Tuesday, October 18, 2011

വിളിപ്പാടകലെ....

സുഹൃത്ത്, ഷാജു കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും വിളിച്ചു. ആരോ നാട്ടിലേക്ക് വരുന്നുണ്ട്, എന്തെങ്കിലും കൊടുത്തു വിടണോ എന്നു ചോദിച്ചിട്ട്.... ഒന്നും വേണ്ട, നിന്റെയീ ഒടുക്കത്തെ നെറ്റീന്നുള്ള വിളി ഒന്നവസാനിപ്പിച്ചാ മതീന്ന്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു. ഭാഗ്യത്തിന്‌ അവിടെ നെറ്റ്വര്‍‌ക്ക് പ്രോബ്ലം കാരണം അവന്‍ തന്നെ കട്ട് ചെയ്തു. ;)

ആഴ്ചയില്‍ കുറഞ്ഞത് നാലു തവണയെങ്കിലും വിളിക്കാറുള്ള കൂട്ടുകാരനെപ്പറ്റി ഇന്നു ഞാനോര്‍‌ത്തത് യാദൃശ്ചികമായി ഈ ഫോട്ടോ കണ്ടപ്പോഴാണ്‌.നാലു വര്‍‌ഷങ്ങള്‍ക്കു മുമ്പ്, വാക്കുകള്‍ പാലിക്കാന്‍ കഴിയാത്ത നിലയില്‍ തിരക്കുകള്‍ എന്നെ ചെറുതാക്കുന്നതിനും മുമ്പ് ആദ്യമായി ഗള്‍ഫിലേക്ക് പോയ ഷാജുവിനെ യാത്രയാക്കാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാര്‍‌ച്ചര്‍‌ ഗേറ്റിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ ക്യാമറയിലെവിടെയോ ഈ ഫോട്ടോ കയറിക്കൂടിയിരുന്നു.
പലരെയും യാത്രയാക്കാന്‍ പലതവണ പോയിട്ടുണ്ടെങ്കിലും, അവരൊക്കെ അനുഭവിക്കുന്ന വേദനയെപ്പറ്റി ആദ്യമായി ഞാനോര്‍‌ക്കുന്നത് ഇന്നീ ഫോട്ടോ കണ്ടപ്പോഴാണ്‌. ഒരു സുഹൃത്ത് പറയുകയുണ്ടായി, വിമാനം ഉയര്‍‌ന്നു പൊങ്ങുമ്പോള്‍ ചുറ്റിലും മറയുന്ന ഓരോ പച്ചപ്പും മരുഭൂമിയിലെ മണലിനോടുള്ള വെറുപ്പ് വല്ലാതെ കൂട്ടുന്നുവെന്ന്‌...!!! ആ പറച്ചിലാണ്‌ ഒരു പ്രവാസിയാകരുതെന്ന്‌ എന്നെക്കൊണ്ട് ചിന്തിപ്പിച്ചത്.
ഷാജുവും, മുനീറും, റെഫീക്കുമൊക്കെ ഡിപ്പാര്‍‌ച്ചര്‍‌ ഗേറ്റിനപ്പുറത്തു നിന്നും ഒന്നു തിരിഞ്ഞു നോക്കാതിരുന്നതെന്തു കൊണ്ടെന്നും ഞാനിപ്പോള്‍ തിരിച്ചറിയുകയാണ്‌.....
...............................................
കെട്ടിപ്പിടിച്ച്‌ തോള്‌ നനച്ചവര്‍‌ ഒരു വിളിപ്പാടകലെയുണ്ടെന്ന്‌ തോന്നിപ്പിക്കാന്‍ ടെക്നോളജിയ്ക്കു പോലും കഴിയാതെ പോകുന്നത് ...
അവരൊക്കെ എത്രമേല്‍ എന്റെ മനസ്സിനോട് ചേര്‍‌ന്നു നില്‍ക്കുന്നു എന്ന്‌ ആലോചിക്കുമ്പോള്‍ ......
ശരിയാണ്‌, ഓരോ പ്രവാസ ജീവിതവും ഓരോ പറിച്ചു നടലാണ്‌...

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രവാസ ജീവിതം (ജീവിതം എന്ന് പറയാമോ ആവോ..?) പറിച്ചു നടലല്ല
    മറിച്ച് അതൊരു പറിച്ചെറിയല്‍ മാത്രമാണ്
    ഉര്‍വരതയില്‍ നിന്നും ഊഷരതയിലെക്കുള്ള വലിച്ചെറിയല്‍
    ഒന്നും നട്ട് മുളപ്പിക്കാന്‍ പ്രവാസികള്‍ക്കാവില്ല
    കൂടണയാനുള്ള മോഹം അത്രമേല്‍ അവനെ സ്വപ്നജീവിയാക്കിയിരിക്കുന്നു
    ഏതോ ജനതയ്ക്ക് വേണ്ടി
    എന്നോ ഒരിക്കല്‍ ദൈവം നിക്ഷേപിച്ചതില്‍ നിന്നും
    കിട്ടുന്നതെടുത്തു സ്ഥലം കാലിയാക്കാന്‍ വെമ്പുന്ന മനസ്സുകള്‍ എവിടെ നട്ടാലും
    മുളക്കാതെ,തെളിയാതെ വാടിയ തളിരുകള്‍പോലെ ഭൂമി നോക്കി കരയും...........
    അവനെ അങ്ങോട്ട്‌ വലിച്ചെറിഞ്ഞത് എന്തിനായാലും

    താങ്കളുടെ പല കുറിപ്പുകളിലും ജീവന്റെ താളമുണ്ടെന്നു പറയാതെ വയ്യ
    തുടരുക .......ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. പ്രവാസത്തിന്റെ നിറപ്പകിട്ടുകള്‍ക്ക് കണ്ണീരുപ്പു രുചിക്കുന്നുവെന്നു പലരില്‍ നിന്നും അറിഞ്ഞതാണ്‌; അവരെയൊക്കെ അറിയാന്‍ വെറുതെ ശ്രമിച്ചു നോക്കിയപ്പോള്‍ ...
      അതൊക്കെക്കൊണ്ടാകും ഞാനുമൊരു പ്രവാസിയെന്നു പലരും തെറ്റിദ്ധരിച്ചത്.
      വായിച്ചതിനും , ഉള്‍ക്കൊണ്ടു എന്നു തോന്നിച്ചതിനും വെറുതെയെങ്കിലും നന്ദി....!!

      Delete
    2. 17 വര്‍ഷത്തെ പ്രവാസത്തിന്റെ തീ ചൂടില്‍ നിന്നാണ് എന്റെ വാക്കുകള്‍ ഞാന്‍ കോറിയിട്ടത്‌
      "ഉള്‍കൊണ്ടു എന്ന് തോന്നിച്ചതല്ല " അടുത്തറിഞ്ഞു എന്ന് അറിയിച്ചതാണ്
      നന്ദി വെറുതെ പറയേണ്ടതുമല്ല - ബോധ്യപ്പെട്ടാല്‍ മാത്രം നല്‍കേണ്ടതാണ്
      പിന്നെ പ്രവാസികള്‍ക്ക് ഒരിക്കലും ഒരു നന്ദി ആത്മാര്‍ഥമായി കിട്ടാറില്ല
      വെറുതെ കിടക്കട്ടെ എന്നരീതിയില്‍ ഒരു ശുക്രന്‍ /താങ്ക്സ്
      മനസ്സറിഞ്ഞ ഒരു നന്ദി നമുക്ക് കൈമോശം വന്നിട്ടെത്ര യോ കാലമായി

      Delete
    3. മനസ്സറിഞ്ഞൊരു നന്ദിയില്‍ അടുപ്പങ്ങളൊന്നും ഒതുങ്ങിപ്പോകരുത് എന്നതുകൊണ്ട്,
      നന്ദി പറയുന്നില്ല.
      ഉള്‍ക്കൊണ്ടതിന്‌ സ്നേഹം മാത്രം അറിയിക്കുന്നു....

      Delete