Tuesday, January 31, 2012

ഇനി അടുത്ത വര്‍ഷം...

മസ്ക്കറ്റിലെ ഒരു ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലിനോക്കുന്നതിനിടയില്‍ കിട്ടുന്ന ഇടവേളകളില്‍ കവിതകളെഴുതുന്ന ഫെയ്സ്ബുക്ക് സുഹൃത്തിനെ ആദ്യമായി കാണുന്നത് കഴിഞ്ഞ വര്‍ഷം എറണാകുളത്തു വച്ചാണ്‌. അന്നൊരുമിച്ച് ഡിന്നര്‍ കഴിച്ച് പിരിഞ്ഞതിനു ശേഷം രണ്ടു ദിവസം മുമ്പ്, രാത്രിയില്‍ ഒരു ഹോസ്പിറ്റല്‍ കേസ്സുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലേക്ക് സുഹൃത്തുക്കളുമൊന്നിച്ച് പോകുമ്പോള്‍ ചിറ്റുമൂല റെയില്‍വേ ഗേറ്റിന്റെ തുറന്നു കിടന്ന ക്രോസ്സ് ബാറിനപ്പുറം ഒരു കാറിലിരുന്ന്‌ സ്നേഹപൂര്‍വ്വം കവിളത്തു തട്ടി സംസാരിക്കുന്ന സമയത്താണ്‌ ഡോക്ടറുടെ ജാഡയൊന്നുമില്ലാത്ത ഒരു നല്ല സുഹൃത്തായി ഒരിക്കല്ക്കൂടി അദ്ദേഹത്തെ ഞാന്‍ കാണുന്നത്.
തിരക്കിലായിരുന്നു, അപ്പോള്‍ ഞാന്‍ . ഹോസ്പിറ്റലില്‍ നിന്നും ഫോണിലേക്ക് ഓര്‍മ്മപ്പെടുത്തലുകള്‍ വന്നുകൊണ്ടേയിരുന്നു. 
പിറ്റേന്ന്‌, ഞങ്ങളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട് പ്രകാശേട്ടന്റെ വിവാഹത്തിന്‌ വീണ്ടും ഞങ്ങളൊന്നിച്ചു. പതിവുപോലെ ഏറ്റവും വൈകി അവിടെച്ചെന്നത് ഞാനായിരുന്നു. :) 




വിവാഹവും ഊണുമൊക്കെ കഴിഞ്ഞ് മറ്റൊരു സുഹൃത്തായ ജയേഷേട്ടന്റെ നാടിന്റെ ഇടവഴികളില്‍ക്കൂടി കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ നിരാശയും , അനാഥമായ വള്ളവും കണ്ട്, പൊള്ളിച്ച വെയിലും കൊണ്ട് ബൈക്കില്‍ ഡോക്ടറോടൊപ്പം പോകുമ്പോള്‍ കോളേജിലെ കൂട്ടുകാര്‍ ... ശ്രീജിത്തും അഖിലേഷും കിണ്ണനും ലിനുവുമൊക്കെ വീട്ടില്‍ വരുന്ന ഒരു പെരുന്നാളിന്റെ മൂഡിലായിരുന്നു ഞാന്‍ . ഫെയ്സ്ബുക്കിലെത്തന്നെ സജീവ സാന്നിദ്ധ്യമായ മുബാറക്കിന്റെ പുത്തന്‍ ഓട്ടോയില്‍ കയറി സുനിലേട്ടനും ഡോക്ടര്‍ക്കുമൊപ്പം ശാസ്താംകോട്ടയ്ക്കു പോയി, വള്ളത്തില്‍ കായല്ക്കാറ്റുകൊണ്ട്, അമ്പലക്കുരങ്ങുകളോട് വഴക്കുണ്ടാക്കി ഡോക്ടര്‍ക്ക് റൂമെടുത്ത് കൊടുത്ത് പിരിയുമ്പോള്‍ കെട്ടിപ്പിടിച്ച് അദ്ദേഹം യാത്ര പറഞ്ഞു; അടുത്ത വര്‍ഷം കാണാമെന്നു വാക്കു പറഞ്ഞു.
കോളേജിലെ അവസാന ദിവസം ,
വിട്ടകലുന്ന സൌഹൃദങ്ങളിലാരൊക്കെയോ അബോധമായ മനസ്സിലേക്ക് ചേര്‍ന്നു നിന്ന്‌ കെട്ടിപ്പിടിച്ച്‌ യാത്ര പറഞ്ഞതു പോലെ....!!!

ഇന്നലെ വിളിച്ചു പോവ്വാണെന്നു പറഞ്ഞപ്പോള്‍ , തിരുവനന്തപുരം റീജ്യണല്‍ ക്യാന്സര്‍ സെന്ററിന്റെ മുറ്റത്തൊരു മരത്തണലില്‍ ഒരുപാട് കുഞ്ഞു ജീവനുകള്‍ മാസ്ക്ക് ധരിച്ച്‌ മുമ്പില്ക്കൂടി കടന്നു പോകുന്നുണ്ടായിരുന്നു. അവരുടെ നിഷ്ക്കളങ്കമായ നോട്ടം നേരിടാനാകാതെ അവിടിരിക്കുമ്പോള്‍ 'take care...' എന്നു മാത്രമേ ഡോക്ടറോട് ഫോണില്‍ക്കൂടി ഞാന്‍ പറഞ്ഞുള്ളൂ. 
താത്കാലികമെങ്കിലും വേര്‍പാട് വേദനപ്പെടുത്തല്‍ തന്നെയാണെന്ന്‌ ആ തണല്മരവും പറഞ്ഞതു പോലെ....!!!

2 comments:

  1. താത്കാലികമെങ്കിലും വേര്‍പാട് വേദനപ്പെടുത്തല്‍ തന്നെയാണെന്ന്‌ .......


    പറയാനുണ്ടോ..... നമ്മളൊക്കെ അതല്ലേ അനുഭവിക്കുന്നത്...നാടും വീടും വിട്ടു......

    ReplyDelete
  2. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളല്ലേ ജീവിതത്തെ ഇങ്ങനെയൊക്കെ മുമ്പോട്ട് നടത്തിക്കുന്നത്.....
    കാണാം എന്ന വാക്ക്..... :)

    ReplyDelete