Tuesday, September 15, 2015

പൂമിഴികള്‍ പൂട്ടി മെല്ലെ....

തിരുവോണ ദിവസം.
രാത്രിയിൽ Flowers ചാനൽ കാണുന്നു.
സുരേഷ്‌ ഗോപിയെ, ശ്രീകണ്ഠൻ നായർ ഇന്റർവ്വ്യൂ ചെയ്യുകയാണ്‌. രണ്ടു പേരും പൊതുവേ പുച്ഛത്തിന്റെ ആൾക്കാരായതു കൊണ്ട്‌, ഒരൽപം പുച്ഛത്തോടെയാണ്‌ ഞാനും പരിപാടി കണ്ടിരിക്കുന്നത്‌.
തിരുവോണം എവിടെയാണ്‌ ആഘോഷിക്കുന്നത്‌ എന്നു സുരേഷ്‌ ഗോപിയോട്‌ ശ്രീകണ്ഠൻ നായരുടെ ചോദ്യം. കുറേക്കാലമായി വീട്ടിലാണെന്നു സുരേഷ്‌ ഗോപി.
കാരണം പറയുകയാണ്‌.

"വർഷങ്ങൾക്കു മുമ്പ്‌,
തമ്പി കണ്ണന്താനത്തിന്റെ പടത്തിന്റെ ലൊക്കേഷനിൽ നിന്നും തിരുവോണദിവസം അവധി തന്നില്ല. കുറേ പറഞ്ഞു നോക്കി. ഒടുവിൽ ഞാൻ ഭക്ഷണം കഴിക്കാതെ പിണങ്ങിയിരുന്നു. മോൾ (ലക്ഷ്മി) ജനിച്ച ആദ്യ തിരുവോണമായിരുന്നു അത്‌. അവർ പറഞ്ഞു,
അടുത്ത തിരുവോണം ഒരുമിച്ചു കൂടാം സുരേഷേ എന്ന്.....
അടുത്ത തിരുവോണത്തിന്‌ പക്ഷേ, അവളുണ്ടായില്ല....!!!"

ഒറ്റ നിമിഷം കൊണ്ട്‌ വല്ലാതെ ഞെട്ടിപ്പോയി ഞാൻ. 
ചാനലിൽ സുരേഷ്‌ ഗോപി എന്ന അച്ഛൻ മങ്ങി മങ്ങി വന്നു. കണ്ണു വല്ലാതെ നിറയുന്നു എന്നു തിരിച്ചറിവിൽ ടി.വി ഓഫാക്കി.
സാധാരണ മൊബെയിലിൽ നാലോ, അഞ്ചോ പാട്ടു പ്ലേ ചെയ്താണ്‌ കിടക്കാറ്‌. രണ്ടാമത്തെയോ, മൂന്നാമത്തെയോ പാട്ടിനു മുമ്പ്‌ ഉറങ്ങിപ്പോവുകേം ചെയ്യും.
അന്നു പക്ഷേ,
ഏഴോളം പാട്ടുകൾ കേട്ടു തീർന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.

ഒരിക്കലെപ്പോഴോ ഫോട്ടോ കണ്ടിട്ടുള്ള,
ഒരു വാഹനാപകടത്തിൽ മരണപ്പെട്ട ആ കുഞ്ഞായിരുന്നു മനസ്സിൽ;
കൂടെയൊരോണമുണ്ണാൻ ഭാഗ്യമില്ലാതെ പോയ ആ അച്ഛനും...!!!

1 comment: