Wednesday, March 2, 2016

സ്നേഹാഞ്ജലികൾ....

ഇന്നലെ കൊച്ചിയിലുണ്ടായിരുന്നു.
രാവിലെ ആറുമണിയ്ക്ക്‌ വീട്ടീന്നിറങ്ങി,
കരുനാഗപ്പള്ളിയിൽ നിന്നും ട്രെയിൻ കേറി, ചെങ്ങന്നൂരെത്തിയപ്പോഴേക്കും ഫോൺ ഓഫായി. അതുകൊണ്ട്‌, വാർത്തകളൊന്നും അറിയുന്നുണ്ടായില്ല. 

കൊച്ചീൽ വച്ച്‌,
സിനിമാ സ്വപ്നങ്ങളിൽ കൂട്ടു ചേർന്ന സുഹൃത്തുക്കളോട്‌ 'വേട്ട' കാണാൻ പറഞ്ഞു. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസാണെന്നും, മറ്റേതൊരു നടിയ്ക്കും കഴിയുന്ന പോലെ മഞ്ജു വാര്യരും അഭിനയിച്ചിട്ടുണ്ട്‌ എന്നും പറഞ്ഞു.
"രാജേഷ്‌ പിള്ള മരിച്ചതായി വാട്സാപ്പിൽ കണ്ടു" എന്ന് സുഹൃത്ത്‌ സൗരഭ്‌ പറഞ്ഞത്‌ ഞാൻ കാര്യമാക്കിയതുമില്ല. സിനിമ റിലീസായതും, സംവിധായകൻ ആശുപത്രിയിലായതും ചേർത്തുവച്ച്‌ അതിശയോക്തിപരമായ വാർത്ത നൽകിയ മാദ്ധ്യമങ്ങളോട്‌ ആരെങ്കിലും ഐക്യം പ്രഖ്യാപിച്ചതാകും എന്നു കരുതി.
..........................

'ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന സിനിമ കഴിഞ്ഞ്‌, തോറ്റുപോയവനായി ജീവിതത്തിലെ അഞ്ചുകൊല്ലം കഴിഞ്ഞു പോയതിനെപ്പറ്റി,
അപമാനഭാരത്താൽ ജീവിതത്തിന്റെ ട്രാഫിക്‌ സിഗ്നലുകളിൽ പതറി നിന്നതിനെപ്പറ്റി രാജേഷ്‌ പിള്ള പറഞ്ഞത്‌ മുമ്പൊരിക്കൽ വായിച്ചിരുന്നു. തോറ്റിടത്തു നിന്നും കയറി വന്നവന്റെ ജീവിതകഥ വായിക്കുമ്പോഴൊക്കെ സംഭവിക്കുന്നതുപോലെ, പ്രതീക്ഷയുടേതായ ചില സന്തോഷങ്ങളിൽ കണ്ണു തിളങ്ങിയിരുന്നു.
ഇപ്പോഴിതാ,
രണ്ടുമണിക്കൂർ ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന,
ബോറടിപ്പിക്കാത്ത ഒരു സിനിമാ അനുഭവം തന്ന് ജീവിതവഴികളിലെ ചുവപ്പുകത്തിയ ഒരു പകലിൽ അയാൾ യാത്ര മതിയാക്കിയിരിക്കുന്നു...!!
കുറേനാൾ മുമ്പ്‌,
വളരെ അടുപ്പമുള്ള ഒരാളോട്‌ "മരിക്കുന്നെങ്കിൽ പത്രത്തിന്റെ മുൻ പേജിലെ സൈഡ്‌ കോളം വാർത്തയാകണം, മുപ്പത്തെട്ടോ നാപ്പതോ വയസ്സുള്ളപ്പോ തീരണം.." എന്ന് പറഞ്ഞതോർക്കുന്നു.

ജീവിതം കൊണ്ട്‌,
അനുഭവങ്ങൾ കൊണ്ട്‌,
തോറ്റിടത്തു നിന്നുമുള്ള ജയിച്ചു കയറൽ കൊണ്ട്‌ ഉള്ളിലെവിടെയോ ഒരിഷ്ടം ജനിപ്പിച്ച ആളിതാ,
അങ്ങനൊരു ഒന്നാം പേജ്‌ വാർത്തയായി മടങ്ങിയിരിക്കുന്നു...!!!
സ്നേഹാഞ്ജലികൾ.... smile emoticon

No comments:

Post a Comment