്‍ ,
ഓര്‍മ്മകളുടെ കടലോരത്ത് നമ്മളവരുടെ കൈ പിടിച്ച് നടക്കുന്നുണ്ട്.
അവര്‍ വരച്ചു തന്ന ചിത്രങ്ങള്‍ ചിതലുകള്‍ക്ക് അപ്രാപ്യമായ ജീവിതപ്പകര്‍ച്ചകളായി നമ്മോടൊപ്പമുണ്ട്.
അവരെഴുതിയ വരികള്‍ ,
ആത്മാവിന്റെ ആഴങ്ങളില്‍ ഉരഞ്ഞുരഞ്ഞ് ചോരയൊലിക്കുന്നുണ്ട്.

അതുകൊണ്ട്,
പ്രിയപ്പെട്ടവരേ...
പ്രിയപ്പെട്ടവരായിരുന്നവരേ....

എന്റെ ജീവിതത്തില്‍ നിന്നും നിങ്ങള്‍ കടം കൊണ്ട വരകളും , വരികളും , വാക്കുകളും മറവിയുടെ പറ്റുബുക്കില്‍ എഴുതിച്ചേര്‍ക്കാതിരിക്കുക...!!!
നിങ്ങളില്‍ നിന്നും ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല എന്നു പറയുമ്പോഴും നിങ്ങളോര്‍ക്കണം ,
എന്നെ ഒറ്റയാക്കിയവരിലെങ്ങും നീയും ഞാനുമില്ല;
നമ്മള്‍ മാത്രമേയുള്ളൂ.
അതുകൊണ്ടാണ്‌,
നിന്റെ വേദന എന്റേത് കൂടിയാവുന്നത്;
അല്ല...
എന്റേത് മാത്രമാകുന്നത്...!!!
................................
Label: യാത്ര പറയാതെ പോയവര്‍ക്ക്....
അസ്വസ്ഥതകളുടെ ജീവിതയാത്രയില്‍ ഓണ്‍ലൈനില്‍ നിന്നും മാറി നിന്നപ്പോള്‍ മെസേജയച്ച്, മറുപടി കാത്ത് കണ്ണു കഴച്ച് പിണങ്ങിയവര്‍ക്ക്...
'കൂടെയുണ്ടാവില്ല എന്നും ' എന്ന ഉറപ്പില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക്... 

No comments:

Post a Comment