Friday, August 13, 2010

യുക്തിവാദി

പ്രിയപ്പെട്ട അന്ന, ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ വന്നിരിക്കുകയാണ്. എനിക്ക് പറയാനൊരുപാടുണ്ട്‌. നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍, പങ്കു വെച്ച പ്രതീക്ഷകള്‍... ഇവയെല്ലാം ചിലപ്പോഴൊക്കെ എന്റെ യുക്തിയെ എന്നില്‍നിന്നും മറച്ചു കളയുന്നു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്, നിന്നെ ഞാന്‍ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്....പ്രണയത്തിന്റെ പരിശുദ്ധമായ മുഖം പഠിപ്പിച്ചുതന്നു എന്റെ മനസ്സിന്റെ ചില്ലകളിലെവിടെയോ കൂട് കൂട്ടിയ നീ, എന്റെ സമ്മതത്തിനു കാക്കാതെ ചിരിച്ചുകൊണ്ട് പടികളിറങ്ങിയപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല, അന്ന, നീ എന്നെന്നേക്കുമായി അകലുമെന്ന്. നമ്മുടെ സന്തോഷങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും കൂട്ടായി നിന്ന ആ ചെമ്പകം ഇപ്പോഴും പൂക്കാറുണ്ട്. അതില്‍നിന്നും ഇറുത്തെടുത്ത ഒരു ചെമ്പകപ്പൂവ് ഇപ്പോഴും എന്റെ കയ്യിലുണ്ട്‌ , നിനക്ക് തരാന്‍. പഴയ ശീലങ്ങളൊന്നും ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല....
നിന്റെ കല്ലറയുടെ മുകളില്‍ ഞാനിത് വെക്കുകയാണ്. ഈ പ്രപഞ്ചത്തിലെ , ജീവിച്ചു കൊതി തീരാതെ അലയുന്ന ഒരായിരം ആത്മാക്കളെ സാക്ഷിയാക്കിക്കൊന്ദ് ഞാന്‍ നിന്നോടൊന്നു പറയുകയാണ്, നീ കേള്‍ക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?

അടുത്ത ശനിയാഴ്ച എന്റെ വിവാഹമാണ്. അന്നൊരിക്കല്‍ എന്റെ ആട്ടോഗ്രാഫില്‍ നീ എഴുതിയ ആ വരികള്‍ ഞാന്‍ അംഗീകരിക്കുകയാണ്. '' നഷ്ടമായവയെല്ലാം നഷ്ടങ്ങളാണ്...''
എന്റെയുള്ളിലെ യുക്തിവാദി എന്നെ ഉപദേശിക്കുന്നു. നഷ്ടമായതിനെ കുറിച്ച ഓര്‍ത്തിരിക്കല്‍ യുക്തിസ്സഹമല്ലെന്ന് ..
അതുകൊണ്ട്,
അതുകൊണ്ട് ഞാന്‍ പോവുകയാണ്. ഇനി ഒരിക്കലും ഞാനിവിടെ വന്നില്ലെന്ന് വരാം.ഒരു യുക്തിവാദിക്കപ്പുറം ഞാന്‍ നല്ലൊരു ഭര്‍ത്താവാകണമല്ലോ.....

No comments:

Post a Comment