Friday, March 30, 2012

ജപ്തി




നനഞ്ഞ ഉച്ചയില്‍
ഒരു കുടക്കീഴില്‍
ഇനിയും തോരാത്ത മരങ്ങള്‍ക്കു കീഴെ
ഓര്‍മ്മകള്‍ക്കൊപ്പം നടന്നവര്‍ നമ്മള്‍

മാര്‍ച്ച് മാസത്തിലെ
പരീക്ഷാ ദിവസങ്ങളില്‍
ബാങ്ക് ലോണിന്റെ പേപ്പറില്‍
വിറങ്ങലിച്ച് ഞാനും ,
പരീക്ഷാച്ചൂടിന്റെ പുകച്ചിലില്‍
എന്നെ മറന്ന്‌ നീയും ...

ഈ അവധിക്കാലത്ത്
പോപ് കോണിന്റെയും ,
മള്‍ട്ടിപ്ലക്സിന്റെയും
ഫോര്‍ച്യൂണറിന്റെയും വിശേഷങ്ങള്‍
നീയെന്നോട് പങ്കു വയ്ക്കുമ്പോള്‍
ക്ഷമിക്കണം കൂട്ടുകാരീ,

ഉറക്കത്തിലൊരു നോട്ടീസെന്റെ ഞെട്ടലാകുമ്പോള്‍
പെങ്ങളുടെ നനഞ്ഞ കണ്ണുകളെന്റെ നീറ്റലാകുമ്പോള്‍
കൂസലില്ലാതെ ബാപ്പയെന്റെ വെറുപ്പാകുമ്പോള്‍
സൌഹൃദമെന്നോ,
പ്രണയമെന്നോ വിളിക്കാനാകാത്ത
നിന്റെയീ സ്വാതന്ത്ര്യത്തെ കാണാനെനിക്കു കഴിയില്ല

അപ്പുറത്ത്
പ്രണയിച്ച തെറ്റിന്‌ കണ്ണുനിറഞ്ഞ്
എന്റുമ്മയുണ്ട്,
ബാപ്പയോട് കലഹമില്ലാതെ...

No comments:

Post a Comment