Wednesday, February 23, 2011

നിനക്കറിയില്ല കൂട്ടുകാരാ.. !!


അംഗന്‍ വാടിയില്‍
-------------------------

സ്ളേറ്റ്‌ പെന്‍സില്‍ ഒടിച്ചതിന്‌
സ്ളേറ്റ്‌ വെച്ച്‌
തലയ്ക്കടി മേടിച്ചവന്‍

എണ്റ്റെ സ്ളേറ്റ്‌ പൊട്ടിച്ചതിന്‌
സാറിണ്റ്റെ കയ്യീന്ന്‌
പിന്നേം മേടിച്ചവന്‍...

എല്‍. കെ ജിയില്‍
----------------------------

സ്കൂള്‍ ബെസ്സിണ്റ്റെ
സൈഡ്‌ സീറ്റ്‌
എനിക്ക്‌ പിടിച്ച്‌ തന്നിട്ട്‌
പെമ്പിള്ളെര്‍ക്കിടയില്‍ പോയി
ഒന്നും മിണ്ടാതെ ഇരുന്നവന്‍

ബെസ്സില്‍ പറയേണ്ടത്‌
പാത്തിരിപ്പ്‌ കളിച്ചപ്പോ
കൂട്ടിരുന്ന് പറഞ്ഞവന്‍...

യു പി സ്കൂളില്‍
------------------------------

വെള്ളയ്ക്ക വെച്ച്‌
ക്രിക്കറ്റ്‌ കളിക്കാന്‍ പഠിപ്പിച്ചവന്‍
ഞാനടിച്ച സിക്സ്‌
കണ്ണ്‌ കലക്കിയപ്പോള്‍
തുമ്പി കുത്തിയെന്ന്
സാറിനോട്‌ പറഞ്ഞിട്ട്‌
വീട്ടില്‍ പോകാതെ
വെളിയില്‍ കാത്തു നിന്നവന്‍...

മേത്തനോടുള്ള സ്നേഹം കൊണ്ട്‌
പാര്‍ഥസാരഥിയുടെ പ്രസാദം
എന്നും കൊണ്ടുത്തന്നവന്‍

ഏഴാം ക്ളാസ്സില്‍
------------------------------

ഒന്നാം ബെഞ്ചിലെ
പാവക്കുട്ടിയും ഞാനും
ലൈനാണെന്ന്
എന്നെ സന്തോഷിപ്പിച്ചവന്‍

ആദ്യമായി വരച്ച
ചുരിദാറിട്ട പെണ്ണിന്‌
'ലത്‌' ശെരിയായില്ലെന്ന്‌
പറഞ്ഞ്‌ പഠിപ്പിച്ചവന്‍,
പെണ്ണ്‌ വരയിലെ എണ്റ്റെ ഗുരു..!!

ചുരിദാറിണ്റ്റെ കാര്യത്തില്‍
ഇന്നിപ്പോ ശിഷ്യന്‍ കൊണം പിടിച്ചു;
വരയ്ക്കുന്നതിലല്ലെന്നു മാത്രം..!!!

പത്താം ക്ളാസ്സില്‍
------------------------------

വരപ്പിന്‌ പത്രത്തീ പടം വന്നപ്പോ
വെട്ടിയെടുത്ത്‌ സ്കൂളീ കൊണ്ടു വന്നവന്‍,

അന്നാണ്‌,
അവന്‍ പ്രേമിച്ച പെണ്ണ്‌
എന്നെ ഇഷ്ടമാണെന്ന്
അവള്‍ടെ കൂട്ടുകാരിയോട്‌ പറഞ്ഞത്‌.. !!!

പ്ളസ്‌ റ്റുവില്‍
------------------------------

ആദ്യമായി നോക്കി വരച്ച കാരിക്കേച്ചര്‍...
പ്രണയം തോന്നിയത്‌ ഒരു പെണ്ണിനോട്‌ തന്നെ....
രണ്ടു കാരണം കൊണ്ട് ‌
സൌഹൃദം നിഷേധിച്ചവന്‍...

(നിനക്കറിയില്ല,
ഇന്നും ഞാന്‍ വരയുന്ന
കാരിക്കേച്ചറിണ്റ്റെ ഭയം
നീ നിഷേധിച്ച സൌഹൃദമാണ്‌, കൂട്ടുകാരാ.. !!)

നിഷേധിച്ച സൌഹൃദം,
ഒരുപാടിരട്ടി മധുരത്തോടെ
തിരിച്ചു തന്നവന്‍
ഇപ്പോഴും,
അതിണ്റ്റെ കൂട്ടു പലിശ
തന്നു കൊണ്ടിരിക്കുന്നവന്‍

കോളേജില്‍
------------------------------

റാഗിങ്ങിനെതിരെ
ആത്മ രോഷംപങ്കു വെച്ചവന്‍...

ഒരിലച്ചോറില്‍, പത്തു കൈകള്‍

ഒന്നിച്ചു വീഴുമ്പോളും,
ഒരുരുളച്ചോറ്‌
എനിക്കായി കരുതിയവന്‍...

പ്രണയിച്ച പെണ്ണിണ്റ്റെ
പ്രണയത്തേക്കാള്‍ രുചിയോടെ
കെട്ടുവിടാന്‍
മോര്‌ വാങ്ങിത്തന്നവന്‍

രാത്രിയില്‍,
വീട്ടീക്കൊണ്ടു വിട്ടവന്‍,
പരിപ്പു വട ഷെയറ്‌ ചെയ്തവന്‍

കൂടെയിരുന്ന്
പുകയെടുത്തവന്‍

പെഴച്ച പെണ്ണീണ്റ്റെയും,
പെഴപ്പിച്ചതിണ്റ്റെയും കഥ പറഞ്ഞവന്‍
ബൈക്കില്‍,
ക്ളച്ചും, ഗിയറും തപ്പിയപ്പോള്‍
തോളത്ത്‌ പിടിച്ച്‌
മദ്യത്തെ നിയന്ത്രിച്ചവന്‍

'രേണുക' ഉറക്കെച്ചൊല്ലിച്ച്‌
തോളത്ത്‌ ചാരിക്കിടന്നവന്‍
'അടരുവാന്‍ വയ്യ' എന്നു ചൊല്ലിയതിന്‌
ഒരു പെഗ്ഗധികം തന്നവന്‍

ഞാന്‍ കരഞ്ഞപ്പോള്‍,
മഞ്ഞപ്പിത്തത്തിണ്റ്റെ ജാമ്യത്തില്‍ കുടിക്കാതിരുന്ന്‌
എണ്റ്റെ കരച്ചിലിനെ കളിയാക്കി കണ്ണ്‌ നിറച്ചവന്‍...

ട്രെയിന്‍ യാത്രയില്‍,
'അളിയാ' എന്നു വിളിച്ച്‌ കെട്ടിപ്പിടിച്ചവന്‍

ചെന്നൈ മെയിലില്‍,
ചിരിക്കാതെ കൈ വീശി
'ഡാ, ജൂണില്‍ കാണാം' എന്നു പറഞ്ഞ്‌ മനസ്സ്‌ നോവിച്ചവന്‍...

No comments:

Post a Comment