Thursday, March 24, 2011

ആ അകലം ഇന്നു ജീവിതത്തിലാദ്യമായി ഞാനറിയുന്നു

അമ്മുമ്മയുടെ ഖബറിടത്തില്‍ ഒന്നു പോകാന്‍ തോന്നുന്നു.
മരണത്തിനു മുമ്പും, മരിച്ചപ്പോഴും വിളിപ്പാടകലെ ഉണ്ടായിരുന്നെങ്കിലും, മരണത്തിനു ശേഷം ആ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കാതിരുന്നത്‌ എന്തുകൊണ്ടെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ, ആ അകലം ഇന്നു ജീവിതത്തിലാദ്യമായി ഞാനറിയുന്നു. ആദ്യമായി അമ്മുമ്മയെ ഓര്‍ത്ത്‌ ഞാനിന്ന് കരഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍, പലപ്പോഴും ഒരു ശത്രുവിണ്റ്റെ മുഖമായിരുന്നു. ഇപ്പോഴും ഓര്‍മ്മയുണ്ട്‌, എണ്റ്റെ സമപ്രായക്കാരായ ചേട്ടനും, അനിയനുമായി വഴക്കുണ്ടാക്കിയപ്പോള്‍ അത്‌ ചോദിക്കാന്‍ എണ്റ്റെ വീട്ടിണ്റ്റെ മുമ്പില്‍ വന്ന അമ്മുമ്മയുടെ മുഖം. പ്രൈമറി സ്കൂളില്‍ പഠിക്കുന്നവന്‌ അതിണ്റ്റെ ഗൌരവം അറിയില്ലായിരുന്നു, അന്ന്‌. സ്വന്തം ആണ്‍മക്കളുടെ മക്കളെ രണ്ടു തട്ടില്‍ കണ്ടതെന്തിനായിരുന്നു എന്ന് ആലോചിച്ചപ്പോഴൊക്കെ, ഏതോ അനാഥാലയത്തില്‍ നിന്നും കയറി വന്നവനാണ്‌ ഞാനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌;പിന്നീട്‌ പലപ്പോഴും.... 
പക്ഷേ, ഇടയ്ക്കിടെ എണ്റ്റെ സ്വപ്നങ്ങളില്‍ വന്നപ്പോഴൊക്കെ ചിരിക്കുന്ന മുഖത്തോടെയേ ഞാനെണ്റ്റെ അമ്മുമ്മയെ കണ്ടിട്ടുള്ളൂ. വല്ലാത്തൊരു വാത്സല്യമുണ്ടായിരുന്നു, ആ ചിരിയില്‍. ഒരുപക്ഷേ, എന്നെ സ്നേഹിക്കാന്‍ ബാക്കി വച്ചിരുന്ന നാളുകളിലെന്നോ ആയിരിക്കണം എല്ലാരോടും പിണങ്ങി മരണത്തോടൊപ്പം പോയത്‌..!! 
ഒന്നു കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നുന്നു. പഴയതു പോലെ അടയ്ക്ക വാങ്ങിക്കൊടുക്കാന്‍...എണ്റ്റെ സംസാരം കേട്ട്‌ ചിരിക്കുന്നതു കാണാന്‍.... 


.
അതെ, വീട്ടില്‍ പോകണം. ബാപ്പയെയും കൂട്ടി അമ്മുമ്മയുടെ അടുത്തൊന്നു പോകണം. അടുത്ത്‌ ഞാനൊന്നു പോയി നിന്നാല്‍ എണ്റ്റെ മനസ്സറിയാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നെ അറിയുമെന്നും....
ഓരോ മരണവും അവശേഷിപ്പിക്കുന്നത്‌, നിര്‍വചിക്കാനാകാത്ത ശൂന്യത മാത്രമാണ്‌.

1 comment:

  1. ഓരോ മരണവും അവശേഷിപ്പിക്കുന്നത്‌, നിര്‍വചിക്കാനാകാത്ത ശൂന്യത മാത്രമാണ്‌.

    ReplyDelete