Friday, February 11, 2011

ആളില്ലാത്തിടത്ത്‌


നാട്ടിലേക്കുള്ള യാത്രയൊക്കെ
ബസ്സിലാണ്‌

ആളില്ലാത്തിടത്ത്‌,
കാരണമുണ്ടാക്കി പിടിച്ചിടുന്ന
തീവണ്ടിയേക്കാള്‍ ഭേദം

നാട്ടിലെത്തിയാല്‍
എപ്പോ വന്നു;
എന്നു പോകും
ഗള്‍ഫുകാരനോടെന്ന പോലെ

കൂട്ടുകാരനോട്‌
ബാപ്പായുടെ പയ്യാരം
"വന്ന നാള്‍ മുതലവനെ
കാണാന്‍ കിട്ടുന്നില്ലെന്ന്‌"
വന്നിട്ടഞ്ചു മണിക്കൂറായിട്ടില്ല

നിറം കുറഞ്ഞു പോയെന്നുമ്മ;
പിന്നേം ക്ഷീണിച്ചെന്നും...

സ്റ്റയിലായീന്ന്‌
അയലത്തെ ചേച്ചിമാര്‍

വെറുതേ ചിരിച്ച്‌ മാറിക്കളഞ്ഞു;
കളിക്കൂട്ടുകാരി
ഞാനിപ്പോ വല്ല്യ ആളായോ?
...............................................
എറണാകുളം വരെയേ പോകുവെങ്കിലും
ഇറങ്ങുമ്പോള്‍ കണ്ണു നിറച്ചു, ഉമ്മ

എല്ലാം ശെരി,

പക്ഷേ
ഞാനിറങ്ങിയപ്പോള്‍
എണ്റ്റെ ലോകം,
ഞാനുറങ്ങിയ മുറി
എന്തിനാണ്‌ നിങ്ങള്‍
ഒരു മരണ മുറി പോലെയാക്കിയത്‌... ?

No comments:

Post a Comment