Friday, February 3, 2012

ഒന്നു ലൈക്കുകപോലും ചെയ്യാതിരുന്നവര്‍ക്ക് മനസ്സു നിറഞ്ഞ നന്ദി.

മൂന്നു ദിവസം കൊണ്ട് ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കാം ?
മൂന്നു ദിവസമല്ല, 

മൂന്നു സെക്കന്റ് കൊണ്ടാണ്‌ മാറ്റങ്ങള്‍ സംഭവിക്കുന്നത്. 
അത്രയ്ക്ക്‌ സങ്കീര്‍ണ്ണമാണ്‌ ജീവിതം .
-------------------------------------------------------------------------------
ജനുവരി 31, 10:20 pm : കൂട്ടുകാരോടൊപ്പം കാപ്പി കുടി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ്‌ വീടിനടുത്തുള്ള ജങ്ഷനിലെ ആല കത്തുന്നതു കണ്ടത്. അതിനടുത്ത് താമസിക്കുന്ന ഒരു കൂട്ടുകാരന്‍ ഒറ്റയ്ക്കു നിന്ന്‌ അവനെക്കൊണ്ട് ആകുന്നതുപോലെ വെള്ളമൊഴിക്കുന്നു. കൂടെ ഞങ്ങളും കൂടി. തീ ഏകദേശം അടങ്ങിയപ്പോഴേക്കും ആളു കൂടി.
കഴിഞ്ഞ ഒരാഴ്ചയായി തര്‍ക്കങ്ങളില്‍ക്കൂടി എനിക്കേറ്റവും പ്രിയപ്പെട്ടതായിത്തീര്‍ന്ന ഒരു സുഹൃത്തുണ്ട്. കുറേ ദൂരെപ്പഠിക്കുന്ന ഒരു നല്ല കൂട്ടുകാരി. കാപ്പി കുടിക്കാന്‍ പോയപ്പോഴും തിരികെ വരുമ്പോഴും അവളോടെനിക്ക് ഇന്ന്‌ അത്യാവശ്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന്‌ ഞാന്‍ കൂട്ടുകാരെ ഓര്‍മ്മപ്പെടുത്തിയിരുന്നു.
ഒരിടത്ത് തീ കെട്ടടങ്ങി, പോലീസും ഫയര്‍ ഫോഴ്സും വരുമ്പോള്‍ ...
പോലീസ് ജീപ്പിന്റെ ഹോണിനും ഫയര്‍ ഫോഴ്സിന്റെ അലാറത്തിനും ചെവികൊടുക്കാതെ എന്റെ ജീവിതത്തിലേക്ക്...ഇപ്പോഴല്ല, രണ്ടു വര്‍ഷങ്ങള്ക്കുള്ളില്‍ വരുന്നോ നീ എന്നവളോട് ഞാന്‍ ചോദിച്ചു.
എനിക്കു നിന്നെ ഇഷ്ടമാണ്‌. ഈ തുറന്ന ചോദ്യം കൂടി ആയപ്പോള്‍ ആ ഇഷ്ടം കൂടുകയും ചെയ്തു. പക്ഷേ, നമുക്കു കൂട്ടുകാരായി തുടരാം എന്നവള്‍ മറുപടി തന്നു.
അന്നത്തെ രാത്രിയില്‍ മുഴുവന്‍ രണ്ട്‌ മൊബൈല്‍ ഫോണുകളുടെ അകലത്തില്‍ അവളുടെ സൌഹൃദവും എന്റെ നിരാശയും പരസ്പരം പൊരുത്തപ്പെട്ടു നിന്നു, 3.45-ന്‌ അവളുറങ്ങുന്നതു വരെ. ജീവിതത്തിലാദ്യമാണ്‌ എനിക്ക് ഇത്തരത്തിലൊരു നിഷേധം . ഉള്ളതു പറയാല്ലോ, അന്നുറങ്ങിയത് ഒരു മണിക്കൂറാണ്‌. 5 മുതല്‍ 6 വരെ...!!!ഫെബ്രുവരി 1: തലേന്നു രാത്രിയില്‍ തന്നെ ഞാന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു; അവളു പോയെടാ കോപ്പെ എന്ന്‌....
നിഷേധിക്കപ്പെട്ട പ്രണയവും നഷ്ടപ്പെട്ട ഉറക്കവും ഒരു നിരാശാ കാമുകന്റെ സര്‍വ്വ ലക്ഷണവും അപ്പോഴെനിക്ക് നല്‍കിക്കഴിഞ്ഞിരുന്നു.
കൂട്ടുകാരുടെ മനസ്സിലാക്കല്‍ നമ്മള്‍ തിരിച്ചറിയുന്നത്, നമ്മുടെ മൌനത്തിന്റെ അര്‍ഥം ചിലപ്പോഴൊക്കെ അവര്‍ കണ്ടെത്തുമ്പോഴാണ്‌. എത്ര മാത്രം ഇഷ്ടം എനിക്കവളോട് ഉണ്ടെന്ന്‌ അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ്‌, എന്തിനും ഏതിനും കളിയാക്കുന്ന എന്റെ ഈ 'നിരാശാ കാമുക' അവസ്ഥയില്‍ അവരും നിശ്ശബ്ദരായത്. ഫെബ്രുവരി 2 : മാനസ്സികമായി വല്ലാത്ത പിരിമുറുക്കം . മനസ്സിലെവിടെയോ ചേര്‍ത്തു വച്ച, നഷ്ടപ്പെടുന്നെങ്കില്‍ അതിപ്പോഴാകട്ടെ എനു കരുതി ഞാന്‍ തുറന്നു പറഞ്ഞ പ്രണയം വളരെ നിസ്സാരമായി അകന്നു പോയതിന്റെ ശൂന്യത വല്ലാതെ നിറഞ്ഞു നില്‍ക്കുന്നു. അപ്പോഴാണ്‌ ഉമ്മയും അനിയത്തിയും ഹോസ്പിറ്റലില്‍ പോകാനിറങ്ങിയത്. ഉമ്മയ്ക്കു നല്ല സുഖമില്ല. പന്തളത്ത് രണ്ടു ഹോസ്പിറ്റലുകളില്‍ കയറിയെങ്കിലും രണ്ടിടത്തും ഡോക്ടര്‍മാരില്ല. അവിടെ നിന്നും കരുനാഗപ്പള്ളിയ്ക്കു പോവ്വാണെന്ന്‌ അനിയത്തി വിളിച്ചു പറഞ്ഞു. എന്തെന്നറിയില്ല, ടെന്‍ഷന്‍ വല്ലാതെ കൂടി. 
വൈകുന്നേരം അനിയത്തിയെ പലതവണ ഞാന്‍ വിളിച്ചു. അവള്‍ പറഞ്ഞു; ഉമ്മ ഇപ്പോ അടുത്തുണ്ട്. ഉമ്മ കേള്‍ക്കാന്‍ പാടില്ലാന്നു ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ബസ്സില്‍ കയറിയിട്ട് വിളിക്കാം .
അല്പം കൂടി കഴിഞ്ഞ് എന്റെ തുടര്‍ച്ചയായ വിളികള്‍ക്ക് അവള്‍ മറുപടി തന്നു. മൈക്രോബയോളജി കഴിഞ്ഞ കുട്ടി എന്ന നിലയില്‍ അവളോട് രഹസ്യമായി ഡോക്ടര്‍ പറഞ്ഞെന്ന്‌; ഉമ്മയ്ക്ക് ക്യാന്‍സറാകാന്‍ സാധ്യതയുണ്ട്. ഒരുപാട് വൈകിയിരിക്കുന്നു. എത്രയും പെട്ടെന്ന്‌ ചില ടെസ്റ്റുകള്‍ നടത്തണം .
ജീവിതത്തിലെ ഏറ്റവും കൂടുതല്‍ ടെന്ഷനടിച്ച നിമിഷങ്ങള്‍ . വീടിനടുത്തെത്തുമ്പോ എന്നെ വിളിയ്ക്ക്, ഞാന്‍ വന്നു കൂട്ടിക്കോളാം രണ്ടാളെയും എന്ന്‌ അനിയത്തിയോട് ഞാന്‍ പറഞ്ഞു. സ്വരം പതറുന്നത് അവളറിയാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്.  
വീട്ടില്‍ ഉമ്മയെ കൊണ്ടിറക്കി തൊട്ടടുത്തു താമസിക്കുന്ന ഇത്തയുടെ വീട്ടിലേക്ക് വന്നിറങ്ങുമ്പോള്‍ റിസള്‍ട്ട് സൂക്ഷിക്കാന്‍ പറഞ്ഞു കൊണ്ട് അനിയത്തി പൊട്ടിക്കരഞ്ഞു. അവളോട് ജീവിതത്തില്‍ എനിക്കേറ്റവും ഇഷ്ടവും ബഹുമാനവും തോന്നിയ മണിക്കൂറുകളാണ്‌ കഴിഞ്ഞു പോയത്. ഉള്ള്‌ പൊടിയുമ്പോഴും ഉമ്മയുടെ മുമ്പില്‍ അവള്‍ വളരെ bold ആയി നിന്നു. പൊട്ടിക്കരയുന്ന രണ്ട് പെങ്ങന്മാര്‍ക്ക് മുഖം കൊടുക്കാതെ ഞാന്‍ മുകളിലെ എന്റെ റൂമിലേക്ക് വന്നു. ലൈറ്റിടാതെ അവിടിരുന്നു. ആണ്‍കുട്ടി ആയിപ്പോയതു കൊണ്ടാകും , ശബ്ദം പുറത്തു വരാതെ അവിടിരുന്ന്‌ ഞാന്‍ പൊട്ടിക്കരഞ്ഞു. കൂട്ടുകാര്‍ റൂമില്‍ വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് അവിടിരുന്ന്‌ കരയുകയായിരുന്നു. ആത്മസൌഹൃദങ്ങളെ തിരിച്ചറിഞ്ഞത് അവമ്മാരും കണ്ണു തുടയ്ക്കുന്നത് കണ്ടപ്പോഴാണ്‌. അതിനു മുമ്പ് എന്റെ പ്രണയം നിഷേധിച്ച, എനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ പലതവണ ഞാന്‍ വിളിച്ചു. ഒരിക്കല്‍പ്പോലും മറുപടി ഉണ്ടായില്ല. മെസ്സേജുകളൊന്നും അവള്‍ കണ്ടില്ല.
കൂട്ടുകാര്‍ വന്നിട്ട് എന്നെ ഈ അവസ്ഥയില്‍ കാണാന്‍ കഴിയാഞ്ഞിട്ടാകും , അവരിറങ്ങിപ്പോയി. അപ്പോള്‍ കൂട്ടുകാരി വിളിച്ചു. കരയുകയാണെന്ന് അവള്‍ മനസ്സിലാക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ട് ഞാന്‍ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞു. അവളപ്പോള്‍ വിളിച്ചിരുന്നില്ലെങ്കില്‍ , എനിക്ക് ധൈര്യം തന്നിരുന്നില്ലെങ്കില്‍ ഞാന്‍ എന്തായേനെ എന്നെനിക്കിപ്പോഴും അറിയില്ല. കെട്ടിപ്പിടിക്ചു കരഞ്ഞ അനിയത്തിയെ ഞാന്‍ ആശ്വസിപ്പിച്ചു. വഴക്ക് പറഞ്ഞു. രാവിലെ ഹോസ്പിറ്റലില്‍ പോയി ചെക്കപ്പ് നടത്താനുള്ള തീരുമാനത്തില്‍ രാത്രിയില്‍ കിടന്നു. പലതവണ ഉറക്കം ഞെട്ടി.  
 ഫെബ്രുവരി 2 : രാവിലെ ഉമ്മയെകൂട്ടി ലാബില്‍ പോയി. ടെസ്റ്റുകള്‍ ചെയ്തു. അതിന്റെ റിസള്‍ട്ടും വാങ്ങി കൊല്ലത്തെ ലാബില്‍ പോയി. ഉമ്മയുടെ മുഖം എപ്പോഴും നിര്‍വികാരമായിരുന്നു. കൊല്ലത്ത് ലാബില്‍ ഡോക്ടര്‍ ലീവാണെന്നറിഞ്ഞ് തിരികെ വന്നു. വൈകിട്ട് അനിയത്തിയും ഞാനും കൂടി ബൈക്കില്‍ ഡോക്ടറെപ്പോയി കണ്ട് റിസള്‍ ട്ട് കാണിക്ചു. ഇതില്‍ വല്യകുഴപ്പമൊന്നും കാണുന്നില്ല, എന്തായാലും നാളത്തെ ടെസ്റ്റ് കൂടി കഴിയട്ടെ എന്ന്‌ ഡോക്ടര്‍ പറഞ്ഞു. ആ ഒരൊറ്റ വാക്കില്‍ മനസ്സിലെ പാതി ഭാരം കുറഞ്ഞു.


ഫെബ്രുവരി 3: രാവിലെ കൊല്ലത്ത് ലാബില്‍ പോയി. ടെസ്റ്റ് നടത്തി. വൈകിട്ട് കൂട്ടുകാരനൊപ്പം പോയി റിസള്‍ട്ട് വാങ്ങി. ഡോക്ടറെക്കണ്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഡോക്ടര്‍ പറഞ്ഞു. "ടെസ്റ്റ് ചെയ്തപ്പോള്‍ മാത്രമേയുള്ളൂ. പേടിക്കാനൊന്നുമില്ല. ക്യാന്സര്‍ അല്ല. എന്തായാലും ഡോക്ടറെ കാണിച്ച് അസുഖം എന്തെന്നു കണ്ടെത്തി ട്രീറ്റ്മെന്റ് ചെയ്യിക്കണം ."

ആരുടെയൊക്കെയോ പ്രാര്‍ഥനകള്‍ ....
ആരുമല്ലാതായിപ്പോകുമെന്നു കരുതിയവളുടെ പിന്തുണ.....

ഇതൊക്കെയായിരിക്കാം തളര്‍ത്താതിരുന്നത്. ആയിരിക്കാം എന്നല്ല, 
ആണ്‌.....

------------------------------------------------
മുമ്പ് ഞാന്‍ ഫെയ്സ്ബുക്കിനെപ്പറ്റി പറഞ്ഞിരുന്നു; രണ്ട് കമ്പ്യൂട്ടറുകളുടെ അകലം മാത്രമേ നമുക്കിടയിലുള്ളൂ എന്ന്‌. അത് ഞാന്‍ തിരുത്തുന്നു. അതിനൊക്കെയപ്പുറം ഒരുപാടകലം നമുക്കൊക്കെ ഇടയിലുണ്ട്.
അല്ലെങ്കില്‍ 
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ഭ്രാന്ത് പിടിച്ച മാനസ്സികാവസ്ഥയില്‍ ഞാനിവിടെ പറഞ്ഞ വാക്കുകള്‍ ഒരാളെങ്കിലും ഉള്‍ക്കൊണ്ടേനെ. ഒന്നു ലൈക്കുകപോലും ചെയ്യാതിരുന്നവര്‍ക്ക് മനസ്സു നിറഞ്ഞ നന്ദി....
ഒന്നു കൂടി, മനസ്സിനു തീ പിടിക്കുമ്പോള്‍ ഇവിടെ ഒന്നും മിണ്ടരുത്. ഈ മുഖപുസ്തകം ജീവിതത്തിന്റെ ചില നേരുകള്‍ക്കു നേരെ പരിഹാസത്തിന്റെ നോട്ടമാണ്‌ സമ്മാനിക്കുക. 

തിരിച്ചറിയപ്പെടാതെ പോകുന്ന ചില മനസ്സുകളെപ്പോലെ.....

4 comments:

 1. മുജീബ് - ഫേസ് ബുക്കില്‍ വീഴുന്ന ലൈകും കമന്റും നോക്കി ആത്മബന്ധങ്ങളുടെ ആഴം അളക്കരുത്‌ .... മനസ്സിന് തീ പിടിച്ചു നീ പോസ്റ്റുന്ന ദിവസങ്ങളില്‍ ഫേസ് ബുക്കില്‍ കയറാത്തവര്‍, കയറിയാലും നിന്‍റെ പ്രൊഫൈല്‍ നോക്കാത്തവര്‍ ...അവരൊക്കെ നിന്നെ തിരിച്ചറിയുന്നില്ല എന്നാണോ ,,..? ഇനി, പോയ പോക്കില്‍ വെറുതെ ഒരു ലൈക് അടിച്ചവര്‍ എല്ലാം നിന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആണെന്നാണോ ...? ഇത്തരം മാനസിക സംഘര്‍ഷം ഉള്ളപ്പോള്‍ ഫേസ്ബുക്ക്‌ പോലെ ഒരു നേരംകൊല്ലി ഏര്‍പ്പാടില്‍ നിനക്കെങ്ങനെ പോസ്ടിട്ടു കളിക്കാന്‍ തോന്നി എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു ..... വായിച്ചതില്‍ നിന്നും മനസ്സിലാക്കിയത് അമ്മയേം കൊണ്ട് അനിയത്തി ആശുപത്രിയില്‍ പോകുമ്പോള്‍ നീ വീട്ടില്‍ വെറുതെ കുത്തിയിരിക്കുന്നു എന്നാണ് .... അടച്ചിട്ട മുറിയില്‍ ലൈറ്റ് ഇടാതെ കരഞ്ഞല്ല ആണത്വം കാട്ടേണ്ടത്‌ ....എന്തുകൊണ്ട് അമ്മയ്ക്കൊപ്പം നീ ആശുപത്രിയില്‍ പോയില്ല ..... ഇത്രയും മാനസിക സംഘര്‍ഷം ഉള്ളപ്പോഴും ഇങ്ങനെ അക്കമിട്ടു എഴുതാന്‍ കാണിച്ച 'നിഷ്കളങ്കതയെ' വല്ലാതെ അഭിനന്ദിക്കുന്നു ...... കുറച്ച് കൂടി യാഥാര്‍ത്യ ബോധത്തില്‍ ജീവിക്കാന്‍ ശീലിക്കൂ അനിയാ ...!!!

  ReplyDelete
 2. ലൈക്ക് ചെയ്യാതിരുന്നവരോട് എന്റെ സ്നേഹം അറിയിക്കുകയാണ്‌ ഞാനിവിടെ ചെയ്തത്. ഫെയ്സ്ബുക്ക് വെറുമൊരു നേരം കൊല്ലി ഏര്‍പ്പാടായി എനിക്കിതു വരെ തോന്നിയിട്ടില്ല. ലൈക്കും കമന്റും നോക്കി ആത്മാര്‍ഥത അളക്കല്‍ എന്റെ നിലപാടല്ല.
  വീട്ടിലിരുന്ന്‌ നീറുന്ന സാഹചര്യം ഒഴിവാക്കാന്‍ ഞാനും ആശുപത്രിയില്‍ പോകുമായിരുന്നു. പക്ഷേ, ആ സാഹചര്യം ഒഴിവാക്കിയത് അമ്മ തന്നെയാണ്‌. ഒരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുമ്പോള്‍ എന്തിനാണ്‌ മകന്‍ കൂടെയെന്ന നിസ്സ്വാര്‍ഥ ചിന്തയാകാം കാരണം .
  മാനസ്സിക സംഘര്‍ഷം അക്കമിട്ടു നിരത്താന്‍ കാണിച്ച 'നിഷ്ക്കളങ്കത' കൂടെപ്പിറന്ന നിഷേധ സ്വഭാവത്തിന്റെ ബാക്കിയാണ്‌. ഉരുകിത്തീരുമെന്നു തോന്നിയിടത്തു നിന്നും തിരിച്ചു കയറിയതിന്റെ പറഞ്ഞറിയിക്കാനാകാത്ത ഒരു ധൈര്യം . ആ ധൈര്യമില്ലായിരുന്നെങ്കില്‍ , ഈ പരിസരത്തുപോലും ഇപ്പോഴും വരണമെന്നു കരുതിയതല്ല. അങ്ങനെ വരില്ലായിരുന്നു.
  പ്രതികരിച്ചതിന്‌ നന്ദി...!!!

  ReplyDelete
 3. ഞാനടക്കം നിന്നോട് കരുതല്‍ ഉള്ള , ലൈക് ചെയ്യാത്തവരോട് കാണിച്ച 'സ്നേഹം' മനസ്സിലായത്‌ കൊണ്ടാണ് പ്രതികരിച്ചത് ..:)
  ഫേസ് ബുക്ക്‌ ഒരുപാട് നല്ല ബന്ധങ്ങള്‍ നല്‍കുന്നുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയാത്ത കാര്യമാണ് ..... ഫേസ് ബുക്ക്‌ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം ... പക്ഷെ നമ്മുടെ ജീവിതം ഫേസ് ബുക്കിന്റെ ഭാഗമാക്കരുത് ....... പ്രത്യേകിച്ച് വ്യക്തിപരമായ വിഷമങ്ങള്‍ക്കൊന്നും ഒരു ആഘോഷത്തിന്റെ പരിവേഷം ഇല്ലാത്തപ്പോള്‍ അത്തരം പോസ്റ്റിലേക്ക് വരാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ല ...... നീ തന്നെ മുന്‍പ് പറഞ്ഞിട്ടുള്ള വാചകം ഓര്‍മ്മിപ്പിക്കുന്നു " DON'T SHARE YOUR SORROW BECAUSE THERE IS NO MARKET FOR IT"

  ReplyDelete