Tuesday, June 25, 2013

അശ്വതി..

മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ് അക്കാര്യം ദൈവം മാലാഖമാരോട് പറഞ്ഞു. ദൈവത്തിന്റെ തീരുമാനത്തെ മാലാഖമാര്‍ എതിര്‍ത്തു. അവര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. 
തിന്നാനല്ലാതെ കൊല്ലുകയും , നേടാനല്ലാതെ നശിപ്പിക്കുകയും , സ്നേഹത്തോടല്ലാതെ ഭോഗിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിനെക്കുറിച്ചുള്ള ആശങ്കകള്‍ .

ദൈവം മറുപടി കൊടുത്തു:
"മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്കു നാം ചിന്തിക്കാനുള്ള കഴിവു കൊടുക്കും . അതു കൊണ്ടു തന്നെ അവര്‍ മോശപ്പെട്ടാല്‍ അതൊരു ചാവാലിപ്പട്ടിയേക്കാള്‍ മോശമായിരിക്കും . നന്നായാലോ, നിങ്ങളേക്കാള്‍ നല്ലവരായിരിക്കും ..!!"
അങ്ങനെ നല്ലതിനെയും , ചീത്തയെയും തിരിച്ചറിയാനുള്ള ബുദ്ധിയോടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
-------------------------------------
മോശപ്പെടുന്ന കാര്യത്തില്‍ ദൈവത്തിന്റെ കണക്കു കൂട്ടലുകളെയും , മാലാഖമാരുടെ ആശങ്കകളെയും അസ്ഥാനത്താക്കി , നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തില്‍ പോലും മനുഷ്യന്റെ കാമവെറിയുടെ അടയാളങ്ങള്‍ കണ്ടെത്തി. (ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും രണ്ടുവയസ്സുള്ള കുഞ്ഞ് പോലും 'മാറു മറച്ചേ പുറത്തിറങ്ങാവൂ' എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍ ...!!)
--------------------------------------
കഴിഞ്ഞ ആഴ്ചയിലെ വനിതയില്‍ തിരുവനന്തപുരത്തുകാരി അശ്വതിയെപ്പറ്റി വായിച്ചു. മെഡിക്കല്‍ റെപ്പായി ജോലി ചെയ്തു കിട്ടുന്ന വിഹിതത്തില്‍ നിന്നും തെരുവിലലയുന്ന കുറേ മനുഷ്യര്‍ക്ക് ഭക്ഷണപ്പൊതിയെത്തിച്ചു കൊടുക്കുന്ന ആ പെണ്‍കുട്ടിയെപ്പറ്റി വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. 

അശ്വതി...
ആഹാരം വച്ച് പൊതികെട്ടിക്കൊടുക്കുന്ന അശ്വതിയുടെ അമ്മ, അമ്മുമ്മ...
തെരുവിലെ പരിചയമില്ലാത്ത ആത്മാക്കളുടെ വിശപ്പു മാറ്റാന്‍ വിഹിതം നല്‍കുന്ന അശ്വതിയുടെ അനിയത്തി...

ദൈവം അന്നു മാലാഖമാരോട് പറഞ്ഞത് ശരിയാണ്‌.
"അവര്‍ നല്ലവരായാല്‍ നിങ്ങളേക്കാള്‍ (മാലാഖമാരേക്കാള്‍ ) നല്ലവരായിരിക്കും ...!!!"

2 comments: