Tuesday, September 15, 2015

"അളിയാ..."

"ഡാ, ബൈക്കില്‍ പോകുമ്പോ ഒന്നു പതുക്കെയൊക്കെ പോ.
ഇന്നലെ രണ്ടു പയ്യമ്മാരാ ഒരുമിച്ചു മരിച്ചത്...."
ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണ്‌.
പക്ഷേ,
കേട്ടിട്ടും കണ്ടിട്ടും മരണങ്ങളോ അപകടങ്ങളോ ഒരു ഭയവും ഉണ്ടാക്കിയിട്ടില്ല. കൂടെയാരെങ്കിലുമുണ്ടെങ്കില്‍ വലിയ സ്പീഡിന്‌ വണ്ടിയോടിക്കാറുമില്ല.

പക്ഷേ,

"ഡാ, ഉരുണ്ടു വീണാല്‍ മുട്ടിലെ തൊലി പൊട്ടും " എന്ന നിസ്സാരപ്പെട്ട ഓര്‍മ്മപ്പെടുത്തലില്‍ ഉള്ളിലെവിടെയോ ഡെറ്റോളിന്റെ മണമുയരും .
ഓര്‍മ്മകളിലെവിടെയോ,
ഒരു സൈക്കിള്‍ ബെല്ല്‌ നിര്‍ത്താതെ ചിരിക്കും .
ശൂരനാട്‌ സ്കൂളിനു മുമ്പിലെ നെല്ലിമരം ഓര്‍മ്മകളെ നിര്‍ത്താതെ കുടഞ്ഞിടും .
മറവിയിലെവിടെയോ ഒരു കൈ വന്നു തോളില്‍ പിടിക്കും .

"അളിയാ..." എന്നൊരു വിളിയില്‍ പത്തു പതിനന്ചു വര്‍ഷങ്ങള്‍ മാഞ്ഞു മറഞ്ഞു പോകും ...!!!

No comments:

Post a Comment