Sunday, March 25, 2012

പെയ്തൊഴിഞ്ഞ ഓര്‍മ്മകള്‍ ....

രണ്ടു വര്‍ഷം മുമ്പ്, ശൂരനാട് സ്കൂളില്‍ നടന്ന ഒരു കാര്‍ട്ടൂണ്‍ ക്യാമ്പില്‍ ക്ലാസ്സെടുക്കാന്‍ വന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബ്ലോഗറുമായ ശ്രീ. സജ്ജീവ് ബാലകൃഷ്ണനെ യാത്രയാക്കാന്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ്‌ കാറില്‍ വച്ച് ബ്ലോഗിങ്ങിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.
പ്ലസ്റ്റുക്കാലത്തെ ജീവിതം അണക്കെട്ടുകളിലെ കൂട്ടൊഴുക്കിലും , 'തറവാട്' എന്നു വിളിപ്പേരുള്ള സ്കൂളിനു പിന്നിലെ തടിയന്‍ പ്ലാവിന്റെ ചോട്ടിലും , അമ്പലപ്പറമ്പുകളിലെ ക്രിക്കറ്റ് മത്സരങ്ങളിലും പകുത്തു വയ്ക്കുമ്പോള്‍ അക്ഷരം കാണാത്ത ഫിസിക്സിന്റെയും , സുവോളജിയുടെയും നോട്ടുബുക്കുകളുടെ പരാതി തീര്‍ക്കാനായിരുന്നു എന്തൊക്കെയോ കുത്തിക്കുറിച്ചു വച്ചത്.
ചുമ്മാ എന്തെങ്കിലുമൊക്കെ വരച്ചു വച്ചിട്ട് കാണിച്ചു കൊടുക്കുമ്പോള്‍ വളരെ മനോഹരമായി അതിനൊക്കെ അടിക്കുറിപ്പെഴുതുന്ന ഒരു സുഹൃത്തുണ്ടായിരുന്നു, അന്നു കൂടെ. രജീഷ് പള്ളിയ്ക്കല്‍ . ജീവിതത്തെയും , പ്രണയത്തെയും , നിരാശയെയുമൊക്കെ അക്ഷരങ്ങളില്‍ വരച്ചു വയ്ക്കുന്നതെങ്ങനെ എന്നെനിക്കു കാണിച്ചു തന്നത് അവനായിരുന്നു. പിന്നീട് കണ്ടപ്പോഴേക്കും ഏതോ പോളിടെക്നിക്കിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു ബുദ്ധി ജീവിയായി, നാട്ടില്‍ അടിയും വഴക്കുമൊക്കെയുണ്ടാക്കി, കള്ളും കുടിച്ചു നടക്കുന്ന കവിതയെഴുത്തോ വായനയോ പോലുമില്ലാത്ത ഒരു വെറും രജീഷായിരുന്നു അവന്‍ .ഇപ്പോഴിങ്ങനെ വല്ലപ്പോഴും മാത്രം ഓര്‍ക്കുന്ന ഒരു സുഹൃത്തായി അവനും ....!!!

കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും സജ്ജീവ് സാറിനെ വണ്ടി കയറ്റിവിട്ടു തിരികെ വരുമ്പോള്‍ ഒരു ബ്ലോഗ് തുടങ്ങുന്നതിനെപ്പറ്റിയായിരുന്നു ചിന്ത. അന്നുരാത്രിയിലെപ്പോഴോ അതൊരു വാശിയായി തലയില്‍ കയറി. അപ്പോത്തന്നെ ബ്ലോഗും create ചെയ്തു.
ഞാന്‍ അങ്ങനെയാണ്‌, ചില വാശികള്‍ വച്ചു നീട്ടാനുള്ളതല്ല എന്നു വിശ്വസിക്കുന്നു. ഇപ്പോഴും അതിലെ ശരിയും തെറ്റും അറിയില്ലെങ്കില്പ്പോലും .;)

എന്താകും , എങ്ങനെയാകും എന്നൊന്നും കൃത്യമായി അറിയില്ലാത്തതുകൊണ്ട് ബ്ലോഗിന്‌ title ചോദിച്ചപ്പോള്‍ 'mozhiyumvarayum' എന്നു പറഞ്ഞു കൊടുത്തു.
രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിതം ഒരുപാടു മാറിപ്പോയി. പ്രണയവും , നിഷേധിക്കപ്പെടലുകളും എന്തൊക്കെയോ എഴുതി വയ്പ്പിച്ചു. അതൊക്കെ ബ്ലോഗില്‍ പോസ്റ്റു ചെയ്തു. വായിച്ചവരുടെ നല്ല വാക്കുകള്‍ വീണ്ടും എഴുതിപ്പിച്ചു.

ഒരിക്കല്‍ സൌദിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. അച്ഛനോടൊപ്പം കത്തിപ്പോയെ മാവിന്റെ വായനയില്‍ കരഞ്ഞു കൊണ്ട് ഒരു സുഹൃത്ത് വിളിച്ചു.
മറ്റൊരു സുഹൃത്തിന്റെ 'മുജീബേ' എന്ന ഒരൊറ്റ വിളിയില്‍ അര്‍ബുദം കൊത്തിയ ഒരമ്മയുടെ ഗര്‍ഭാശയത്തിന്റെ പുകച്ചിലില്‍ കുറേനാള്‍ ഞാന്‍ നീറി.
ആണോ പെണ്ണോ എന്നുറപ്പില്ലാത്ത ഒരു ഫെയ്സ്ബുക്ക് ഐ ഡിയില്‍ നിന്നും എന്റെ എഴുത്തുകളില്ക്കൂടി എന്നോട് പ്രണയമാണെന്നു പറഞ്ഞു, ഒരു കൂട്ടുകാരി.(??) ചിലതൊക്കെ വായിച്ചിട്ട് പലരും ചോദിച്ചു, ഏതാണാ പെണ്‍കുട്ടി എന്ന്‌...

അവകാശവാദങ്ങളൊന്നുമില്ല, എങ്കിലും ....
ചിലരുടെയൊക്കെ കണ്ണു നിറഞ്ഞു എന്ന പറച്ചില്‍ ....
അവരുടെ നെഞ്ചിലെ പിടച്ചിലിന്റെ പങ്കു വയ്പ്പ് ജീവിതാനുഭവങ്ങള്‍ എത്ര കയ്പ്പുള്ളതാണെങ്കിലും നേരിടാനുള്ള ഊര്‍ജ്ജമാകുന്നു.
വെയിലും മഴയും പലരൂപത്തില്‍ എനിക്കു ചുറ്റും കടന്നു പോയതു കൊണ്ട്
രണ്ടു വര്‍ഷം മുമ്പ് നല്‍കിയ title ഒന്നു മാറ്റുകയാണ്‌.www.mozhiyumvarayum.blogspot.com എന്നത് എനിക്കു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കൊണ്ട്www.peythozhinjath.blogspot.in എന്നായിരിക്കും ഇനി മുതല്‍ .

ഇത്രനാളും കൂട്ടിരുന്നതു പോലെ ഇനിയുമുണ്ടാകണം ....
 

2 comments:

 1. ഈ എട്ടുകാലി വലയിൽ നിന്നു രക്ഷപ്പെടാനുള്ള വഴി കൂടി പറഞ്ഞു താ...!

  ReplyDelete
  Replies
  1. തത്കാലം രക്ഷയില്ല.
   ഈ എട്ടുകാലി വല, ഓര്‍മ്മകള്‍ കൊണ്ടു നെയ്തതാണ്‌; നെയ്യുന്നതാണ്‌....

   Delete