Wednesday, March 30, 2011

ഒരു മഴ പെയ്തെങ്കില്‍ .......

പള്ളിപ്പറമ്പില്‍ കാട്‌ മൂടിക്കിടക്കുകയായിരുന്നു. ഇവിടെവിടെയോ ആണ്‌ അമ്മുമ്മയെ ഖബറടക്കിയിരിക്കുന്നത്‌.
പേരറിയാത്ത കാട്ടു ചെടികള്‍ക്കിടയിലെ തണുപ്പില്‍ , മരിച്ചവര്‍ , അവരുടെ ലോകത്ത്‌ ഒറ്റയ്ക്കൊറ്റയ്ക്ക്‌ കിടന്നു. എന്തൊക്കെയോ പറയാന്‍ ഓര്‍ത്തു വച്ചിരുന്നത്‌, ഖബറുകളുടെ മുകളില്‍ നിന്ന ഒരു കാട്ടു ചേമ്പിണ്റ്റെ ഇലയില്‍ തട്ടി താഴേക്ക്‌ തൂവിപ്പോയി. ആ ഖബറിന്നരികില്‍ , ബാപ്പയോടൊപ്പം നിന്ന്‌ എന്തു പറയണമെന്നറിയാതെ പതറുമ്പോള്‍ , ഒരു മഴ പെയ്തെങ്കില്‍ എന്നാഗ്രഹിച്ചു പോയി. ചെറുതായിട്ടൊന്നു ചാറിയെങ്കിലും, കണ്‍ തടങ്ങള്‍ക്കു പുറത്തേക്കൊരു പെയ്ത്തുണ്ടായില്ല... !!

വര്‍ഷങ്ങള്‍ക്കു മുമ്പ്‌, രണ്ടു മുറിയുള്ള ഒരോലക്കുടിലില്‍, ഒരുപാട്‌ കര്‍ക്കിടകം കണ്‍മുമ്പില്‍ പെയ്തു വീഴുന്നതു കണ്ട ഒരു നാലു വയസ്സുകാരണ്റ്റെ നിഷ്കളങ്കത എവിടെയോ ഓര്‍ത്തു പോകുന്നു. അന്നൊക്കെ, ബാപ്പ വാങ്ങി വരുന്ന തുണിയുടെ കവറുകള്‍ വച്ച്‌ ഓലയ്ക്കിടയിലെ കര്‍ക്കിടകത്തിണ്റ്റെ പൊട്ടിക്കരച്ചില്‍ തടയുവാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന ഒരുമ്മയുടെ മുഖവും, ആര്‍ത്തലയ്ക്കുന്ന മാനത്തിണ്റ്റെ കണ്ണീരിനെ കുടത്തിലാക്കി മുറ്റത്തെ കുത്തൊഴുക്കില്‍ കൂട്ടു ചേര്‍ക്കുന്ന ഒരേഴു വയസ്സുകാരിയുടെ മുഖവും നനഞ്ഞ കര്‍ക്കിടകത്തില്‍ ഇപ്പോഴും എനിക്കു കാണാം; ആ കര്‍ക്കിടകം ഇപ്പോഴെണ്റ്റെ കണ്ണുകളിലാണെങ്കിലും... !!!
-------------------------------------------------------------------------
മരണപ്പെടുന്നവര്‍ , അവരെത്ര പ്രിയപ്പെട്ടവരായാലും ഓര്‍മ്മകളില്‍ വീണ്ടും, വീണ്ടും മരിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണല്ലൊ, പച്ചയും, വയലറ്റും ഇലകള്‍ നിറഞ്ഞ വള്ളിപ്പടര്‍പ്പുകള്‍ ഓന്തിനും, അരണയ്ക്കും, പല്ലിയ്ക്കും, പാമ്പിനുമിടയില്‍ അവരെ ഒളിപ്പിച്ചു വയ്ക്കുന്നത്‌... !!!പള്ളിപ്പറമ്പിലെ വരണ്ട മണ്ണിനു മുകളില്‍ നില്‍ക്കുമ്പോഴും അടുക്കി വച്ച പലകകള്‍ ചിതല്‍ തിന്നു പോയിട്ടുണ്ടാകുമെന്നും, അതിനുള്ളില്‍ അടക്കം ചെയ്യപ്പെട്ടത്‌ എത്ര പ്രിയപ്പെട്ടവരായിരുന്നാലും അവരും മണ്ണോട്‌ ചേര്‍ന്നിട്ടുണ്ടാകുമെന്നും ഓര്‍ക്കാതിരിക്കുന്നത്‌ എന്തു കൊണ്ടാണ്‌... ??
മരണപ്പെടുന്നവര്‍ ബാക്കിയാക്കുന്നത്‌ ചില ഓര്‍മ്മകളും, ആരും വീണ്ടെടുക്കാനാഗ്രഹിക്കാത്ത ഒരു കട്ടിലുമാണ്‌. ഇവിടെ പക്ഷേ, എന്നോ മുറിച്ചു മാറ്റിയ ഒരു മൂക്കുത്തിയുടെ മുറിവ്‌ നോക്കാന്‍ കഴിയാത്ത വിധം തിളങ്ങുന്നു.

No comments:

Post a Comment