Thursday, January 21, 2016

Blank Page

Flash Back:
പ്രണയോം, സൗഹൃദോം രണ്ട്‌ ധ്രുവങ്ങളിലാണ്‌ എന്നു തോന്നിയ നാളുകളിലെപ്പോഴോ ആയിരുന്നു.
ഒരു ദിവസം അവളുമായി സംസാരിച്ചിരിക്കുകയാണ്‌.
പെട്ടെന്ന് അവളു പറഞ്ഞു.
"ഡാ...എനിക്ക്‌ നിന്നോട്‌ വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്‌..."
ഞാൻ: "ആ...പറയ്‌....."
അവൾ: "ഏയ്‌...ഇപ്പോഴല്ല. രണ്ടു വർഷം കഴിഞ്ഞിട്ട്‌ പറയാനുള്ളതാ..."
ഞാൻ : "ആഹാ... കാര്യം പറയുന്നതിനും ട്രെയിലറോ...?? നീ പറയുന്നെങ്കിൽ പറയ്‌..."
അവൾ: " ഇല്ലില്ല. ഇപ്പോൾ പറയില്ല. രണ്ടു വർഷം കഴിഞ്ഞേ പറയാൻ പറ്റൂ...."
ഞാൻ ഓക്കെ പറഞ്ഞു.
__Cut.

കുറേ നാളുകൾക്കു ശേഷം.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച്‌ ഞാൻ രണ്ട്‌ കത്തുകൾ കവറിലിട്ടു കൊടുത്തു അവൾക്ക്‌.
ഒന്ന് അവൾക്കും,
ഒന്നവൾടെ ഫ്രണ്ടിനും.
ഞാൻ പറയാതെ പൊട്ടിച്ചു നോക്കരുതെന്നും പറഞ്ഞു.
ആലപ്പുഴയിൽ നിന്നും ട്രെയിൻ കേറും മുമ്പ്‌ തന്നെ അവൾടെ മെസ്സേജ്‌ വന്നു,
'കത്ത്‌ പൊട്ടിച്ചോട്ടെ?' എന്നു ചോദിച്ചിട്ട്‌.
'സമയമാകട്ടെ' എന്നു ഞാൻ.
ഒടുവിൽ,
നിരന്തരമായ അവളുടെ നിർബന്ധം പരിഗണിച്ച്‌, അവൾടെ കൂട്ടുകാരിയ്ക്ക്‌ കൊടുത്ത കത്ത്‌ ആദ്യം പൊട്ടിക്കാൻ പറഞ്ഞു.
'Thank You very much, Ancy...(പേര്‌ സാങ്കൽപ്പികം) എന്നാണെഴുതിയിരുന്നത്‌.
അരമണിക്കൂറോളം കഴിഞ്ഞ്‌ അവൾക്ക്‌ കൊടുത്തതും പൊട്ടിച്ചോളാൻ പറഞ്ഞു. എന്നിട്ട്‌ ഞാൻ ഫോൺ സ്വിച്ചോഫാക്കി.
__Cut.

രാത്രി.
കുറേ വൈകി ഫോൺ ഓണാക്കിയപ്പോ ലുലുമാളിന്റെ മുമ്പിലെ റോഡു പോലെ അവൾടെ മെസ്സേജുകൾ നിരന്നു കിടന്നു ഹോണടിക്കുന്നു.
തിരികെ വിളിച്ചു.
ഫോൺ ഓഫാക്കിയതെന്തിന്‌ എന്നൊന്നും ചോദ്യമുണ്ടായില്ല.
"ആൻസിയ്ക്കെന്തിനാ താങ്ക്സ്‌ പറഞ്ഞത്‌...??
എനിക്ക്‌ തന്ന കത്തിലെന്തായിരുന്നു...??"
ഇങ്ങനെ രണ്ട്‌ ചോദ്യങ്ങൾ.
'ആൻസിയുമായി ആ കത്തിന്റെ പേരിൽ വഴക്കായി' എന്നു കൂടി പറഞ്ഞപ്പോ ഞാൻ കുറേനേരം മിണ്ടാതിരുന്നു.
"നിനക്ക്‌ തന്ന കത്തിൽ ഒന്നുമുണ്ടായിരുന്നില്ല.
അത്‌ ബ്ലാങ്ക്‌ പേപ്പറായിരുന്നു.
പിന്നെ,
ആൻസിയ്ക്ക്‌ വെറുതെ താങ്ക്സ്‌ പറഞ്ഞതാ. നിന്നെയൊന്നു വട്ടാക്കാൻ..."
എന്ന് പറഞ്ഞപ്പോ
'അതെന്തിന്‌?' എന്നായി.
"കയ്യിലിരിക്കുന്ന ഒരു പേപ്പറു തുറക്കാൻ ഒരു ദിവസം കാത്തിരിക്കാൻ വയ്യാത്ത നീ,
മനസ്സിലുള്ള ഏതോ ഒരു വലിയ കാര്യം പറയാൻ രണ്ടു വർഷം കാത്തിരിക്കാൻ എന്നോട്‌ പറയുമ്പോ,
സമയത്തിന്റെ വില നീ കൂടി മനസ്സിലാക്കേണ്ടതില്ലേ...??
അതിനു വേണ്ടി മാത്രമാണ്‌......"
അവളൊന്നും മിണ്ടിയില്ല കുറേ നേരം.
ഒടുവിൽ,
രണ്ടു വർഷത്തെ കാത്തിരിപ്പ്‌ ഒരു വർഷമാക്കി ചുരുക്കി.
"അപ്പോൾ നമ്മളെവിടെയായിരിക്കും എന്ന് ആർക്കറിയാം...?" എന്ന് ഞാൻ ചോദിച്ചതിന്‌ എന്തൊക്കെയോ പറഞ്ഞ്‌ അവൾ തർക്കിച്ചു.
"ഒരു വർഷമാകുമ്പോൾ പറഞ്ഞിരിക്കും.." എന്ന് അടിവരയിട്ടു.
__Flashback cut.

ഒരു വർഷവും,
രണ്ടു വർഷവും,
മൂന്നു വർഷവും കഴിഞ്ഞു പോയി.
ആ വാശിയിൽ ഞാൻ ജയിച്ചു.
ഞങ്ങൾ അപരിചിതരായി.
വല്ലപ്പോഴും കാണുമ്പോ ചിരിച്ച്‌,
ഹായ്‌ പറഞ്ഞ്‌ പിരിയുന്നവരായി.
നമ്മൾ വിചാരിക്കുന്നതു പോലൊന്നുമല്ല.
ഓരോന്നിനും,
കാലത്തിന്‌ അതിന്റേതായ കണക്കുകളുണ്ട്‌;
'വിധി' എന്ന രണ്ടക്ഷരത്തിൽ നമുക്ക്‌ ചുരുക്കി വിളിക്കാവുന്ന കണക്കുകൾ...!!!

3 comments:

  1. ഇതൊക്കെ എഴുതിയിരുന്ന മുജീബ് നിന്റെ ഉള്ളിൽ എവിടെയെങ്കിലും ഇപ്പൊഴുമുണ്ടോ കൂട്ടുകാരാ..
    അതോ പ്രസ്ഥാനങ്ങളെ പ്രണയിക്കാൻ നിന്റെ ഉള്ളിലെ പ്രണയത്തെ നീ കൊന്നുകളഞ്ഞുവോ..
    എന്നാണ് നീ ഇനി തിരിച്ചു വരിക..

    ReplyDelete