Thursday, January 21, 2016

അങ്ങനെയൊരിക്കൽ...

മറന്നു തുടങ്ങുമ്പോ ഇടയ്ക്കിടെ വിളിച്ച്‌, 'നിന്റെ ഭൂതകാലത്തിലെവിടെയോ ഞാനുണ്ടായിരുന്നു' എന്നോർമ്മപ്പെടുത്തുന്ന ഒരു കാലമുണ്ടായിരുന്നു.
അങ്ങനെയൊരിക്കൽ,
അവളെയൊന്നു കാണണമെന്നു തോന്നി.
എറണാകുളത്തു നിന്നും ശൂരനാട്ടേക്കുള്ള യാത്രയിൽ,
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലിറങ്ങി.
തോളത്തൊരു ബാഗും, അതിനുള്ളിൽ അവളെക്കൂടി ചേർത്തു ഞാനെഴുതിയ സ്ക്രിപ്റ്റും, കയ്യിൽ കുടിച്ചതിന്റെ ബാക്കി പെപ്സിയും, മാതൃഭൂമിയുടെയും മാദ്ധ്യമത്തിന്റെയും പുതിയ ലക്കം ആഴ്ചപ്പതിപ്പുകളുമായി,
യാത്രാക്ഷീണം കൊണ്ട്‌ പറന്നു കിടന്ന, ഷാംപൂ പുരണ്ട്‌ ചെമ്പിച്ചു പോയ മുടിയുമായി ഞാനവളെ കാത്തുനിന്നു.
'ഹോസ്റ്റലിലാണ്‌, ഇറങ്ങാൻ പറ്റില്ല' എന്നവൾ.
'നിന്നെ കാണാൻ വന്നതാണ്‌, കണ്ടേ പോകൂ' എന്ന് ഞാൻ.
ഒടുവിൽ,
ആരോടൊക്കെയോ എന്തൊക്കെയോ കള്ളം പറഞ്ഞ്‌ അവൾ വന്നു. മൂന്നോ, നാലോ മിനിട്ട്‌ സംസാരിച്ചു. ബാഗിനുള്ളിൽ കൊടുക്കാനൊരു കാർഡുണ്ടായിരുന്നു. അത്‌ കൊടുക്കാൻ തോളത്തൂന്നു ബാഗെടുക്കുമ്പോ, കയ്യിലിരുന്ന ആഴ്ചപ്പതിപ്പുകളും, പെപ്സിയും അവൾടെ കയ്യിൽ കൊടുത്തു.
"ഇതെനിക്കു വേണം" എന്നു പറഞ്ഞ്‌ പെപ്സി അവളെടുത്തു.
'കുടിച്ച ബാക്കിയാണ്‌, വേറൊന്നു വാങ്ങിത്തരാം' എന്നു പറഞ്ഞിട്ട്‌ കേട്ടില്ല.
തിരികെ നോക്കി,
മടിച്ചു മടിച്ച്‌ അവളു പോയി. റെയിൽപ്പാളം കടന്നു പോകുമ്പോ,
അവളെന്നെത്തന്നെ നോക്കി. അവൾ നടക്കുന്ന വഴിയ്ക്ക്‌ ട്രെയിൻ വരുന്നുണ്ടോ എന്ന് ഞാനും.
വിഷാദമായിരുന്നു,
രണ്ടു പേരുടേം മുഖത്ത്‌.
അന്നു വൈകിട്ട്‌ അവൾ വിളിച്ചു.
"നീയെന്താ ഒരുമാതിരി ജാഡ...??"
'ങേ...?? ഞാനോ...??!'
"ഉം...
നിന്റെയൊരു ഹെയർ സ്റ്റെയിലും, ജാഡയും...."
ഒന്നും മറുത്തു പറഞ്ഞില്ല;
പറയാൻ തോന്നിയില്ല.
എത്ര അടുപ്പമുണ്ടായിരുന്നു എന്നതിലല്ല,
എന്ത്‌ മുൻവിധികളിലാണ്‌ നമ്മളൊരാളിലേക്ക്‌ നടന്നടുക്കുന്നത്‌ എന്നതിലാണു കാര്യം. ആ മുൻവിധികളിലാണ്‌ മറ്റൊരാളിന്റെ ജാഡയെയും, അഹങ്കാരത്തെയും നമ്മളളക്കുന്നത്‌.
ആ മുൻവിധികളിൽത്തന്നെയാണ്‌ മറ്റൊരാളിന്റെ emotions നമുക്കു മനസ്സിലാകാതെ പോകുന്നത്‌...!!!

ആരോ,
എവിടെയോ പറഞ്ഞു വച്ചതു പോലെ
'നിന്റെ വഴിയാണിത്‌;
നിന്റെ മാത്രം വഴി.
മറ്റുള്ളവർ നിനക്കൊപ്പം നടന്നേക്കാം. 
പക്ഷേ,
ആരും നിനക്കു വേണ്ടിയല്ല നടക്കുന്നത്‌...!!!'

1 comment: