Tuesday, September 15, 2015

ഒരോർമ്മതൻ ക്രൂരമാം സൗഹൃദം...

രൂപേഷിനെക്കുറിച്ച്‌ വായിക്കുമ്പോൾ,
ചുള്ളിക്കാടിനെ ഓർമ്മ വരും.
'മാപ്പുസാക്ഷി' ചൊല്ലാൻ തോന്നും.
"അതൊന്നു ചൊല്ലെടാ" എന്നു പറഞ്ഞ്‌,
കോളേജിനു മുമ്പിലെ കുളക്കരയിൽ കൂടെ വന്നിരിക്കാറുള്ള രഞ്ചിയെ ഓർക്കും.
ആ ഓർമ്മകൾ,
അവനു പ്രിയപ്പെട്ട അയ്യപ്പണ്ണനിലേക്കുള്ള വഴി വെട്ടും.
ആ വഴി നടന്നും, കിതച്ചും
പിന്നെ നടക്കാതെയും
അയ്യപ്പനുറങ്ങുന്ന തൈക്കാട്‌ ശ്മശാനത്തിലെത്തി നിൽക്കും.
പിന്നെ, ഓർമ്മകൾ നിശ്ശബ്ദമാകും.
ആ നിശ്ശബ്ദതയിലെവിടെയോ ഞാനറിയും...
അതെ....
അവിടെയാണിപ്പോൾ രഞ്ചിയും....!!!
അങ്ങനെ,
മാവോയിസ്റ്റെന്ന ഒറ്റവാക്ക്‌, രവിവർമ്മക്കോളേജ്‌ കാലത്തിന്റെ വസന്തമോർമ്മിപ്പിച്ച്‌,
തൈക്കാട്‌ ശ്മശാനത്തിന്റെ ബഹളം നിറഞ്ഞ നിശ്ശബ്ദതയിൽ വന്നു നിൽക്കും.
ആരും കേൾക്കാനില്ലാതെ ഞാനാ കവിത ചൊല്ലും.

'ജോസഫ്‌....
ഒരോർമ്മതൻ ക്രൂരമാം സൗഹൃദം...
ശ്വാസനാളം കീറുമന്ധ വേഗങ്ങളിൽ ,
കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളിൽ
നിന്റെ
നക്ഷത്രമുദിക്കുന്നു പിന്നെയും ....!!!'

No comments:

Post a Comment